രാഷ്ട്രത്തിനെതിരെ ഗൂഢാലോചന; കേസ് സുപ്രീംകോടതിക്ക് വിട്ടു

Posted on: June 20, 2013 9:09 pm | Last updated: June 20, 2013 at 9:09 pm
SHARE

അബുദാബി: രാജ്യ സുരക്ഷക്കു ഭീഷണിയാകുന്ന രീതിയില്‍ ഗൂഢാലോചന നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സംഘത്തിലെ 30 പേരുടെ കേസ് പ്രോസിക്യൂഷന്‍ സുപ്രീം കോടതിക്ക് കൈമാറി. ഈജിപ്തുകാരും സ്വദേശികളുമടങ്ങുന്നതാണ് ഈ സംഘം.
തീവ്രവാദ നിലപാടുകളുള്ളതും ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുമായ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) എന്ന സംഘടന രാജ്യത്ത് ശാഖ രൂപവത്കരിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. സംഘടന രൂപവത്കരിക്കാന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാതെയും അനുമതി ലഭിക്കാതെയുമാണ് ഇവര്‍ ശാഖ രൂപവത്കരിച്ചത്.
സംഘടിത രൂപത്തില്‍ വ്യവസ്ഥാപിതമായി രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാവുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തീര്‍ത്തും നിയമവിരുദ്ധമായി സംഭാവനകള്‍ സ്വീകരിച്ചും സകാത്തുകളും മറ്റും കൈപ്പറ്റിയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തികാടിത്തറയുണ്ടാക്കി.
മാതൃ സംഘടനയായ ഈജിപ്തിലെ ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട് പുതിയ സന്ദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഇവര്‍ക്കു കീഴില്‍ ഒരു മീഡിയ കമ്മിറ്റിയും രൂപവത്കരിച്ചു. ഈ കമ്മിറ്റി മുഖേന സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുതിയ പദ്ധതികളും ഇവര്‍ അംഗങ്ങളിലേക്ക് കൈമാറിക്കൊണ്ടിരുന്നു. സംഘത്തില്‍ അംഗങ്ങളായ ചിലര്‍ ജോലി ചെയ്യുന്ന ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു പ്രധാന വകുപ്പിന്റെ സുരക്ഷിതമായിരിക്കേണ്ട ചില വിവരങ്ങള്‍ ചോര്‍ത്തുകയുണ്ടായി. അനധികൃത സംഘം ചേരലുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും അടങ്ങിയ വിവരങ്ങളാണ് ഇവര്‍ ഫഌഷ് മെമ്മറിയില്‍ കോപ്പി ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
ഈ വര്‍ഷം ആദ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം വരുന്ന ആളുകളെ രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ പേരില്‍ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ സ്വദേശികളും ഈജിപ്തുകാരുമുണ്ട്. ഇവരില്‍ നിന്നും 30 പേരെ കുറിച്ചുള്ള തീര്‍പ്പിനാണ് പ്രോസിക്യൂഷന്‍ സുപ്രീം കോടതിക്ക് വിട്ടിരിക്കുന്നത്.
ആഗോള തലത്തില്‍ തീവ്രവാദ സംഘമായി അറിയപ്പെടുന്ന ഈ സംഘടനക്ക് വേരോട്ടമുള്ള മറ്റൊരു രാജ്യം ഖത്തറാണ്. ഈയിടെ അബുദാബിയില്‍ നടന്ന അറബ് എഴുത്തുകാരുടെ സമ്മേളനം ഈ സംഘടനക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനു മാത്രം ഊന്നല്‍ നല്‍കുന്ന ഇസ്‌ലാമിനെ പഠിക്കാത്ത ഒരു വൈകാരിക സംഘമാണിതെന്നും ഇതിന്റെ സ്ഥാപകരില്‍ അറിയപ്പെട്ട ഒരു പണ്ഡിതനുമില്ലെന്നത് ഇതിന്റെ തെളിവാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടിരുന്നു.