Connect with us

Ongoing News

ഒളിമ്പിക് തോല്‍വിക്ക് മധുരപ്രതികാരം തേടി മഞ്ഞപ്പട

Published

|

Last Updated

ഫോര്‍ടാലെസ: ജപ്പാനെ തകര്‍ത്തുവിട്ട ആത്മവിശ്വാസത്തില്‍ ബ്രസീല്‍ ഇന്ന് മെക്‌സിക്കോക്കെതിരെ. ഇറ്റലിയോട് പരാജയപ്പെട്ട കോണ്‍കകാഫ് ജേതാക്കള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ജയത്തോടെ സെമിബെര്‍ത് ഉറപ്പിക്കാനാണ് ബ്രസീല്‍ ഇറങ്ങുന്നത്. ലണ്ടന്‍ ഒളിമ്പിക് ഫൈനലിന്റെ ആവര്‍ത്തനം കൂടിയാണ് ഇന്നത്തെ പോരാട്ടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മഞ്ഞപ്പടയെ ഞെട്ടിച്ച മെക്‌സിക്കോ മറ്റൊരു അത്ഭുത പ്രകടനത്തിനുള്ള ഒരുക്കത്തിലാണ്. ഒളിമ്പിക് ഫൈനല്‍ കളിച്ച പതിനാല് കളിക്കാര്‍ ഇന്ന് കളത്തിലിറങ്ങും.
മെക്‌സിക്കോയുടെ ഭാഗത്ത് എട്ട് പേരും ബ്രസീല്‍ നിരയില്‍ ആറ് പേരും. ഗോള്‍കീപ്പര്‍ ജോസ് കൊറോണ, ഡിഫന്‍ഡര്‍മാരായ ഹിറാം മിയര്‍, ഡീഗോ റെയസ്, ജാവിയര്‍ അക്വുനോ, മിഡ്ഫീല്‍ഡര്‍മാരായ കാര്‍ലോസ് സാല്‍സിഡോ, ഹെക്ടര്‍ ഹെരേറ, സ്‌ട്രൈക്കര്‍മാരായ ജിയോവാനി ഡോസ് സാന്റോസ്, റൗള്‍ ജിമിനെസ് എന്നിവരാണ് മെക്‌സിക്കോ നിരയിലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കള്‍.
ലണ്ടനില്‍ തലകുനിച്ച ബ്രസീല്‍ നിരയിലുണ്ടായിരുന്ന തിയഗോ സില്‍വ, മാര്‍സലോ, ഓസ്‌കര്‍, നെയ്മര്‍, ലുകാസ്, ഹല്‍ക്ക് എന്നിവര്‍ സ്‌കൊളാരിയുടെ സംഘത്തിലെ ശക്തരാണ്. മധുരപ്രതികാരം ബ്രസീല്‍ താരങ്ങളുടെ മനസ്സിലുണ്ടാകും. അത്‌ലറ്റികോ മിനെയ്‌റോ സ്‌ട്രൈക്കര്‍ ജോയെ സ്‌കൊളാരി ആദ്യ ലൈനപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ഹല്‍ക്ക്, ഫ്രെഡ് എന്നിവരിലൊരാള്‍ സൈഡ് ബെഞ്ചിലിരിക്കേണ്ടി വരും. അതേ സമയം മിഡ്ഫീല്‍ഡില്‍ പൗളിഞ്ഞോയും ഓസ്‌കറും സ്ഥാനം നിലനിര്‍ത്തും. ലുകാസ് മൗറ ശക്തമായി അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും സ്‌കൊളാരി മധ്യനിരയില്‍ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല. മെക്‌സിക്കോ കോച്ച് ജോസ് മാനുവല്‍ ഡി ല ടോറെ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ജെറാള്‍ഡോ ഫ്‌ളോറസ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഹിറാം മിയറില്‍ നിന്ന് ഭീഷണി നേരിടുന്നു. സെസാര്‍ പ്രാന്‍ഡെലിയുടെ ഇറ്റലിക്കെതിരെ പ്രതിരോധത്തില്‍ ഫ്‌ളോറസ് നിറം മങ്ങിയിരുന്നു.
മെക്‌സിക്കോക്കെതിരെ ജയിക്കുക എളുപ്പമല്ലെന്ന് ബ്രസീലിന്റെ നായകന്‍ തിയഗോ സില്‍വ നിരീക്ഷിക്കുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ കളിച്ച ടീമിനേക്കാള്‍ ശക്തമാണ് ഇപ്പോഴത്തെ മെക്‌സിക്കോ നിര. ഏറെ പരിചയ സമ്പന്നര്‍ ആ ടീമിലുണ്ട്. കരിയറില്‍ എന്നും ഓര്‍ക്കുന്ന മത്സരം മെക്‌സിക്കോക്കെതിരെയുള്ളതാണ്. കാരണം അവര്‍ എന്നും വെല്ലുവിളി സൃഷ്ടിച്ചിരുന്നുവെന്നത് തന്നെ- തിയഗോ സില്‍വ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ മെക്‌സിക്കോ 2-0ന് ബ്രസീലിനെ തകര്‍ത്തിരുന്നു.
ബ്രസീലിനെ നേരിടുവാന്‍ ശരിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്താലെ അവരെ തോല്‍പ്പിക്കാന്‍ സാധിക്കൂ. നൂറ് ശതമാനം മികവ് ഓരോ താരവും പുറത്തെടുക്കണം – മെക്‌സിക്കോ സെന്റര്‍ ഹാഫ് ഫ്രാന്‍സിസ്‌കോ റോഡ്രിഗസ് പറഞ്ഞു.
ഇരുരാഷ്ട്രങ്ങളും തമ്മില്‍ 23 തവണ ഏറ്റുമുട്ടിയപ്പോള്‍ പതിനാല് ജയവുമായി ബ്രസീലിനാണ് മുന്‍തൂക്കം. എഴുപത് മത്സരം കളിച്ച ജൂലിയോ സീസറും 65 മത്സരം കളിച്ച തിയഗോ സില്‍വയുമാണ് ബ്രസീല്‍ നിരയില്‍ അമ്പത് മത്സരം പൂര്‍ത്തിയാക്കിയവര്‍. അതേ സമയം, മെക്‌സിക്കോ നിരയില്‍ എട്ട് പേര്‍ അമ്പതിലേറെ മത്സരങ്ങള്‍ കളിച്ചു.
ജെറാര്‍ഡോ ടൊറാഡോയും കാര്‍ലോസ് സാല്‍സിഡോയും ചേര്‍ന്ന് 255 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാല് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ ആന്ദ്രെസ് ഗൊര്‍ഡാഡോക്ക് അമ്പത് മത്സരമാകും.
51 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടിയ ജാവിയര്‍ ഹെര്‍നാണ്ടസാണ് മെക്‌സിക്കോയുടെ ഗോളടി പ്രതീക്ഷ. പതിമൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ജാറെഡ് ബൊര്‍ഗെറ്റിയുടെ 46 ഗോളുകള്‍ എന്ന മെക്‌സിക്കന്‍ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹെര്‍നാണ്ടസിനാകും. ബ്രസീലിന്റെ പ്രതീക്ഷയായ നെയ്മര്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഗോളടി ഉദ്ഘാടനം ചെയ്ത താരമാണ്. സ്‌കൊളാരിയുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ നെയ്മര്‍ക്ക് സാധിച്ചാല്‍ മെക്‌സിക്കോ ഇന്ന് വിയര്‍ക്കും.

ബ്രസീല്‍ ഇലവന്‍: ജൂലിയോ സീസര്‍(ഗോളി), ഡാനി ആല്‍വസ്, തിയഗോ സില്‍വ, ലൂയിസ്, മാര്‍സലോ, ഹല്‍ക്ക്, ഗുസ്താവോ, പൗളിഞ്ഞോ, ഓസ്‌കര്‍, നെയ്മര്‍, ഫ്രെഡ്.

മെക്‌സിക്കോ ഇലവന്‍: കൊറോണ (ഗോളി), മിയര്‍, മോറെനോ, റോഡ്രിഗസ്, സാല്‍സിഡോ, സവാല, ടൊറാഡോ, സാന്റോസ്, അക്വുനോ, ഗുര്‍ഡാഡൊ, ഹെര്‍നാണ്ടസ്.

espnഇന്ന് രാത്രി 12.30ന് തത്‌സമയം