കരുളായി ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം കെട്ടിടമാകും

Posted on: June 19, 2013 1:25 am | Last updated: June 19, 2013 at 1:25 am
SHARE

നിലമ്പൂര്‍: ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ അനുവദിച്ചതോടെ കരുളായി ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം കെട്ടിടമാകും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആശുപത്രി ടൗണിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. നിരവധി ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രി വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചെങ്കിലും കെട്ടിടത്തിന്റെ അപര്യാപ്തത വിഷമം സൃഷ്ടിച്ചിരുന്നു. കരുളായി കിണറ്റിങ്ങലില്‍ സ്വകാര്യ വ്യക്തി ആശുപത്രി കെട്ടിടത്തിന് സ്ഥലം അനുവദിക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ സ്ഥലത്തിനടുത്താണ് ഇപ്പോള്‍ ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം അനുവദിച്ചതോടെ നിര്‍മാണ പ്രവര്‍ത്തി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.