ഹജ്ജ് : സര്‍ക്കാര്‍ ക്വാട്ടയിലുള്ളവര്‍ക്ക് അവസരം നഷ്ടമാകില്ല

Posted on: June 21, 2013 12:25 am | Last updated: June 21, 2013 at 12:25 am
SHARE

hajjകൊണ്ടോട്ടി : സഊദി ഭരണകൂടം വിദേശ രാജ്യങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള 20 ശതമാനം ഹാജിമാരെ ഒഴിവാക്കുന്നത് സ്വകാര്യ ഹജ്ജ് സംഘങ്ങളില്‍ നിന്നാക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വിദേശകാര്യ വകുപ്പും തത്വത്തില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ ക്വാട്ടയില്‍ അവസരം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണിത്. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കും.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,70,128 പേരാണ് ഹജ്ജിന് പുറപ്പെടുന്നത്. ഇതില്‍ 45,000 പേര്‍ സ്വകാര്യ സംഘങ്ങള്‍ മുഖേനയുള്ള ഹാജിമാരാണ്. മൊത്തം ഹാജിമാരില്‍ നിന്ന് 20 ശതമാനം ഹാജിമാരെ ഒഴിവാക്കുമ്പോള്‍ 34,025 പേര്‍ക്കാണ് അവസരം നഷ്ടമാകുന്നത്.
അതേസമയം ഹജ്ജിനപേക്ഷിച്ച സ്ത്രീയുടെ മഹ്‌റം മരിക്കുകയോ അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മാറ്റിവെക്കേണ്ട അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ അത്തരം സ്ത്രീകള്‍ക്ക് ഹജ്ജ് നഷ്ടപ്പെടാതിരിക്കുന്നതിനു മഹ്‌റം നിബന്ധനയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇളവു വരുത്തി. മഹ്‌റമില്ലാതായ സ്ത്രീക്ക് മഹ്‌റമായ വ്യക്തി മറ്റേതെങ്കിലും കവറിലുള്‍പ്പെട്ട് ഹജ്ജിനവസരം ലഭിച്ചിട്ടുണ്ടങ്കില്‍ ഇവരെ പ്രസ്തുത കവറിലുള്‍പ്പെട്ടവര്‍ക്കൊപ്പം യാത്ര പുറപ്പെടാന്‍ അനുവദിക്കുന്നതാണ്. ഇതേവരെ മഹ്‌റം ഇല്ലാതാവുന്നതോടെ സ്ത്രീയുടെയും യാത്ര മുടങ്ങുമായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി എടുത്ത തീരുമാനം കേരളത്തില്‍ നിന്നുള്ള പത്ത് സ്ത്രീകള്‍ക്ക് ഗുണകരമായി.