Connect with us

International

ചര്‍ച്ചയില്‍ അഫ്ഗാന്‍ പങ്കെടുക്കണം: ഒബാമ

Published

|

Last Updated

ബര്‍ലിന്‍: താലിബാനുമായി നിര്‍ബന്ധമായും അഫ്ഗാനിസ്ഥാന്‍ ചര്‍ച്ച നടത്തണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. താലിബാന്‍ – അഫ്ഗാന്‍ ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കി സമാധാന ചര്‍ച്ച നടത്തേണ്ടതും അതുവഴി രാജ്യത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതും അഫ്ഗാനിസ്ഥാന്റെ കടമയാണെന്ന് ഒബാമ വ്യക്തമാക്കി. ജര്‍മന്‍ ചാന്‍സലറുമായി നടന്ന ചര്‍ച്ചക്ക് ശേഷം ബര്‍ലിനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ പിന്മാറിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “അഫ്ഗാനിസ്ഥാന്റെ പുരോഗതിക്കായും സമാധാന പൂര്‍ണമായ രാഷ്ട്രം കെട്ടിപടുക്കാനും സര്‍ക്കാറുമായി താലിബാന്‍ ചര്‍ച്ച നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” ഒബാമ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാരെ ലക്ഷ്യം വെച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന 12 വര്‍ഷകാലത്തെ യുദ്ധത്തിനൊടുവിലാണ് താലിബാനുമായുള്ള സമാധാന ചര്‍ച്ചക്ക് അമേരിക്ക തയ്യാറായത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് തുറന്നതോടെയാണ് ചര്‍ച്ചക്ക് വേണ്ടി അമേരിക്കയും അഫ്ഗാനിസ്ഥാനും തയ്യാറായത്. താലിബാനുമായുള്ള സമാധാന ചര്‍ച്ചയെ ഹാമിദ് കര്‍സായി മുമ്പ് ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം, അമേരിക്കയുമായി ചര്‍ച്ചക്ക് സന്നദ്ധമായിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പോരാട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് താലിബാന്‍ വക്താവ് സ്വബീഉല്ലാ മുജാഹിദ് വ്യക്തമാക്കി. പിന്മാറ്റം പൂര്‍ണമാകുന്നത് വരെ യു എസ് സൈന്യത്തിന് നേരെയുള്ള ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 66,000ത്തോളം യു എസ് സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ട്. യു എസ് സൈനികര്‍ക്ക് നേരെ അഫ്ഗാനില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്.

Latest