കാഞ്ഞിരംകുന്ന് കോളനി നിവാസികള്‍ക്ക് പട്ടയമായില്ല

Posted on: June 20, 2013 7:47 am | Last updated: June 20, 2013 at 7:47 am
SHARE

പെരിന്തല്‍മണ്ണ:

പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ കാഞ്ഞിരംകുണ്ട് കോളനിയില്‍ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലത്തിന്റെ പട്ടയം, മറ്റു കൈവശ രേഖകള്‍ ഇനിയും ലഭിച്ചിട്ടില്ല. 1998ല്‍ ചേരി നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് മൂന്ന് ഏക്കര്‍ സ്ഥലം നഗരസഭ വിലക്ക് വാങ്ങി അരകോടിയോളം രൂപ ചിലവഴിച്ചാണ് 30 കുടുംബങ്ങള്‍ക്ക് വീടടക്കം നല്‍കി കാഞ്ഞിരംകുണ്ടില്‍ പുനരധിവസിപ്പിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൈവശ രേഖകള്‍ ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്ക് കോളനിയല്‍ താമസിക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട് ഹരജി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് 2002 നവംബര്‍ 28ന് കുഞ്ഞിരംകുന്ന് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് പതിച്ച് പട്ടം നല്‍കുന്നതിന് നഗരസഭക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ആറ് മാസംകഴിഞ്ഞിട്ടും നഗരസഭ പട്ടയം നല്‍കിയിട്ടില്ല. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ അനുയോജ്യനായ സര്‍വെയറെ ലഭിക്കാത്തതിനാലാണ് പട്ടയം നല്‍കാന്‍ കാലതാമസമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മറ്റു നിയമ തടസ്സങ്ങളൊന്നുമില്ലെന്നും താമസിയാതെ റിട്ടയര്‍ ചെയ്തു സര്‍വെയര്‍മാരെ നിയമിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നഗരസഭക്കകത്ത് നടക്കുന്ന വിദ്യാഭ്യാസ പരിപാടികളില്‍ സ്ഥലം എ ഇ ഒവിനെ പങ്കെടുപ്പിക്കാത്തതിനാല്‍ കൗണ്‍സിലില്‍ പരാതി ഉയര്‍ന്നു. സ്വകാര്യ വ്യക്തിയുടെ കമ്പനിയില്‍ നിന്നുള്ള മാലിന്യ കൂമ്പാരം പൊന്ന്യാകുര്‍ശിയില്‍ ഉള്ള ഓവുപാലത്തിന് സമീപം നിക്ഷേപിച്ചതിനല്‍ വെളളം പരന്നൊഴുകുന്നതായി പ്രദേശത്തെ കൗണ്‍സിലര്‍ എ വി നസീറ പരാതിപ്പെട്ടു.
പട്ടാമ്പി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസ് റോഡായ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷീബാ ഗോപാല്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.