Connect with us

National

ഉത്തരാഖണ്ഡിന് 1000 കോടിയുടെ സഹായം: മരണം180 കവിഞ്ഞു

Published

|

Last Updated

ഡെറാഡൂണ്‍:ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 180 കവിഞ്ഞു. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.അറുപതിനായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപം അമ്പത് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തു. ഇന്നലെ മഴക്ക് അല്‍പ്പം ശമനമുണ്ടായിട്ടുണ്ട്. പുതിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ ഇന്നലെ വിമാനത്തില്‍ സഞ്ചരിച്ച് ദുരിതബാധിത പ്രദേശങ്ങള്‍ വീക്ഷിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ പാട്ടീലും ഇത്തരത്തില്‍ പ്രത്യേകം സന്ദര്‍ശനം നടത്തി. ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര സഹായമായി 145 കോടി രൂപ നല്‍കും. വലിയ ദുരന്തമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ദുരന്തത്തിനിരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം വീതം നല്‍കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ടെന്നും മരിച്ചവരുടെ എണ്ണം ഇതുവരെ പുറത്തുവന്ന കണക്കുകളേക്കാള്‍ വളരെ അധികമാണെന്ന് ആശങ്കപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ 150 പേര്‍ മരിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് സ്ഥിരീകരിച്ചു. ചമോലിയിലെ കേദാര്‍നാഥ് വന്യജീവി സങ്കേതത്തിലെ ബന്‍സിനാരായണ്‍ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. അഞ്ഞൂറ് റോഡുകളും 175 പാലങ്ങളും തകര്‍ന്നതായും ഗൗരികുണ്ട്- കേദാര്‍നാഥ് റൂട്ടില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായും മുഖ്യമന്ത്രി വിജയ് ബഹുഗുണ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴക്ക് കുറച്ച് ശമനമുണ്ടായതിനാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നുണ്ട്. ബദരിനാഥില്‍ മാത്രം 12,000ത്തോളം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. ചമോലിയില്‍ നിന്ന് 1500 ഉം രുദ്രപ്രയാഗില്‍ നിന്ന് 12000 ഉം പേരെ രക്ഷപ്പെടുത്തി. കേദാര്‍നാഥില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ ഇതിനകം ഒഴിപ്പിച്ചു. ഗൗരികുണ്ടില്‍ അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിവ്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സൈനികരെ ഉത്തരാഖണ്ഡിലേക്ക് നിയോഗിച്ചിട്ടുണ്ട്. 62,790 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും ഒമ്പതിനായിരത്തോളം പേരെ രക്ഷപ്പെടുത്തിയതായും ഷിന്‍ഡെ അറിയിച്ചു.
ഹിമാചല്‍പ്രദേശിലും ഹരിയാനയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.