സഹകരണ ബേങ്ക് നിയമനത്തെ ചൊല്ലി സി പി എമ്മില്‍ ഭിന്നത

Posted on: June 19, 2013 12:42 am | Last updated: June 19, 2013 at 12:42 am
SHARE

ഒറ്റപ്പാലം: സഹകരണബേങ്ക് നിയമനത്തെ ചൊല്ലി സിപിഎമ്മില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി . വല്ലപ്പുഴയില്‍ നേതൃത്വത്തിന്റെ ഏകാധിപത്യത്തിനെതിരേ മറുപക്ഷം പരസ്യമായി രംഗത്തെത്തി. നേതൃത്വത്തെ വെല്ലുവിളിച്ച് ഇവര്‍ പ്രകടനം നടത്തി. ചെര്‍പ്പുളശേരി സര്‍വീസ് സഹകരണബേങ്ക് നിയമനം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രകടനം നടത്തിയവര്‍ നേതൃത്വത്തിന്റെ അഴിമതിക്കെതിരേ പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു.
ലോക്കല്‍ കമ്മിറ്റിയിലെ നേതാവിന്റെ ബന്ധുവിനും ഡിവൈഎഫ്‌ഐ നേതാവിന്റെ ബന്ധുവിനും ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറിയുണ്ടായത്. ലോക്കല്‍കമ്മിറ്റി തീരുമാനം ചില നേതാക്കള്‍ അട്ടിമറിച്ചെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സി പി എമ്മിലെ ചില നേതാക്കള്‍ പഞ്ചായത്ത് ‘ഭരണത്തെ അനുകൂലിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.—എന്നാല്‍ നേതാക്കള്‍ ബന്ധം തുടരുകയും ആക്ഷേപം ഉന്നയിച്ചവര്‍ക്കെതിരേ പ്രതികാരനടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്തതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന പരാതി. കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ഘടകങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. നേതൃത്വത്തിനെതിരേ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് നേതൃത്വത്തിനെതിരേ മറുപക്ഷം മറുപടി നല്‍കിയത്. ദീര്‍ഘനാളായി പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും മുണ്ടൂരിലും രൂപംകൊണ്ട അതേ സാഹചര്യമാണ് വല്ലപ്പുഴയിലും സി പി എമ്മിനെ പിടികൂടിയിരിക്കുന്നത്. അതേസമയം പാര്‍ട്ടിക്കകത്ത് ഒരുപ്രശ്‌നവും ഇല്ലെന്നും പ്രകടനം നടത്തിയവര്‍ക്ക് സി പി എമ്മുമായി യാതൊരു ബന്ധവുമില്ലെന്നും ലോക്കല്‍ സെക്രട്ടറി സി ദേവദാസന്‍ പറഞ്ഞു.———