ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്: താഹിതിയുടെ വല നിറയ്ക്കാന്‍ സ്‌പെയ്ന്‍

Posted on: June 20, 2013 8:08 am | Last updated: June 21, 2013 at 12:06 am
SHARE

confederationറിയോ ഡി ജനീറോ: താഹിതിയുടെ വലയില്‍ സ്‌പെയിന്‍ ഇന്ന് എത്ര ഗോളുകള്‍ അടിച്ചു കയറ്റും ? ചുരുങ്ങിയത് പത്തെണ്ണമെങ്കിലും പ്രതീക്ഷിക്കാം. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ദുര്‍ബല കണ്ണികളായ താഹിതിയെ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ നൈജീരിയ 6-1നാണ് തകര്‍ത്തത്. ടിക്കി-ടാക്ക ഗെയിം കാഴ്ചവെക്കുന്ന വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ നിരയില്‍ നിന്ന് ദയ പ്രതീക്ഷിക്കേണ്ടതില്ല.
ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച സ്‌പെയിന്‍ ഇന്ന് റെക്കോര്‍ഡ് ജയത്തോടെ സെമി ബെര്‍ത് ഉറപ്പാക്കിയേക്കും. എണ്‍പത് വര്‍ഷം മുമ്പ് 13-0ന് ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാണ് സ്‌പെയിനിന്റെ റെക്കോര്‍ഡ് ജയം. താഹിതിയുടെ റെക്കോര്‍ഡ് പരാജയം ന്യൂസിലാന്‍ഡിനോട് എതിരില്ലാത്ത പത്ത് ഗോളുകള്‍ക്കാണ്. അതേ സമയം, സ്‌പെയിന്‍ 10-0ന് ജയിക്കാന്‍ ശ്രമിക്കില്ലെന്ന് താഹിതി കോച്ച് എഡി എറ്റേറ്റ അഭിപ്രായപ്പെട്ടു. അവര്‍ ചെറിയ ടീമുകളെ ബഹുമാനിക്കുന്നവരാണ്. താഹിതി റെക്കോര്‍ഡ് തോല്‍വിയേല്‍ക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കോച്ച് പറഞ്ഞു. സ്‌പെയിന്‍ ആദ്യമായിട്ടാണ് സീനിയര്‍ ഫുട്‌ബോളില്‍ താഹിതിയെ നേരിടാന്‍ പോകുന്നത്. 2009 അണ്ടര്‍ 20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് 8-0നാണ് സ്‌പെയിന്‍ തകര്‍ത്തത്. ടൂര്‍ണമെന്റില്‍ ജയവും പോയിന്റുമില്ലാതെ താഹിതി 21 ഗോളുകള്‍ വഴങ്ങിയാണ് മടങ്ങിയത്. അന്ന് കളിച്ച ജോര്‍ഡി അല്‍ബ, സെസാര്‍ എന്നിവര്‍ ഇന്ന് സീനിയര്‍ ടീമിലുണ്ട്. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ വലിയ പരാജയം ബ്രസീല്‍ 8-2ന് സഊദി അറേബ്യയെ (1999) തകര്‍ത്തതാണ്. 1997 ല്‍ ബ്രസീല്‍ 6-0ന് ആസ്‌ത്രേലിയെ തോല്‍പ്പിച്ചത് രണ്ടാമത്തെ വലിയ ജയം. ബ്രസീലിന്റെ റെക്കോര്‍ഡ് ജയങ്ങള്‍ സ്‌പെയിന്‍ ഇന്ന് കാറ്റില്‍പ്പറത്തുമോ ?
ആദ്യമായി നൈജീരിയ-ഉറുഗ്വെ
ലോകഫുട്‌ബോളില്‍ സീനിയര്‍ തലത്തില്‍ നൈജീരിയ-ഉറുഗ്വെ മത്സരം നടന്നിട്ടില്ല. ഇന്ന് ഇവര്‍ ആദ്യമായി ഏറ്റുമുട്ടും. അവസാന 18 മത്സരങ്ങളില്‍ നൈജീരിയ തോറ്റിട്ടില്ല. 2012 മെയില്‍ പെറുവിനോട് 1-0ന് തോറ്റതാണ് അവസാനത്തേത്. ഉറുഗ്വെയുടെ റെക്കോര്‍ഡ് മികച്ചതല്ല. അവസാന പതിനൊന്ന് കളികളില്‍ ജയിച്ചത് മൂന്നെണ്ണം. ലൂയിസ് സുവാരസിന്റെ ഗോളടി മികവിലാണ് ഉറുഗ്വെ പ്രതീക്ഷയര്‍പ്പിക്കുന്നത്.
 സ്‌പെയിന്‍-താഹിതി (രാത്രി 12.30ന്)
 നൈജീരിയ-ഉറുഗ്വെ (വെള്ളി പുലര്‍ച്ചെ 3.30ന്)