Connect with us

Kerala

കണ്ണൂരില്‍ തട്ടിപ്പിനിരയായ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

Published

|

Last Updated

കണ്ണൂര്‍: സൗരോര്‍ജ പ്ലാന്റിന്റെ പേരില്‍ കണ്ണൂരില്‍ തട്ടിപ്പിനിരയായ ഡോക്ടര്‍മാരില്‍ നിന്ന് തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. . ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. ശ്യാംമോഹന്‍, യൂറോളജിസ്റ്റ് ഡോ. അഭിലാഷ് ആന്റണി, സര്‍ജന്‍ ഡോ. സുനില്‍കുമാര്‍, ഡോ. അനൂപ്‌കോശി, തലശ്ശേരി സഹകരണ ആശുപത്രിയിലെ ഡോ. മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാരാണ് ഇന്നലെ റസ്റ്റ് ഹൗസിലെത്തി മൊഴി നല്‍കിയത്.
ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത നായരും ആര്‍ ബി നായര്‍ എന്ന പേരിലാണ് ബിജു രാധാകൃഷ്ണനും തങ്ങളുടെ അടുത്തെത്തി തട്ടിപ്പ് നടത്തിയതെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു. തലശേരിയില്‍ തട്ടിപ്പിനിരയായ മിക്ക ഡോക്ടര്‍മാര്‍ക്കും ഭാഗികമായി പണം തിരികെ ലഭിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കാനായി ടീം സോളാറിലേക്ക് ഫോണില്‍ ബന്ധപ്പെട്ട ഡോക്ടര്‍മാരോട് താന്‍ സരിത നായരാണെന്നും ലക്ഷ്മി നായര്‍ കമ്പനിയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അവയെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും സരിത എസ് നായര്‍ പറഞ്ഞതായി ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. തെക്കന്‍ ജില്ലകളില്‍ സരിതക്കും ബിജു രാധാകൃഷ്ണനുമെതിരെയുള്ള കേസുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കണ്ണൂരിലെ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ പറഞ്ഞു.
അതിനിടെ മാനഹാനി ഭയന്ന് നിരവധി പേര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് സൂചനയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 50ഓളം പേര്‍ തട്ടിപ്പിനിരയായെന്നാണ് സൂചന. കണ്ണൂരില്‍ മൂന്ന് പേരും തലശ്ശേരിയില്‍ ഏഴ് പേരും മാത്രമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. അമ്പതോളം പേര്‍ തട്ടിപ്പിന് ഇരയായെങ്കിലും ഇപ്പോഴും പരാതി നല്‍കാന്‍ ബഹുഭൂരിപക്ഷവും വിമുഖത കാട്ടുകയാണ്.
ടീം സോളാറിന്റെ സൗരോര്‍ജ പാനല്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂര്‍ ഏര്‍പ്പെടുത്താറുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വന്‍കിട ഹോട്ടലുകളിലെ റിസോര്‍ട്ടുകളിലും സ്ഥാപനങ്ങളിലും ടീം സോളാറിന്റെ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കണ്ടുമനസ്സിലാക്കാനെന്ന പേരിലാണ് ടൂര്‍ ഏര്‍പ്പെടുത്താറുള്ളത്. ഇത്തരം യാത്രകളില്‍ സീരിയല്‍ നടികളും മറ്റുമുണ്ടാകാറുണ്ട്. ഈ യാത്രകളില്‍ വെച്ച് സീരിയല്‍ നടികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും മറ്റും യാത്രികരില്‍ ചിലര്‍ തയ്യാറായിരുന്നു. പോലീസ് അന്വേഷണത്തിനിടയില്‍ ഈ ഫോട്ടോകളും മറ്റും കണ്ടെടുത്താല്‍ അത് മറ്റ് രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമോയെന്ന ഭയം ചിലര്‍ക്കുണ്ട്. മാത്രമല്ല, പണം നഷ്ടപ്പെട്ടുവെങ്കിലും ഇനിയും കേസും മറ്റുമായി അതിന്റെ പിറകെ പോകാന്‍ കഴിയില്ലെന്ന മനോഭാവവും പരാതി നല്‍കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നുണ്ട്. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷടപ്പെട്ട ചിലര്‍ പരാതി നല്‍കാത്തവരുടെ കൂട്ടത്തിലുണ്ട്.
അതേസമയം, അറസ്റ്റിലായ സരിത എസ് നായരുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് തലശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി സേനയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊന്ന്യം, ചേലേമ്പ്ര, പെരിയ ബേങ്ക് കവര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള വലിയ കേസുകള്‍ തെളിയിച്ചിട്ടുള്ള സ്‌ക്വാഡിലെ അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ അജയനേയും തലശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐയുടെ സി ഡി പാര്‍ട്ടിയിലെ സിവില്‍ പോലീസ് ഓഫീസറായ നിജേഷിനേയുമാണ് തൃശൂര്‍ റേഞ്ചിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. സരിതയുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ തലശ്ശേരിക്കു പുറമെ പെരുമ്പാവൂരും തിരുവനന്തപുരവും ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേനുകളില്‍ നിന്ന് ശേഖരിച്ചിരുന്നു. സരിതയുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ വിവിധ തലങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തലശ്ശേരിയിലെ രണ്ട് പോലീസുകാര്‍ക്കതിരെ മാത്രം നടപടിയുണ്ടായിട്ടുള്ളതിനു പിന്നില്‍ ചില കേന്ദ്രങ്ങളുടെ പകപോക്കലാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. സരിത എസ് നായരെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ച തലശേരി പ്രിന്‍സിപ്പല്‍ എസ് ഐയായിരുന്ന ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് സംഘത്തിലെ രണ്ട് അംഗങ്ങളെയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് സ്ഥലം മാറ്റിയിട്ടുള്ളത്.