ജോലിയില്ലാതെ മൂന്ന് മാസത്തിലധികം രാജ്യത്ത് തങ്ങരുത്: മന്ത്രാലയം

Posted on: June 19, 2013 10:32 pm | Last updated: June 19, 2013 at 10:32 pm
SHARE

അബുദാബി: മൂന്ന് മാസത്തിലധികം ജോലിയില്ലാതെ രാജ്യത്ത് കഴിയുന്നത് നിയമവിരുദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയം.
ജോലി ചെയ്യുന്ന സ്ഥാപനവുമായി തര്‍ക്കം നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഉടനെ മന്ത്രാലയത്തെ അറിയിക്കണം. വിവരം മന്ത്രാലയത്തെ അറിയിക്കാതെ മൂന്ന് മാസത്തിലധികം ജോലിക്ക് ഹാജാരാകാതെ തുടരുന്നത് രാജ്യത്ത് തൊഴില്‍ വിലക്കിന് (ബാന്‍) കാരണമാകും.
അബുദാബി തൊഴില്‍ മന്ത്രാലയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണിത്.
2011 മുതല്‍ കമ്പനി മാനേജ്‌മെന്റുമായി പിണങ്ങി ജോലിക്ക് ഹാജരാകാത്ത തൊഴിലാളിയുടെ ലേബര്‍ കാര്‍ഡ് കമ്പനി അധികൃതര്‍ ക്യാന്‍സല്‍ ചെയ്തു. ഇയാള്‍ക്ക് മന്ത്രാലയം ബാന്‍ അടിച്ചു. ഇത് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ചര്‍ച്ച നടക്കവേയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇക്കാലമത്രയും കമ്പനിയുമായുള്ള തര്‍ക്കം മന്ത്രാലയത്തെ അറിയിക്കാതെ രാജ്യത്ത് തങ്ങിയത് നിയമവിരുദ്ധമാണെന്ന്, ഇദ്ദേഹത്തെ മന്ത്രാലയം ബോധ്യപ്പെടുത്തുകയും ചെയ്തു.