Connect with us

Malappuram

ഇന്ന് വായനാദിനം:അനാഥമായി പോരൂരിലെ രണ്ട് വായന ശാലകള്‍

Published

|

Last Updated

വണ്ടൂര്‍: ഇന്ന് സംസ്ഥാനമൊട്ടാകെ വായനാദിനമായി ആചരിക്കുമ്പോള്‍ ആരാരും സംരക്ഷിക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ് പോരൂര്‍ പഞ്ചായത്തിലെ രണ്ട് വായനശാലകള്‍.

പതിനേഴാം വാര്‍ഡിലുള്‍പ്പെട്ട ചേരിപറമ്പ്,താലപ്പൊലിപറമ്പ് എന്നിവിടങ്ങളിലെ രണ്ടു വായന ശാലകളാണ് സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നത്.1980 മുതല്‍ 1990 വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വണ്ടൂര്‍ മേഖലയിലെത്തന്നെ ഏറെ പഴക്കം ചെന്ന വായനശാലയായിരുന്നു താലപ്പൊലിപറമ്പിലെ യുവതരംഗം വായനാശാല. ചാത്തങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ഭൂമിയില്‍ നിന്ന് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയിലായിരുന്നു വായനശാല പ്രവര്‍ത്തിച്ചിരുന്നത്.
നൂറുകണക്കിന് പുസ്തകങ്ങളുണ്ടായിരുന്നതിനാല്‍ നിരവധിപേര്‍ ഇവിടെ വായിക്കാനെത്തിയിരുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള സാഹിത്യ സമാജം ഉള്‍പ്പടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നതായി പ്രദേശത്തുകാര്‍ പറഞ്ഞു. പിന്നീട് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ യോഗം ചേരലിനും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ഈ വായനശാല ഉപയോഗിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുയകയും അവസാനം പൂട്ടുകയുമായിരുന്നു. ഇതോടെ പുസ്തകങ്ങള്‍ ചിലര്‍ കൈക്കാലാക്കി. ആര്‍ക്കും വേണ്ടാതായ വായനാശാല പിന്നീട് സാമൂഹ്യവിരുദ്ധരുടെ താവളമായി. ചീട്ടുകളിക്കാനും മദ്യപിക്കാനും നിര്‍ലോഭം ഉപയോഗിച്ചിട്ടും സ്വന്തക്കാര്‍ ഉണ്ടായതിനാല്‍ രാഷ്ട്രീയക്കാരാരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഗ്രാമസഭകളില്‍ പലരും വായനശാല സജീവമാക്കുന്നത് സംബന്ധിച്ച് ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. പിന്നീട് കെട്ടിടം സംരക്ഷിക്കാന്‍ ആളില്ലാതായതോടെ മാസങ്ങള്‍ക്ക് മുമ്പ് മേല്‍ക്കുരയടക്കം അടര്‍ന്നുവീഴുകയായിരുന്നു.
1999-2000ത്തിലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ചേരിപറമ്പില്‍ ചൈതന്യ വായനശാല ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇക്കാലം വരെ വായനശാല പ്രവര്‍ത്തിച്ചിട്ടില്ല. പുസ്തകങ്ങള്‍ ഇല്ലെന്നും തുറക്കാന്‍ ആളില്ലെന്നുമുള്ള വാദങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പറയുന്ന മറുപടി. വായനശാല പ്രവര്‍ത്തിക്കാത്തതിനാല്‍ ജലനിധി ഓഫീസാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനെതിരെ ശബ്ദിക്കാന്‍ ജനം തയ്യാറാകാത്തതിനാല്‍ ഒരു സാംസ്‌കാരിക നിലയം കൂടി ഒരേ വാര്‍ഡില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്.