സീപ്ലെയ്ന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ല: ടൂറിസം മന്ത്രി

Posted on: June 20, 2013 12:45 am | Last updated: June 20, 2013 at 12:45 am
SHARE

തിരുവനന്തപുരം: സീപ്ലെയ്ന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി മത്സ്യത്തൊഴിലാളി സംഘടനകളുള്‍പ്പെടെ എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. പദ്ധതിയുടെ പ്രാരംഭ ജോലികള്‍ക്കായി 11.83 കോടി രൂപയുടെ സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 30,835348 രൂപ ചെലവായിട്ടുണ്ട്.
പദ്ധതിയുടെ അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സര്‍ക്കാറിന്റെ ചുമതല. സീപ്ലെയിന്‍ ഓപ്പറേഷന്‍, ഓപ്പണ്‍ സ്‌കൈ പോളിസിയുടെ അടിസ്ഥാനത്തില്‍ സംരംഭകര്‍ മുഖേന നടപ്പാക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജല വിമാനങ്ങളെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ടുവന്ന ആദ്യത്തെ പദ്ധതിയാണിത്.
പദ്ധതി വ്യാപകമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നാം ഘട്ടത്തില്‍ എറണാകുളം, കൊല്ലം, ആലപ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ വയനാട്, മൂന്നാര്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിയെ സംബന്ധിച്ച ആശങ്കകള്‍ തീര്‍ക്കുന്നതിനു വേണ്ടി പ്രദര്‍ശന പറക്കല്‍ നടത്താന്‍ തയ്യാറാണ്. സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്നതിനായി 250 മീറ്റര്‍ വീതിയും ഒരു കിലോമീറ്റര്‍ നീളവുമുള്ള ജലപ്രദേശമാണ് വേണ്ടത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. മത്സ്യബന്ധനം തീരെ ഇല്ലാത്തതും നാമമാത്രമായി ഉള്ളതുമായ പ്രദേശങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക.
പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു എന്ന മന്ത്രിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകള്‍ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പുകളെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ മാത്രമല്ല ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നു സ്പീക്കര്‍ അഭിപ്രായപ്പെട്ടു. കെ രാധാകൃഷ്ണന്‍, എസ് ശര്‍മ, കെ വി അബ്ദുല്‍ഖാദര്‍, കെ ദാസന്‍, ഡൊമനിക് പ്രസന്റേഷന്‍, തോമസ് ഐസക്, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, പി തിലോത്തമന്‍, ഹൈബി ഈഡന്‍, ഇ പി ജയരാജന്‍, വര്‍ക്കല കഹാര്‍, സി കെ സദാശിവന്‍ കെ കുഞ്ഞിരാമന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.