Connect with us

Palakkad

ആധാര്‍ കാര്‍ഡ്: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വിഷമവൃത്തത്തില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും പാചക വാതക കണക്ഷനുളള ഉപഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായതോടെ ജനം ആധാര്‍ നമ്പറിന് വേണ്ടി നെട്ടോട്ടമോടുന്നു. ഐ ടി മിഷന്റെ അക്ഷയയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തും പെന്‍ഷന്‍ ഗുണഭോക്തക്കള്‍ക്ക് ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന എന്‍ട്രോള്‍മെന്റ് കേന്ദ്രങ്ങളില്‍ വന്‍ജനകൂട്ടമാണ് ആധാര്‍ എടുക്കുന്നതിന് എത്തുന്നത്.
എന്‍ പി ആര്‍ ക്യാമ്പിലും ആധാര്‍ എന്‍ട്രോള്‍മെന്റ് കേന്ദ്രങ്ങളിലുമെത്തി വിവരശേഖരണം നടത്തിയവര്‍ തന്നെ വീണ്ടും ബയോമെട്രിക് എടുക്കുന്നത് ആധാര്‍ എടുക്കുന്നവരേയും ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. തപാല്‍ മാര്‍ഗം കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന കാരണത്താലാണ് പലരും വീണ്ടും ആധാറെടുക്കാനെത്തുന്നത്.— നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) ക്യാമ്പില്‍ വിവരശേഖരണം നടത്തിയ മിക്കയാളുകള്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാത്തത് ജനത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
മണ്ണാക്കാട്ടെ വിവിധ ഭാഗങ്ങളിലും കരിമ്പുഴ, വെളളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളിലും ക്യാമ്പ് ചെയ്ത് എന്‍ പി ആറിന് വേണ്ടി ബയോമെട്രിക് നല്‍കിയവരുടെ വിവരങ്ങളാണ് വെബ് സൈറ്റില്‍ ലഭിക്കാതിരിക്കുന്നത്. ഇത് മൂലം ഇവര്‍ വീണ്ടും എന്‍ട്രോള്‍മെന്റ് നടത്തണൊ വേണ്ടയൊ എന്നുളള ആശങ്കയും നിലവിലുണ്ട്. പാചക വാതക കണക്ഷന് സബ്‌സിഡിക്ക് ആധാര്‍ നമ്പര്‍ ഈ മാസം 30നകം നല്‍കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ആധാര്‍ നമ്പര്‍ നല്‍കേണ്ട അവസാന തിയ്യതി അറിയിച്ചിട്ടില്ല.
ആധാറിന് വേണ്ടി എന്‍ട്രോള്‍മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന ഇ —ഐ ഡി നമ്പര്‍ ഗ്യാസ് ഏജന്‍സികള്‍ സ്വീകരിക്കാത്തത് ജനത്തെ ഏറെ വലച്ചിട്ടുണ്ട്.
ബേങ്കിലും മറ്റ് ആവശ്യങ്ങള്‍ക്കും ആധാര്‍ എന്‍ട്രോള്‍മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന ഇ ഐ ഡി നമ്പര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഗ്യാസ് ഏജന്‍സികള്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതായും ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Latest