Connect with us

Palakkad

നേതാവിന്റെ കെട്ടിട നിര്‍മാണത്തെ ചൊല്ലി മുസ്‌ലിം ലീഗില്‍ ഭിന്നത രൂക്ഷമായി

Published

|

Last Updated

പട്ടാമ്പി: ചട്ടം ലംഘിച്ച് ലീഗ് നേതാവ് കെട്ടിടം നിര്‍മിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കൊപ്പം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തെ ചൊല്ലി മുസ്്‌ലിം ലീഗില്‍ ചേരിപ്പോര് രൂക്ഷമായി. ആരോപണ വിധേയനായ പഞ്ചായത്ത് സെക്രട്ടറിയെ നീക്കണമെന്ന് പഞ്ചായത്ത് അംഗം കൂടിയായ ലീഗ് ജില്ലാ സെക്രട്ടറി ആവശ്യപ്പെടുമ്പോള്‍ സെക്രട്ടറിയെ നീക്കാന്‍ അനുവദിക്കില്ലെന്ന് ലീഗ് കൊപ്പം പഞ്ചായത്ത് നേതൃത്വം. സെക്രട്ടറിയെ ചൊല്ലി മുസ്‌ലിം ലീഗിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നതോടെ കൊപ്പത്ത് ഗ്രൂപ്പ് തിരിഞ്ഞ് ലീഗ് നേതാക്കള്‍ വാക്്പയറ്റ് തുടങ്ങി. കൊപ്പം ടൗണില്‍ മുളയംകാവ് റോഡിലാണ് പഞ്ചായത്ത് ലീഗ് നേതാവിന്റെ കുടുംബം കെട്ടിടം പണിയുന്നത്.
റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിച്ച് പണിയുന്ന കെട്ടിടത്തിന് മൂന്ന് നില നിര്‍മിക്കാനാണ് നിയമപരമായി അനുവാദമുള്ളത്. എന്നിരിക്കെ അഞ്ചാം നിലയും പണിയാനുള്ള ശ്രമമാണ് വിവാദമായത്. ഇത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയിട്ടും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് കൊടുത്തെന്നാണ് ആരോപണം. പ്രശ്‌നം വിവാദമായതോടെ ലൈസന്‍സ് റദ്ദാക്കി കേസ് കോടതിയുടെ പരിഗണനയിലാണ്. ചട്ടം ലംഘിച്ച് കെട്ടിട നിര്‍മാണം നടത്തുന്ന കുടുംബാംഗമായ ലീഗ് നേതാവ് ചെയര്‍മാന്‍ കൂടിയായ യു ഡി എഫ് തീരുമാനം ഇയാളുടെ സാന്നിധ്യത്തിലെടുത്തതാണെന്ന് പറയുന്നു. എന്നാല്‍, പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസ് അംഗം പ്രമേയം അവതരിപ്പിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുത്ത 16 പേരില്‍ 14 പേര്‍ പിന്തുണച്ചു. രണ്ട് അംഗങ്ങള്‍ വിയോജിച്ചു. ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന 14 അംഗങ്ങളില്‍ സി പി എം അംഗങ്ങളുമുണ്ട്.
ഭരണ-പ്രതിപക്ഷ കക്ഷിഭേദമന്യേ എല്ലാ പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിക്കെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചപ്പോള്‍ രണ്ട് ലീഗ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല. യു ഡി എഫ് നേരത്തെ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമായ നിലപാടെടുത്ത രണ്ട് ലീഗ് അംഗങ്ങള്‍ മുന്നണിക്കകത്ത് പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇടം നല്‍കിയിരിക്കുകയാണ്. സെക്രട്ടറിക്കനുകൂലമായി ചിലര്‍ സ്വാധീനിച്ചതോടെ യു ഡി എഫ് തീരുമാനം നടപ്പാകാതെ പോയി. ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ പഞ്ചായത്തംഗത്തിനോട് പഞ്ചായത്ത് കമ്മിറ്റിയിലെ ചിലര്‍ക്കുള്ള വിരോധവും ബാഹ്യശക്തികളുടെ ഇടപെടലുമാണിതിന് കാരണമായി പറയുന്നത്.
പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ എല്ലാ അംഗങ്ങളും സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ച രണ്ട് അംഗങ്ങള്‍. ഇത് താഴെക്കിടയിലും ഗ്രൂപ്പ് തിരിഞ്ഞുള്ള വിഭാഗീയതക്ക് കളമൊരുക്കി. സെക്രട്ടറിയെ മാറ്റിയാല്‍ രാജിവെക്കുമെന്നാണ് ഈ അംഗങ്ങളുടെ നിലപാട്.
കൊപ്പം ഗ്രാമപഞ്ചയാത്തില്‍ 17 അംഗ ഭരണസമിതിയില്‍ ഒമ്പത് യു ഡി എഫ് അംഗങ്ങളും എട്ട് സി പി എം അംഗങ്ങളുമാണുള്ളത്.