മണ്ണാര്‍ക്കാട് മേഖലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയായില്ല

Posted on: June 20, 2013 7:53 am | Last updated: June 20, 2013 at 7:53 am
SHARE

മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറന്ന് ആഴ്ചകളായിട്ടും മണ്ണാര്‍ക്കാട് മേഖലയില്‍ പാഠപുസ്തകവിതരണം ഇനിയും പൂര്‍ത്തിയായില്ല. അഞ്ചാംക്ലാസിലെ സംസ്‌കൃതം, ആറാംക്ലാസ് സയന്‍സ്, സാമൂഹ്യശാസ്ത്രം, ഐടി ഏഴിലെ മലയാളം, എട്ടാംക്ലാസ് സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം മീഡിയത്തിലെ സാമൂഹ്യശാസ്ത്രം, ഒമ്പതാംക്ലാസിലെ മലയാളം, എട്ടിലെ ഗണിതം, പത്താംക്ലാസിലെ ഉറുദു, സയന്‍സ് ഒന്ന്, രണ്ട് പുസ്തകങ്ങള്‍ എന്നിവയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത് വരെ ലഭിക്കാത്തത്. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈ റ്റി എന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നത്. ചിലയിടങ്ങളില്‍ അധികം പുസ്തകങ്ങള്‍ എത്തി കെട്ടിക്കിടക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. അധികമുള്ള പുസ്തകം മടക്കികൊണ്ട്‌പോകുന്നതിനുള്ള നടപടി സ്ഥാപനം സ്വീകരിക്കുന്നില്ലത്രേ.—
2010 മുതലാണ് പാഠപുസ്തകവിതരണം സര്‍ക്കാര്‍ പുസ്തക ഡിപ്പോകളില്‍നിന്ന് മാറ്റി കെ ബി പി എസിനെ ഏല്‍പ്പിച്ചത്. പാഠപുസ്തകം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല പ്രഖ്യാപനം നടന്നെങ്കിലും മറ്റു പ്രവര്‍ത്തനങ്ങളൊന്നും ഇനിയുമാകാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു.—യു പി, ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ പൂര്‍ണമായും ഏജന്‍സി മുഖേനയാണ് വിതരണം ചെയ്യുന്നത്. മറ്റു മാര്‍ഗത്തിലൂടെ പുസ്തകം വാങ്ങാനും കഴിയില്ല.—കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ രണ്ട് മാസത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭിച്ചത്.