Connect with us

Editors Pick

നടുക്കുന്ന ഓര്‍മകളുമായി ചന്തു

Published

|

Last Updated

മുപ്പത്തിയാറ് വര്‍ഷം മുമ്പ് ലോഞ്ചില്‍ പോയവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ആ ലോഞ്ചില്‍ കയറാനാകാതെ നിറകണ്ണുകളോടെ മടങ്ങിയ രംഗം ചന്തു ഓര്‍ത്തെടുക്കുന്നത് നടുക്കത്തോടെയാണ്. തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞി പുളിയംകുന്നന്‍ ചന്തുവിന് ഇപ്പോള്‍ വയസ്സ് 57. 46ഓളം പേരുമായാണ് ലോഞ്ച് മുംബൈയിലെ വാസായി കടല്‍തീരത്തുനിന്ന് പുറപ്പെട്ടത്. നാട്ടിലെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന താമിയുടെ മകനാണ് ചന്തു. കൂലിപ്പണി എടുത്തിരുന്ന ചന്തു ജീവിത പ്രാരാബ്ധത്തെ തുടര്‍ന്ന് മദ്രാസ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ജോലികള്‍ പലതും ചെയ്തു. ഇതിനിടെയാണ് ദുബൈയിലേക്ക് ലോഞ്ചില്‍ ആളെ കൊണ്ടുപോകുന്നുണ്ടെന്ന വാര്‍ത്ത ചന്തുവിന്റെ ചെവിയിലുമെത്തിയത്.
ബാക്കി കഥ ചന്തു പറയട്ടെ: കൊടിഞ്ഞിയിലെ ലോഞ്ച് ഉടമക്ക് 2500 രൂപ നല്‍കി. യാത്രക്കും മറ്റുമായി ആകെ അന്ന് ആറായിരം രൂപയാണ് ചെലവഴിച്ചത്. പിതാവ് വളരെ കഷ്ടപ്പെട്ടാണ് അന്ന് അത്രയും വലിയ സംഖ്യ തരപ്പെടുത്തിയത്. നേരെ മുംബൈയില്‍ പോയി രണ്ട് മാസത്തോളം പല സ്ഥലങ്ങളിലായി ജോലി ചെയ്തു. ഒരു ദിവസം ലോഞ്ചില്‍ കയറാനായി കടല്‍ തീരത്തേക്ക് ഞങ്ങള്‍ പുറപ്പെട്ടു. പോലീസ് കാണാതിരിക്കാന്‍ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ചാണ് നടന്നിരുന്നത്. പാടവും പറമ്പും കടന്നു ഏറെ നടന്നു. കടല്‍ തീരത്തെത്തി ജൂണ്‍ ഏഴിന് ലോഞ്ച് വന്നു. ആളുകള്‍ അതില്‍ കയറിപറ്റി. വെള്ളത്തില്‍ ഇറങ്ങി അടിച്ച് വീശുന്ന തിരമാലകളെ അതിജീവിച്ച് ഏറെ നീന്തി വേണം ലോഞ്ചിന്റെ അടുത്തെത്താന്‍. അപ്പോഴേക്കും അവിടുത്തെ മീന്‍പിടുത്തക്കാര്‍ പ്രശ്‌നമുണ്ടാക്കുകയും ലോഞ്ച് പുറപ്പെടുകയും ചെയ്തു. അന്ന് ഞങ്ങള്‍ തിരിച്ചുപോന്നു. പിന്നെയും അവിടെ ജോലി ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ലോഞ്ച് പുറപ്പെടുന്നുണ്ടെന്ന് കേട്ടു. mlp-chandu(photo1)JPGഞങ്ങള്‍ കടല്‍തീരത്തേക്ക് വീണ്ടും പോയി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ലോഞ്ച് എത്തിയില്ല. ഭക്ഷണം ലഭിക്കാത്തതിനാല്‍ വെള്ളം മാത്രം കുടിച്ചാണ് നാലഞ്ചു ദിവസം കഴിച്ചുകൂട്ടിയത്. ഒരു ദിനം അര്‍ധരാത്രി രണ്ട് മണിക്കാണ് ലോഞ്ച് കടലില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞത്. അപ്പോള്‍ തന്നെ കടല്‍ത്തീരത്തേക്ക് പാഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലുള്ള 31 പേരും സാഹസപ്പെട്ട് അതില്‍ കയറിപ്പറ്റി. കയറാന്‍ ഒരുങ്ങിയവര്‍ വസ്ത്രങ്ങള്‍ അഴിച്ച് അടുത്തയാള്‍ക്ക് കൈമാറി. അവസാനം എല്ലാവരുടെയും വസ്ത്രക്കെട്ട് എന്റെ കൈയിലാണ് എത്തിയത്. കൂട്ടത്തില്‍ ഒമ്പതോ പത്തോ വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. ഞാന്‍ വെള്ളത്തിലിറങ്ങി ലോഞ്ചിന്റെ അടുത്തു ചെല്ലാന്‍ ശ്രമിച്ചു. കഴുത്ത് വരേയും അതിലപ്പുറവും തിരമാല ആഞ്ഞടിക്കുന്നു. എത്ര ശ്രമിച്ചിട്ടും ലോഞ്ചിന്റെ അടുത്തെത്താന്‍ കഴിയുന്നില്ല. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി. പിന്നെയും കുറെ ആളുകള്‍ കയറാനുണ്ട്. പോലീസ് എത്തിയതും കരയിലുള്ളവരെ ആട്ടിയോടിച്ചതും ഒപ്പമായിരുന്നു. പലര്‍ക്കും ലാത്തി കൊണ്ട് പൊതിരെ അടി കിട്ടി. അതോടെ ലോഞ്ച് ഉടന്‍ പുറപ്പെടുകയും ചെയ്തു. ഞങ്ങളെ പോലീസ് പിടിച്ചു ലോക്കപ്പിലേക്ക് കൊണ്ടുപോയി. പലര്‍ക്കും പോലീസിന്റെ അടിയില്‍ ബോധം തന്നെ നഷ്ടമായി. എന്റെ കൈയിലുള്ള വസ്ത്രക്കെട്ട് പോലീസ് തുറന്നു പരിശോധിച്ചു. വിദേശത്ത് നിന്ന് ലോഞ്ചില്‍ സാധനങ്ങള്‍ കൊണ്ടുവന്നതാണെന്നായിരുന്നു അവരുടെ സംശയം. ഞാന്‍ അവരോട് സത്യം പറഞ്ഞു. അവര്‍ എന്നെ വിട്ടു. അതോടെ ഗള്‍ഫ് മോഹം ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറി.
കഴിഞ്ഞുപോയ ആ ദിനങ്ങള്‍ ഇന്നും ചന്തുവിന്റെ ഓര്‍മയില്‍ ഇന്നലെ എന്ന പോലെ തെളിഞ്ഞു കിടപ്പുണ്ട്. ഓര്‍ക്കുമ്പോഴെല്ലാം ഇന്നും ചന്തുവിന്റെ നെഞ്ച് പിടയുകയാണ്. അന്ന് കൂടെയെത്തി ലോഞ്ചില്‍ കയറി പോയവരെ പിന്നീട് ഇദ്ദേഹം കണ്ടിട്ടേയില്ല. കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കരകാണാക്കടല്‍ കടന്നു പോയ അവര്‍ മണലാരണ്യത്തില്‍ നിന്ന് അറബിപ്പൊന്നുമായി തിരിച്ചെത്തിയോ? അതോ കടലിന്റെ ഓളപ്പരപ്പില്‍ അവരുടെ ജീവിതം മാഞ്ഞുവോ? ഒന്നും പിന്നെ ചന്തു അറിഞ്ഞതേയില്ല. അന്ന് പോലീസുകാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ചന്തുവിന്റെ വിധിയും മറ്റൊന്നാകുമായിരുന്നു. അന്ന് ആ നിമിഷങ്ങളെ ശപിച്ച ചന്തുവിപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഒരു പുനര്‍ജന്‍മം നല്‍കിയതിന്. നാട്ടില്‍വന്ന് തെങ്ങ് കയറ്റംപഠിച്ച് ജോലി ചെയ്ത് കുടുംബം പോറ്റുകയാണിപ്പോള്‍ ചന്തു. ഭാര്യ ലക്ഷ്മിക്കും മക്കളായ അനില്‍കുമാര്‍, ദേവാനന്ദ്, അനൂപ് എന്നിവര്‍ക്കുമൊപ്പം.

തീരത്തണയാത്ത ലോഞ്ച് യാത്രക്കാര്‍ – 1

 

 

Latest