Connect with us

International

താലിബാനുമായി ചര്‍ച്ചയില്ല: കര്‍സായി

Published

|

Last Updated

കാബൂള്‍: താലിബാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി. താലിബാന്‍ നേതൃത്വവുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് ദോഹയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് അഫ്ഗാന്റെ നാടകീയമായ പിന്മാറ്റം ഉണ്ടായത്. താലിബാനുമായി നേരിട്ടുള്ള തുറന്ന ചര്‍ച്ചക്ക് കഴിഞ്ഞ ദിവസം അമേരിക്ക സന്നദ്ധമായിരുന്നു. യു എസുമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് താലിബാന്‍ നേതൃത്വം അറിയിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിന്മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താലിബാനുമായുള്ള സമാധാന ചര്‍ച്ചക്ക് അമേരിക്ക നേതൃത്വം നല്‍കുന്നത് അഫ്ഗാനിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ നിയന്ത്രണം അഫ്ഗാനിസ്ഥാന് ലഭിക്കുംവരെ താലിബാനുമായി ചര്‍ച്ചക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി വ്യക്തമാക്കി. “ഖത്തറില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഉന്നത സമാധാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കില്ല. സമാധാന പ്രക്രിയ അഫ്ഗാന്റെ നിയന്ത്രണത്തിലാകുന്നത് വരെ ഇത്തരത്തിലൊരു നീക്കത്തിന് ഞങ്ങള്‍ സന്നദ്ധരാകില്ല. ” കര്‍സായി പറഞ്ഞു. താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യു എസ് ഉദ്യോഗസ്ഥരുമായി ഇന്നലെ നടക്കേണ്ടിയിരുന്ന ഉഭയകക്ഷി സുരക്ഷാ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയും അഫ്ഗാനിസ്ഥാന്‍ ബഹിഷ്‌കരിച്ചു. നാറ്റോ സൈന്യത്തില്‍ നിന്ന് സുരക്ഷാ ചുമതല അഫ്ഗാനിസ്ഥാന് നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്റെ പിന്മാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്.
“താലിബാനുമായുള്ള സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് എന്താണോ അമേരിക്ക പറഞ്ഞത് അതല്ല അവര്‍ പ്രവര്‍ത്തിച്ചത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു എസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.” കാര്‍സായിയുടെ വക്താവ് അജ്മല്‍ ഫാഇസ് വ്യക്തമാക്കി.

Latest