ഉത്തരേന്ത്യയില്‍ പ്രളയം:മരണം ആയിരം കവിഞ്ഞേക്കും

Posted on: June 21, 2013 12:20 am | Last updated: June 21, 2013 at 12:23 pm
SHARE
  • 90 റസ്റ്റ് ഹൗസുകള്‍ ഒലിച്ചുപോയി 
  • നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപതിച്ചു
  • രക്ഷാപ്രവര്‍ത്തനത്തിന് 10,000 സൈനികര്‍, 26 ഹെലിക്കോപ്റ്ററുകള്‍

Flood (7)ഡെറാഡൂണ്‍/ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞേക്കും. 182 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപതിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള 90 റസ്റ്റ് ഹൗസുകള്‍(ധര്‍മശാലകള്‍) വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ആയിരക്കണക്കിന് പേരെ കാണാതായിട്ടുണ്ട്. ഏറെക്കുറെ ഒറ്റപ്പെട്ട കേദാര്‍നാഥിലേക്ക് ആകാശമാര്‍ഗം മാത്രമേ എത്താന്‍ കഴിയൂ എന്ന നിലയിലാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം യാത്രയിലുണ്ടായിരുന്ന തീര്‍ഥാടകരാണ് ഏറെയും മരണമടഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിന് പതിനായിരം സൈനികര്‍ രംഗത്തുണ്ട്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ 150 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഹിമാലയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലെത്തിയവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിവരശേഖരണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മരണം ആയിരം കവിഞ്ഞേക്കുമെന്നാണ് തീര്‍ഥാടന കേന്ദ്രങ്ങള്‍ പറയുന്നത്. തിരിച്ചറിയാത്ത ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേദാര്‍നാഥിലും ബദരിനാഥിലുമുള്ള ക്ഷേത്രട്രസ്റ്റുകളുടെ ചെയര്‍മാന്‍ ഗണേശ് ഗോദിയാല്‍ പറയുന്നു. കാണാതായവരുടെ ബന്ധുക്കള്‍ സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണില്‍ തങ്ങളുടെ ഉറ്റവരെയും കാത്തിരിക്കുകയാണ്.
നദികള്‍ക്ക് സമീപമുള്ള കെട്ടിടങ്ങളെല്ലാം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകര്‍ന്നു. ചിലയിടങ്ങളില്‍ കനത്ത മണ്ണിടിച്ചിലുമുണ്ടായി. റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം മിക്കയിടത്തും മുടങ്ങിക്കിടക്കുകയാണ്. 65,000ത്തോളം പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കേദാര്‍നാഥില്‍ തീര്‍ഥാടകര്‍ താമസിച്ചിരുന്ന 90 റസ്റ്റ്ഹൗസുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഇവിടെ താമസിച്ചിരുന്ന ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന ദുരന്തനിവാരണ സേനയും അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ 26 ഹെലിക്കോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ നേരിയ തോതില്‍ മെച്ചപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശില്‍ നിന്നുമായി അറുന്നൂറോളം വിനോദസഞ്ചാരികളെ ഇന്നലെ രക്ഷപ്പെടുത്തി. തീര്‍ഥാടന കേന്ദ്രമായ ഹേംകുണ്ട് സാഹിബിലേക്ക് പോകവെ കേദാര്‍നാഥ്, ഗോവിന്ദ്കുണ്ട് എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ 15,000 ത്തോളം പേരെ രക്ഷപ്പെടുത്തി ജോഷിമഠിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായത്. ദുരന്തത്തിന്റെ ആഴം വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. പ്രളയത്തില്‍ കനത്ത ദുരിതമുണ്ടായ പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയുമെത്താനായിട്ടില്ല. ഇതിനിടെ 23 മുതല്‍ വീണ്ടും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കും.