Connect with us

Palakkad

ഉരുക്ക് കമ്പനി: മലിനീകരണത്തിന് ഒരുമാസത്തിനകം പരിഹാരം വേണമെന്ന് ഓംബുഡ്‌സ്മാന്‍

Published

|

Last Updated

പാലക്കാട്: കോട്ടായി മാത്തൂര്‍ കരിയം കോട് സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മലിനീകരണ വിരുദ്ധ സമിതി പ്രസിഡണ്ട് മാത്തൂര്‍ കരിയംകോട് ചാലാടിക്കുളം വീട്ടില്‍ എസ് ജനാര്‍ദ്ദനന്റെ പരാതിയില്‍ പ്രശ്‌നത്തെക്കുറിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഒരുമാസത്തിനകം പരിഹാരം കാണാന്‍ തദ്ദേശസ്വയം ഭരണ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെയായിരുന്നു പരാതി. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗിന്റെ രണ്ടാം ദിനം പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു അദ്ദേഹം.
1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് 2012 വരെ പഞ്ചായത്ത് ലൈസന്‍സ് പുതുക്കിനല്‍കിയിരുന്നു. വിഷപ്പുക തുപ്പുന്ന കമ്പനിയ്‌ക്കെതിരായി മലിനീകരണ വിരുദ്ധസമിതി 2012 ജനുവരി 28ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2012-13 ല്‍ ലൈസന്‍സ് പുതുക്കിനല്‍കിയിരുന്നില്ല. ലൈസന്‍സ് പുതുക്കിക്കിട്ടാനായി കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ലൈസന്‍സ് പുതുക്കിക്കിട്ടാനുള്ള അപേക്ഷ പരിഗണിക്കാനാണ് വിധിച്ചത്. സര്‍വകക്ഷിയോഗം ഇടപെട്ടതിനെത്തുടര്‍ന്ന് 2013-14 വര്‍ഷത്തെ ലൈസന്‍സും പഞ്ചായത്ത് നല്‍കിയില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി പൂട്ടിക്കുന്നതില്‍ സെക്രട്ടറി വീഴ്ച്ചവരുത്തിയെന്ന് ആരോപിച്ച് മലിനീകരണവിരുദ്ധസമിതി ഓംബുഡ്‌സ്മാന് പരാതിനല്‍കിയത്. ലൈസന്‍സ് പുതുക്കുന്നതിനായി അണ്‍ക്ലീന്‍ഡ് സ്‌ക്രാപ്പ് ഉപയോഗിക്കുന്നില്ലെന്ന ഉറപ്പ്, ഫില്‍റ്ററിന്റെ കാര്യക്ഷമത, വ്യവസായകേന്ദ്രം, ജില്ലാ ലേബര്‍ ഓഫീസര്‍, വ്യവസായകേന്ദ്രം എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന ഉറപ്പ്, കമ്പനിയിലെ 86 ജീവനക്കാരുടെ തൊഴില്‍നികുതിഅടച്ചരേഖകള്‍ എന്നിവ ഹാജരാക്കണം. കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന ജില്ലാമെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ലൈസന്‍സ് നല്‍കാമെന്നും സെക്രട്ടറി ഉറപ്പ് നല്‍കി. മൊബൈല്‍ ടവര്‍ ഉണ്ടാക്കുന്നതായി പറയപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നും തെളിയിക്കാനായിട്ടില്ലെന്ന 2011ലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ക്ക് സിവില്‍കോടതിയെ സമീപിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. വണ്ടാഴി പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന മണികണ്ഠന്റെ പരാതിയിലായിരുന്നു നിര്‍ദ്ദേശം. പാരിസ്ഥിതികപ്രശ്‌നം, ഭൂമിസംബന്ധമായ തര്‍ക്കം, നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള 29 പരാതികളില്‍ 11 എണ്ണം തീര്‍പ്പായി. പുതുതായി ആറ് പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിംഗ് ആഗസ്റ്റ് 23,24 തീയതികളില്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.—
ഹരിജി നല്‍കിയത് കൊണ്ട് മാത്രം ബാധ്യത തീരില്ല- ഓംബുഡ്‌സ്മാന്‍ ഓംബുഡ്‌സ്മാനില്‍ ഹരജി നല്‍കിയാല്‍ ഹരജിക്കാരന്റെ ബാധ്യത തീര്‍ന്നുവെന്ന് കരുതരുതെന്ന് ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ പറഞ്ഞു. പരാതി നല്‍കിയവരില്‍ പലരും പിന്നീട് സിറ്റിംഗിനോ നോട്ടീസയച്ചാലോ സത്യവാങ്മൂലം നല്‍കാന്‍ ഹാജരാകാറില്ല. എല്ലാം ഓംബുഡ്‌സ്മാന്‍ ചെയ്യുമെന്ന ധാരണയാണ് അവര്‍ക്കുള്ളത്. മൂന്ന് തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ശ്രീകണ്ഠന്റെ പരാതിയെക്കുറിച്ചാണ് ഓംബുഡ്‌സ്മാന്റെ പരാമര്‍ശം. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ എക്‌സ് പാര്‍ട്ടിവിധിയാകുമെന്നും അദ്ദേഹം താക്കീത് നല്‍കി.————

Latest