ഈ പാഠം ഉമ്മന്‍ ചാണ്ടിക്ക് മാത്രമുള്ളതല്ല

Posted on: June 20, 2013 12:35 am | Last updated: June 20, 2013 at 12:35 am
SHARE

മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം നടത്തിവരുന്നത്. അതിന് കാരണമായി പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി അവര്‍ക്കു തന്നെ അറിയില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായ അന്വേഷണം നടത്തിവരികയാണ്.
സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള തട്ടിപ്പുകള്‍ കേരളത്തില്‍ സര്‍വസാധാരണമാണ്. ഈ വഞ്ചകരുടെ പ്രവര്‍ത്തന മേഖല ഇന്ന് സാര്‍വദേശീയ മാനം തന്നെ കൈവരിച്ചിട്ടുണ്ട്. നമ്മുടെ മൊബൈല്‍ നമ്പറില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. ലക്ഷക്കണക്കിന് യു എസ് ഡോളര്‍ നമുക്ക് നറുക്കെടുപ്പില്‍ കിട്ടിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ അയച്ചുകൊടുക്കുന്നവര്‍ക്ക് സമ്മാനം കൈപ്പറ്റാമെന്നുമാണ് അതിന്റെ സാധാരണ ഉള്ളടക്കം. അതില്‍ പോലും വഞ്ചിതരായി പണം നഷ്ടപ്പെട്ട എത്രയോ പേരുണ്ട്. വ്യാജമായ കമ്പനികളുടെ പേരിലും തൊഴിലിന്റെ പേരിലും കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തരാമെന്ന് വിശ്വസിപ്പിച്ചും പണം തട്ടുന്നവരുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ലോട്ടറി തട്ടിപ്പ്, മണി ചെയിന്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് എന്നിവ അതിലുള്‍പ്പെടുന്നു. ഈ വ്യാജരില്‍ ചിലര്‍ അതിവേഗം പിടിക്കപ്പെടുന്നു. മറ്റു ചിലര്‍ ഇപ്പോഴും വ്യാജന്മാരായി വിലസുന്നു. വ്യാജ ഡോക്ടര്‍മാര്‍, മന്ത്രവാദികള്‍ തുടങ്ങിയവര്‍ ആ കൂട്ടത്തിലുണ്ട്. നിരക്ഷരരും ഗ്രാമീണരും പാവങ്ങളുമൊന്നുമല്ല ഇത്തരക്കാരുടെ ഇരകളായി തീരുന്നത്. അതിവേഗം പണക്കാരനാകാന്‍ പൂതി വെച്ചു നടക്കുന്ന ആര്‍ത്തിപ്പണ്ടാരങ്ങളാണ്.
ക്ഷേത്രങ്ങള്‍, പള്ളികള്‍, പെണ്‍കുട്ടികളുടെ വിവാഹം, വെള്ളപ്പൊക്കം, വരള്‍ച്ച, രോഗ ചികിത്സ, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ പേരിലൊക്കെ ചെറുകിട വ്യാജന്മാര്‍ പിരിവുമായി ഊരുചുറ്റുന്നു. വയറ്റില്‍പിഴപ്പിന് മാത്രമായി നുണ പറഞ്ഞു കാശ് തട്ടുന്നവരുണ്ട്. യാത്രാ ചെലവിന് ചോദിക്കുന്നവരും മദ്യം കൂടാതെ കഴിയാത്തവര്‍ പെഗ്ഗടിക്കാനും പിരിവ് നടത്താറുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി കള്ളക്കഥകള്‍ മെനഞ്ഞെടുത്തും മറ്റു രീതിയിലുമൊക്കെ വ്യജ ഇടപാടുകള്‍ നടത്തുന്നവരിലും ചെറുകിടക്കാരും ഇടത്തരക്കാരും വമ്പന്മാരുമുണ്ട്. പത്രപരസ്യങ്ങള്‍, മൊബൈല്‍ സന്ദേശങ്ങള്‍, നല്ല ഒന്നാം തരം ബ്രോഷറുകള്‍, ഉന്നതരുടെ ശിപാര്‍ശ കത്തുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇരകളെ വീഴ്ത്താനുള്ള ഇവരുടെ ഉപാധികളില്‍ ചിലതാണ്. വെള്ളപ്പൊക്കം കാരണം അഭയാര്‍ഥികളായെന്ന് പറഞ്ഞ് വരുന്ന ഉത്തരേന്ത്യന്‍ പെണ്‍കൊടികള്‍ വരെ മജിസ്‌ട്രേട്ടുമാരുടെയും ആര്‍ ഡി ഒ, കലക്ടര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാറുണ്ട്. കൈനോട്ടക്കാര്‍ക്ക് പോലും വ്യാജ രേഖകളും സാക്ഷ്യപത്രങ്ങളും ഉണ്ട്. അങ്ങനെയൊരു നാട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരാനും അദ്ദേഹത്തോടും കൂടെയുള്ള ജീവനക്കാരോടും ഫോണില്‍ സംസാരിക്കാനും ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല.
ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ രീതികള്‍ വെച്ചാണെങ്കില്‍ യാതൊരു നിയന്ത്രണവും അദ്ദേഹം സന്ദര്‍ശകര്‍ക്ക് കല്‍പ്പിക്കാറില്ല. ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ തിരുവനന്തപുരത്ത് വരുന്നത് പോരാഞ്ഞിട്ട് സംസ്ഥാനത്തൊട്ടാകെ ചുറ്റി നടന്ന് ജനങ്ങളെ കാണുന്ന രീതിയാണ് മൂപ്പര്‍ പിന്‍തുടരുന്നത്. ഇനിയും അത് തുടരുകയാണ്. അടുത്ത പൊതുജനസമ്പര്‍ക്ക പരിപാടിക്കും തിയതി കുറിച്ചുകഴിഞ്ഞു. വരുന്ന ആളുകളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുകയോ അവര്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ സമയം കളയുകയോ ചെയ്യാതെ സാധ്യമാകുന്നതെല്ലാം അദ്ദേഹം ചെയ്തുകൊടുക്കുന്നു. ഈ സമ്പ്രദായത്തിനും അതിന്റെതായ പ്രത്യാഘാതങ്ങള്‍ കാണും. അച്യുതാനന്ദന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഓഫീസ് ഒന്നാംതരം ധ്യാനകേന്ദ്രം പോലെയായിരുന്നു. ആരും വരാറില്ലായിരുന്നു എന്നാണ് കേള്‍വി. വരാന്‍ പാര്‍ട്ടി സമ്മതിക്കുകയും ചെയ്തിരുന്നില്ലത്രെ. അദ്ദേഹത്തിന്റെ മൂന്ന് സഹായികളെ മാറ്റാന്‍ പോളിറ്റ് ബ്യൂറോ വരെ പല തവണ ചേര്‍ന്നു. രണ്ട് വര്‍ഷക്കാലത്തെ ചര്‍ച്ചയാണ് വേണ്ടിവന്നത്. ഉമ്മന്‍ ചാണ്ടി വെറും 24 മണിക്കൂര്‍ കൊണ്ട് പരാതിക്കിടയാക്കിയ തന്റെ ജീവനക്കാരെ മാറ്റി. ഇതാണ് ഇവര്‍ തമ്മിലുളള വ്യത്യാസം. പ്രതിപക്ഷം പറയുന്നത് ശരിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ സഹായികള്‍ തട്ടിപ്പുകാരായ സരിതാനായരോടും ബിജു രാധാകൃഷ്ണനോടും പല തവണ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തന്നെ ബിജു രാധാകൃഷ്ണന്‍ എം ഐ ഷാനവാസിന്റെ ശുപാര്‍ശയോടെ കണ്ടിട്ടുണ്ട്. കുടുംബകാര്യങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്. അതിനാണോ മുഖ്യമന്ത്രി രാജി വെക്കേണ്ടത്?
ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിക്ക് സാമ്പത്തിക ആവശ്യങ്ങള്‍ക്കോ മറ്റെന്തങ്കിലും കാര്യങ്ങള്‍ക്കോ രണ്ട് തട്ടിപ്പുകാരുടെ സഹായം തേടേണ്ടതില്ലല്ലോ. അദ്ദേഹം ഇത്തരക്കാരുടെ കെണിയില്‍ പെടാന്‍ മാത്രം മണ്ടനാണോ? ഈ കഥകളൊന്നും ഒരാളും വിശ്വസിക്കുകയില്ല. പ്രതിപക്ഷത്തിന്റെ കൈയിലുള്ള ആയുധം ഇതൊക്കയല്ലേ? ഇത്രയും മൂര്‍ച്ച കുറഞ്ഞ വാള്‍ കൊണ്ട് ഇതുവരെ ഈ സര്‍ക്കാരിനെ പ്രതിപക്ഷം വെട്ടിയിട്ടില്ല. വ്യാജന്മാരെയും തട്ടിപ്പുകാരെയും മുഖ്യമന്ത്രി സഹായിച്ചുവെന്ന ആരോപണമാണ് വാസ്തവത്തില്‍ വ്യാജം. സരിതാ നായര്‍ക്കും രാധാകൃഷ്ണനും എതിരെ 14 കേസുകള്‍ 2009 മുതല്‍ നിലവിലുണ്ട്. അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരിയെ തിരഞ്ഞും അക്കാലത്ത് അവര്‍ വന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അന്നത്തെ കേസുകള്‍ ശരിയായ വിധം അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാന്‍ ഇടതു ഭരണകാലത്ത് അവര്‍ എന്തുകൊണ്ടോ ശ്രമിച്ചിട്ടില്ല. എല്ലാ കേസുകളും പൂഴ്ത്തുകയാണ് ചെയ്തത്. ഇതിലുള്ള ദുരൂഹത ഇപ്പോഴും തുടരുന്നു. സരിതാ നായര്‍ക്ക് ‘അങ്കിള്‍’ എന്ന് സംബോധന ചെയ്യാന്‍ മാത്രം വലിയ അടുപ്പം ചില ഇടതുമന്ത്രിമാരുമായിട്ടുണ്ടായിരുന്നു. മന്ത്രിപുത്രന്മാര്‍ ഈ തട്ടിപ്പുകാരെ സഹായിച്ചിരുന്നതായും വാര്‍ത്ത വന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും മറ്റിടങ്ങളിലും ഇവര്‍ പലരേയും കബളിപ്പിച്ചിട്ടുണ്ട്. അവര്‍ പരസ്പരം വഞ്ചിച്ചിട്ടുള്ളതായും മനസ്സിലാകുന്നു. മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാനും സ്വാധീനിക്കാനും നല്ലവരും ചീത്ത മനുഷ്യരുമൊക്കെ ശ്രമിക്കും. തട്ടിപ്പുകാര്‍ പ്രത്യേകിച്ചും അത് ചെയ്യും. അതത് കാലഘട്ടത്തില്‍ നിലവില്‍ വരുന്ന സര്‍ക്കാറുകളേയും ഭരണാധികാരികളേയും സ്വാധീനിക്കുകയെന്നത് ഇത്തരക്കാരുടെ ലക്ഷ്യമാണ്. എന്നും ഈ വിഭാഗക്കാരുണ്ടായിരുന്നു. അധികാരവും പണവും സകലരേയും ആകര്‍ഷിക്കും. അത് ലോകനിയമമാണ്. സ്വാധീനങ്ങള്‍ക്ക് വഴങ്ങി എന്തു സൗകര്യവും സൗജന്യവുമാണ് അത്തരക്കാര്‍ക്ക് മുഖ്യമന്ത്രി ചെയ്തുകൊടുത്തത് എന്നാണ് നോക്കേണ്ടത്. അപ്പോള്‍ മാത്രമേ മുഖ്യമന്ത്രി കുറ്റക്കാരനാകുന്നുള്ളൂ. സ്വാധീനിക്കാനും കാര്യം നേടാനും വരുന്നവരെ തിരിച്ചറിയാന്‍ കഴിയുന്നവരാകണം ഭരണാധികാരികള്‍. ഉമ്മന്‍ ചാണ്ടി അതിന് പ്രാപ്തിയുള്ളവനാണ്. നിക്ഷിപ്ത താത്പര്യക്കാരെയും വ്യാജന്മാരെയും സില്‍ബന്തികളേയും അവരുടെ ലക്ഷ്യങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെ സഹായിക്കുന്ന ഭരണാധികാരികളാണ് കുറ്റവാളികള്‍.
സാമ്പത്തിക നേട്ടം ഉള്‍പ്പെടെ മറ്റു പല കാര്യങ്ങള്‍ക്കുവേണ്ടിയും ചിലപ്പോള്‍ അധികാരസ്ഥാനങ്ങളിലുള്ളവര്‍ ചില നികൃഷ്ടരായ വ്യക്തികളേയും സഹായിച്ചുവെന്ന് വരാം. അവരെയാണ് സൂക്ഷിക്കേണ്ടത്. അത്തരക്കാര്‍ ഇക്കാലത്തും ഉണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇടതുഭരണവും അതില്‍ നിന്നും മുക്തമായിരുന്നില്ല. ഇവിടെ മുഖ്യമന്ത്രി എന്തെങ്കിലും ഒരു സഹായമോ സൗജന്യമോ സരിതാ നായര്‍ക്കും കൂട്ടര്‍ക്കും ചെയ്തുകൊടുത്തതായി ഒരാക്ഷേപം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കഴിയുമെന്ന് തോന്നുന്നുമില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചാല്‍ മതിയല്ലോ? കുറ്റം ചെയ്യാത്തവന്‍ ശിക്ഷിക്കപ്പെടേണ്ടതില്ല. ആരോപണങ്ങളുടെ പുകപടലങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ പണിയും ഒരു വ്യാജ നടപടി തന്നെയാണ്. സത്യസന്ധതയും ധാര്‍മികതയും ഈശ്വര വിശ്വാസവുമുള്ള സന്ദര്‍ശകര്‍ക്ക് മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ അനുവാദമുള്ളൂ എന്നു പറയുക വയ്യല്ലോ. ജനാധിപത്യം ജനക്കൂട്ടത്തിന്റെ ആധിപത്യമാണ്. അതില്‍ മൂല്യങ്ങളുടെ അഭാവം ഏറെയുണ്ടാകുമെന്ന് ഉറപ്പാണല്ലോ.
കള്ള് കുടിയന്മാര്‍ക്കും വ്യഭിചാരികള്‍ക്കും കവര്‍ച്ചക്കാര്‍ക്കും കൊലയാളികള്‍ക്കും തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്ന വ്യക്തികള്‍ക്കും ഓരോ വോട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നിശ്ചയിച്ച യോഗ്യതയനുസരിച്ച് മേല്‍പ്പറഞ്ഞവര്‍ അര്‍ഹരാണ്. രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അയോഗ്യത ആരംഭിക്കുകയുള്ളൂ. ഇന്ത്യയിലും വിദേശത്തും പാര്‍ലമെന്റിലും നിയമസഭകളിലും മന്ത്രിസഭകളിലും ഇരുക്കുന്നവരില്‍ എത്രയോ പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണല്ലോ. മൂല്യങ്ങളില്‍ വിശ്വസിക്കുകയും മൂല്യാധിഷ്ഠതമായി രാഷ്ട്രീയത്തെ മാറ്റുകയുമാണ് വേണ്ടത്. പാര്‍ലിമെന്റിലും നിയമസഭകളിലും രാഷ്ട്രീയ നേതൃത്വത്തിലും മൂല്യങ്ങളുള്ള നല്ല മനുഷ്യരെ വാഴിക്കുകയാണ് വേണ്ടത്. ജനങ്ങളില്‍ ഭൂരിപക്ഷം അത്തരക്കാരല്ലാത്തതിനാല്‍ ജനം തിരഞ്ഞെടുക്കുന്നവര്‍ നാം പ്രതീക്ഷിക്കുന്ന ഗുണമുള്ളവരാകുക എളുപ്പമല്ല. രാഷ്ട്രീയനേട്ടമുള്ളപ്പോള്‍ മാത്രം നീതിയും ധര്‍മവും ഉയര്‍ത്തിപ്പിടിക്കുന്ന സ്വഭാവമാണ് പ്രതിപക്ഷത്തിന്. ഇത് തികഞ്ഞ അവസരവാദമാണ്.
‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണു’ എന്നു പറഞ്ഞ പോലെ ഇടതുപക്ഷം എന്തിനോ കാത്തിരിക്കുമ്പോഴാണ് ഒരു പുതിയ കേസ് അവര്‍ മുഖ്യമന്ത്രിക്കെതിരെ മെനഞ്ഞെടുത്തിട്ടുള്ളത്. ജൂഡീഷ്യല്‍ അന്വേഷണം അത്ര വലിയ സംഭവമൊന്നുമല്ല, മുമ്പ് നടന്ന ഇതുപോലുള്ള എത്രയോ അന്വേഷണങ്ങള്‍ ഫലം ചെയ്തതായി അറിവില്ല. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ അക്കഥയൊന്നും അന്വേഷിക്കാറുമില്ല. ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത പോലീസ് ഓഫീസര്‍മാരെയാണ് കുറ്റവാളികള്‍ ഭയപ്പെടുക. സിറ്റിംഗ് ജഡ്ജിയായാലും അല്ലാത്ത ജഡ്ജിയായാലും അവര്‍ നടത്തുന്ന അന്വേഷണം മറ്റൊരു വഴിക്കായിരിക്കുമല്ലോ?
സരിതയും ഭര്‍ത്താവും കൂട്ടാളികളും ഒറ്റക്കും കൂട്ടായും നടത്തിയ സകല കുറ്റങ്ങളും വിശദമായി അന്വേഷിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് കഴിയും. അത് ജുഡീഷ്യല്‍ അന്വേഷകന്റെ പണിയല്ല. തത്കാലം പ്രതികള്‍ രക്ഷപ്പെടാനേ അതു ഉപകരിക്കുകയുള്ളൂ. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകളും രീതികളും അന്തിമഫലവും ഏതു വിധത്തിലായിരിക്കുമെന്ന് കോടിയേരി ചോദിച്ചു പഠിക്കട്ടെ. പിന്നെ അദ്ദേഹം ഇത്തരം ഒരാവശ്യം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കിയതു പോലെ സരിതാ നായരുടെ ഏതെങ്കിലും പദ്ധതി എമര്‍ജിംഗ് കേരളയില്‍ വെക്കുകയോ അങ്ങനെയുണ്ടെന്ന് ഒരു സാക്ഷ്യപത്രം മുഖ്യമന്ത്രി നല്‍കുകയോ ചെയ്തിട്ടില്ല. ഉത്തരേന്ത്യന്‍ അഭയാര്‍ഥികള്‍ പിരിവിന് വരുമ്പോള്‍ കൊണ്ടുവരുന്ന മജിസ്‌ട്രേട്ടിന്റെ കത്ത് പോലെ വല്ലതും കൃത്രിമമായി സൃഷ്ടിച്ച് സരിതയും സംഘവും കൊണ്ടുനടന്നിരുന്നുവോ എന്നറിയില്ല. അക്കാര്യവും പോലീസ് അന്വേഷണത്തില്‍ വെളിപ്പെടട്ടെ.
കൊല്ലും കൊലയും തൊഴിലാക്കിയ എത്രയോ കുറ്റവാളികളെ രാഷ്ട്രീയ കാരണങ്ങളാല്‍ സംരക്ഷിക്കുന്നവരാണ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നത്. അവര്‍ നടത്തിയ ഗൂഢാലോചനകളും രാഷ്ട്രീയ കൊലപാതകങ്ങളും എണ്ണിയാലൊടുങ്ങാത്തത്രയാണ്. ഏറ്റവും ഒടുക്കം ചന്ദ്രശേഖരനേയും ശുക്കൂറിനേയും വധിച്ചതും അതിന് വേണ്ടി നടത്തിയ ഒരുക്കങ്ങളും പുറത്തുവന്നിട്ടുള്ളതാണ്. കുറ്റകൃത്യം ആസൂത്രണം ചെയ്യാനും പ്രതികളെ രക്ഷിക്കാനും അവരുടെയെല്ലാം ടെലഫോണുകള്‍ നിരന്തരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയെല്ലാം വിസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഭാര്യയെ കൊന്ന കേസില്‍ പ്രതിയായിട്ടും മുങ്ങി നടക്കാനും വീണ്ടും തട്ടിപ്പുകള്‍ നടത്താനും ഈ കൊടുംകുറ്റവാളികള്‍ക്ക് വഴിയൊരുക്കിക്കൊടുത്തതും അച്യുതാനന്ദന്‍ സര്‍ക്കാറായിരുന്നുവല്ലോ. പൂര്‍വകാലപ്രാബല്യത്തോടെ 2009ല്‍ തന്നെ രാജി വെക്കേണ്ടിയിരുന്നതും അച്യുതാനന്ദനെന്ന മുഖ്യമന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാറിന്റെയും രക്തത്തിന് ദാഹിക്കുന്നവര്‍ സ്വയം ചികിത്സിക്കുകയാണ് ആദ്യം വേണ്ടത്.
ഈ പുതിയ പ്രക്ഷോഭത്തിലൂടെ അച്യുതാനന്ദനെ തള്ളിമാറ്റി കോടിയേരി ഉയര്‍ന്നുവരുന്ന ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പിണറായിയുടെ ലാവ്‌ലിന്‍ കേസ് വേഗം തീര്‍പ്പാക്കാന്‍ സഹായിക്കുന്ന കോടതി വിധിയും വന്നു കഴിഞ്ഞു. ഇടതുപക്ഷത്ത് വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേട്ടങ്ങളുടെ നാന്ദിയായി ഇതിനെക്കാണാം. ഭരണ മുന്നണി ഒറ്റക്കെട്ടായി ആഞ്ഞടിച്ചാല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഈ സമരവും മാറും. ആഴവും വ്യാപ്തിയുമില്ലാത്ത ഒരു പൊളി മുദ്രാവാക്യമാണ് പ്രതിപക്ഷം ഏറ്റെടുത്തിട്ടുള്ളത്. തട്ടിപ്പും വെട്ടിപ്പും വ്യാജവും അധര്‍മവും കൊടി കുത്തിവാഴുന്ന ജീര്‍ണതകളുടെ ചെളിക്കുണ്ടിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഉദ്യോഗസ്ഥരുമെല്ലാം കഴിയുമെങ്കില്‍ സ്വയം സൂക്ഷ്മത പുലര്‍ത്തണമെന്ന ഗുണപാഠം ഈ സംഭവപരമ്പര നമുക്ക് നല്‍കുന്നുണ്ട്.