Connect with us

Sports

യുവത്വം വിടാതെ സ്‌പെയിന്‍

Published

|

Last Updated

ജറുസലെം: യൂറോപ്യന്‍ ഫുട്‌ബോളിലെ യുവരാജാക്കന്‍മാര്‍ സ്‌പെയിന്‍ തന്നെ. ഇസ്രാഈലിലെ ജറുസലെമില്‍ നടന്ന അണ്ടര്‍ 21 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറ്റലിയെ 2-4ന് കീഴടക്കി സ്‌പെയിന്‍ കിരീടം നിലനിര്‍ത്തി. ഇതവരുടെ നാലാമത്തെ കിരീടജയമാണ്. കഴിഞ്ഞ വര്‍ഷം യൂറോ കപ്പ് ഫൈനലിലും ഇറ്റലി-സ്‌പെയിന്‍ സീനിയര്‍ പോരാട്ടമായിരുന്നു. അന്ന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇറ്റലി പരാജയപ്പെട്ടത്.
ക്യാപ്റ്റന്‍ തിയാഗോ അല്‍കന്റാരയുടെ ഹാട്രിക്കാണ് സ്‌പെയിന് ജയമൊരുക്കിയത്. നാലാം ഗോള്‍ ഇസ്‌കോ നേടി. സിറോ ഇമ്മോബിലും ഫാബിയോ ബോറിനിയും ഇറ്റലിയുടെ ഗോളുകള്‍ നേടി. ആറാം മിനുട്ടില്‍ ഹെഡ്ഡറിലൂടെയാണ് തിയാഗോ സ്‌പെയിന് ലീഡ് നേടിയത്. മുപ്പത്തൊന്നാം മിനുട്ടില്‍ ക്ലോസ് റേഞ്ചിലൂടെയും മുപ്പത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും ബാഴ്‌സയുടെ യുവ പ്ലേ മേക്കര്‍ ഹാട്രിക്ക് തികച്ചു. ജെനോവ സ്‌ട്രൈക്കര്‍ സിറോയിലൂടെ ഇറ്റലി മൂന്ന് മിനുട്ടിനുള്ളില്‍ 1-1ന് സമനില പിടിച്ചപ്പോള്‍ സ്‌പെയിന്‍ ഞെട്ടി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയയാണ് സ്‌പെയിന്‍ വല കാത്തത്. ടൂര്‍ണമെന്റില്‍ ഫൈനലിലാണ് ഡി ഗിയ ആദ്യ ഗോള്‍ വഴങ്ങിയത്. സ്‌പെയിന്റെ ആദ്യ ഗോള്‍ മനോഹരമായിരുന്നു. ബോക്‌സിന്റെ ഇടത് ഭാഗത്ത് ഇസ്‌കോയും റയലിന്റെ താരം അല്‍വാരോ മൊറാട്ടയും പന്ത് കൈമാറി വന്നപ്പോള്‍ ഇറ്റാലിയന്‍ പ്രതിരോധത്തില്‍ ഉലച്ചില്‍ തട്ടി.
ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടിയ മൊറാട്ട ബൈലൈനില്‍ നിന്ന് തൊടുത്ത ക്രോസ് പാസ് തിയാഗോ ഒഴിഞ്ഞ വലയിലേക്ക് അനായാസം ഹെഡ് ചെയ്തു. മൂന്ന് മിനുട്ടിനുള്ളില്‍ ഇറ്റലിയുടെ സമനില ഗോള്‍. മാറ്റിയോ ബിയാന്‍ചെറ്റിയുടെ ലോംഗ് പാസ് മനോഹരമായി വരുതിയിലാക്കിയ സിറോ ഗോളി ഡേവിഡിന്റെ തലക്ക് മുകളിലൂടെ വലയിലെത്തിച്ചു.
പതിനാറാം മിനുട്ടില്‍ ഇറ്റാലിയന്‍ പ്രതിരോധത്തിനുള്ളിലൂടെ മൊറാട്ട തൊടുത്ത ഷോട്ട് ഗോളി ഫ്രാന്‍സെസ്‌കോ ബര്‍ഡി ബ്ലോക്ക് ചെയ്തു. മറുഭാഗത്ത് ഡേവിഡ്, ബോറിനിയുടെ ഷോട്ടും തടുത്ത് ഫൈനലിനെ ആവേശകരമാക്കി. പെരുമക്കൊത്ത പ്രതിരോധ മികവില്ലാതെ പോയതാണ് ഇറ്റലി വഴങ്ങിയ രണ്ടാം ഗോള്‍. ക്യാപ്റ്റന്‍ ലുക കാല്‍ഡിറോള വരുത്തിയ പിഴവാണ് തിയഗോയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
മുപ്പത്തെട്ടാം മിനുട്ടില്‍, ഗ്യൂലിയോ ഡൊനാറ്റി സ്‌പെയിനിന്റെ ക്രിസ്റ്റ്യന്‍ ടെല്ലോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തി. പെനാല്‍റ്റിക്ക് കളമൊരുങ്ങി. ക്യാപ്റ്റന്‍ തിയാഗോ കിക്കെടുത്തു-ഹാട്രിക്ക്. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച സ്‌പെയിന്‍ തിയാഗോ, ഇസ്‌കോ എന്നിവരിലൂടെ ഗോള്‍ മാര്‍ജിന്‍ ഉയര്‍ത്തേണ്ടതായിരുന്നു. ഇറ്റലി ഗോളി ബര്‍ഡിയുടെ മികവാണ് തടസമായത്. എന്നാല്‍, അറുപത്താറാം മിനുട്ടില്‍ മറ്റൊരു പെനാല്‍റ്റിയാണ് സ്‌പെയിന് നാലാം ഗോളൊരുക്കിയത്. വാസ്‌കോ റെഗിനി ബോക്‌സിനകത്ത് മാര്‍ട്ടിന്‍ മൊന്റോയയെ ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. ഇത്തവണ തിയഗോ കിക്ക് ഇസ്‌കോക്ക് കൈമാറി. സ്‌പെയിന്‍ 4-1ന് മുന്നില്‍. ഫൈനല്‍ വിസിലിന് പത്ത് മിനുട്ട് ശേഷിക്കെ അസൂറിപ്പടയുടെ രണ്ടാം ഗോള്‍. ഫാബിയോ ബോറിനി ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടില്‍ ഡേവിഡ് ഡി ഗിയയെ കീഴടക്കി.
1994 ല്‍ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയതിന് ശേഷം, ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി തിയാഗോ. കിരീടജയത്തേക്കാള്‍ തന്നെ സന്തോഷിപ്പിക്കുന്നത് ടീമിന്റെ വ്യക്തിത്വമാണ്. ആധികാരികമായിരുന്നു ഓരോ ജയവും. ഓരോ താരവും വ്യക്തിപ്രഭാവം കാണിച്ചു – സ്‌പെയിന്‍ കോച്ച് ജുലെന്‍ ലോപെറ്റെഗ്യു പറഞ്ഞു.
സ്പാനിഷ് കളിക്കാരെ അപേക്ഷിച്ച് തന്റെ കളിക്കാര്‍ക്ക് പരിചയ സമ്പത്ത് കുറവാണ്. ഫൈനലില്‍ ഇത് വ്യക്തമായിരുന്നു – ഇറ്റലി കോച്ച് ഡെവിസ് മാംഗിയ പരാജയത്തെ വിലയിരുത്തി.
മികച്ച സ്റ്റേഡിയവും പുല്‍ത്തകിടിയുമൊരുക്കി മികച്ച അന്തരീക്ഷം സൃഷ്ടിച്ച് ടൂര്‍ണമെന്റ് വിജയിപ്പിച്ച ഇസ്രാഈലിനെ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനി മത്സരശേഷം പ്രകീര്‍ത്തിച്ചു. ആതിഥേയരായി പങ്കെടുത്ത ഇസ്രാഈല്‍ ടീമിന്റെ പ്രകടനവും മോശമായിരുന്നില്ല. കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചപ്പോള്‍ സെമി കളിച്ച നോര്‍വെയെയും ഇസ്രാഈലിന് തളയ്ക്കാനായി.
ജര്‍മനി,റഷ്യ,ഇംഗ്ലണ്ട് ടീമുകള്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഹോളണ്ട് മികവറിയിച്ചെങ്കിലും അവരുടെ പ്രതിരോധ നിര നിലവാരമില്ലാത്തതായിരുന്നു.
1968 ല്‍ പാരാലിമ്പിക്‌സിന് വേദിയായതിന് ശേഷം ഇസ്രാഈല്‍ ആദ്യമായാണ് ഒരു രാജ്യാന്തര ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.

 

---- facebook comment plugin here -----

Latest