സുഫൂ ട്രാം സാങ്കേതിക പരിശോധന പൂര്‍ത്തിയായി

Posted on: June 19, 2013 10:29 pm | Last updated: June 19, 2013 at 10:29 pm
SHARE

ദുബൈ: ദുബൈയിലെ അല്‍ സുഫൂ ട്രാമിന്റെ സാങ്കേതിക പരിശോധന പാരീസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഫ്രാന്‍സിലെ അല്‍സ്‌റ്റോം കമ്പനിയാണ് സുഫൂ ട്രാം നിര്‍മിക്കുന്നത്. 700 കിലോമീറ്ററിലായിരുന്നു സാങ്കേതിക പരിശോധന. ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ട്രാമില്‍ കയറി വിശദമായ പരിശോധന നടത്തി.

റെയില്‍ ഏജന്‍സി, സി ഇ ഒ അദ്‌നാന്‍ അല്‍ ഹമ്മാദി, റെയില്‍ പ്ലാനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ റിദാ അബ്ദു അല്‍ ഹസന്‍ തുടങ്ങിയവര്‍ മത്താര്‍ അല്‍ തായറിനൊപ്പമുണ്ടായിരുന്നു.
വിവിധ വേഗതയില്‍ ട്രാം ഓടിച്ചുകൊണ്ടായിരുന്നു പരിശോധന. സുരക്ഷയും വൈദ്യുതി വിതരണവും ബ്രേക്കിംഗും അടിയന്തര ഘട്ടത്തിലെ സഡന്‍ സ്‌റ്റോപ്പിംഗും പരിശോധിച്ചു.
ദുബൈയില്‍ താമസിയാതെ ഏര്‍പ്പെടുത്തുന്ന അല്‍ സുഫൂ ട്രാം പദ്ധതിയുടെ നാഴികക്കല്ലാണ് പാരീസില്‍ പിന്നിട്ടതെന്ന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത ട്രാം പദ്ധതി ജുമൈറ ബീച്ച് റസിഡന്റ്‌സ്, മറീന, അല്‍ സുഫൂ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കും.
പാരീസിലാണ് ട്രാമുകള്‍ നിര്‍മിക്കുന്നത്. അവിടെ നിന്ന് കപ്പലില്‍ ദുബൈയില്‍ എത്തിക്കും. എല്ലാ സാങ്കേതിക പരിശോധനയും നടത്തിയ ശേഷം മാത്രമെ ഇവിടെ എത്തിക്കുകയുള്ളൂ. എയര്‍ കണ്ടീഷന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും മറ്റും പരിശോധിച്ചിട്ടുണ്ട്.
കുലുക്കമില്ലാതെയും ശബ്ദമലിനീകരണം ഇല്ലാതെയും ട്രാം ഓടണം.
ഡിസംബറിലാണ് ട്രാമുകള്‍ എത്തുക. 2014 നവംബറോടെ പദ്ധതി പ്രാവര്‍ത്തികമാക്കണം. 14.6 കിലോമീറ്റര്‍ പാതയാണിത്. തുടക്കത്തില്‍ 10.6 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും പദ്ധതി. 17 സ്റ്റേഷനുകളില്‍ 11 എണ്ണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. 11 ട്രാമുകള്‍ ദിവസം ഓടും. രണ്ടാം ഘട്ടത്തില്‍ 25 ആയി വര്‍ധിക്കും. ദിവസം 27,000 ആളുകളാണ് യാത്ര ചെയ്യുക. 2020 ഓടെ 66,000 യാത്രക്കാരായി വര്‍ധിക്കും.
44 മീറ്റര്‍ നീളമാണ് ഓരോ ട്രാമിനും ഉണ്ടാവുക. 300 യാത്രക്കാരെ ഉള്‍ക്കൊള്ളും. ഒരു ക്യാബിന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. 44 മീറ്റര്‍ വിസ്തൃതിയുള്ള സ്‌റ്റേഷനുകളാണ് ഓരോ സ്ഥലത്തും പണിയുക.
മൂന്ന് മെട്രോ സ്‌റ്റേഷനുകളെ അല്‍ സുഫൂ ട്രാം സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. ശൈഖ് സായിദ് റോഡിലാ ണിത്. പാം ജുമൈറയിലെ മോണോ റെയിലുമായും ബന്ധിപ്പിക്കും. ഭൂഗര്‍ഭ വൈദ്യുതി കേബിളുകളാണ് ട്രാമുകളെ ചലിപ്പിക്കുക.