Connect with us

Kozhikode

വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാകണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് ആരോഗ്യകരമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാകണമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
പരിഷ്‌കരണങ്ങളുടെ പേരില്‍ നടക്കുന്ന കച്ചവടവത്കരണത്തോട് യോജിക്കാന്‍ കഴിയില്ല. ജനനം മുതല്‍ മരണം വരെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടുക എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസ രീതി സഹായിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയുടെ പതിനെട്ടാമത്തെയും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ആദ്യത്തേതുമാണ് എരഞ്ഞിപ്പാലത്ത് തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് സെന്ററിന്റെ പ്രയോജനം ലഭിക്കും. ഒഴിവ് ദിവസങ്ങളിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ എം എം സലീം അധ്യക്ഷത വഹിച്ചു. സി ബി എസ് ഇ പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി വിതരണം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വിസ്ഡം സി ഇ ഒ ഇംതിയാസ് അഹ്മദ്, പി ടി എ പ്രസിഡന്റ് സിദ്ദീഖ് പ്രസംഗിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അമീന്‍ ഹസന്‍ സഖാഫി സ്വാഗതവും പി ടി എ സെക്രട്ടറി നിസാര്‍ ചീനാടത്ത് നന്ദിയും പറഞ്ഞു.