Connect with us

International

സിറിയന്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്കയും റഷ്യയും ഒരുമിക്കുന്നു

Published

|

Last Updated

dpz-18jnab-01

ഉത്തര അയര്‍ലാന്‍ഡില്‍ നടക്കുന്ന ജി എട്ട് ഉച്ചകോടിക്കിടെ യു എസ് പ്രസിഡന്റ് ഒബാമയും റഷ്യന്‍ പ്രസിഡന്റ് പുടിനും

ഇന്നിസ്‌കില്ലെന്‍ (അയര്‍ലാന്‍ഡ്): സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒരുമിച്ച് നീങ്ങുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും. ഉത്തര അയര്‍ലാന്‍ഡില്‍ നടക്കുന്ന ജി എട്ട് ഉച്ചകോടിയിലാണ് സിറിയന്‍ വിഷയത്തിലുള്ള അഭിപ്രായഭിന്നത മറന്ന് പ്രശ്‌ന പരിഹാരത്തിന് ഒരുമിക്കാന്‍ ഇരുശക്തികളും ധാരണയിലെത്തിയത്.

സിറിയന്‍ വിഷയത്തില്‍ ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കയും അസദിന് അനുകൂല നിലപാട് സ്വീകരിക്കുന്ന റഷ്യയും പ്രശ്‌ന പരിഹാരത്തിന് ഒരുമിച്ച് രംഗത്തെത്തിയത് പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നുണ്ട്. സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത സായുധസംഘത്തിന് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കെയാണ്് പ്രശ്‌നപരിഹാരത്തിന് റഷ്യയുമായി സഹകരിക്കാന്‍ സന്നദ്ധമായിരിക്കുന്നത്.
സിറിയയിലെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ റഷ്യയും അമേരിക്കയും ഒരുമിച്ച് നീങ്ങുമെന്നും സമാധാന ചര്‍ച്ച നടക്കാനിരിക്കുന്ന ജനീവ സമ്മേളനത്തില്‍ സിറിയയിലെ സര്‍ക്കാര്‍ പ്രതിനിധികളെയും വിമതപക്ഷത്തെയും പങ്കെടുപ്പിക്കുമെന്നും യു എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
“സിറിയന്‍ വിഷയത്തില്‍ റഷ്യക്കും അമേരിക്കക്കും ഒരേ നിലപാടല്ല ഉള്ളത്. എന്നാല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം നടക്കണമെന്ന് ഞങ്ങള്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ട്. അതിനായി സിറിയന്‍ സര്‍ക്കാറിനെയും വിമതരെയും ഒരുമിച്ചിരുത്തി രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കും.” റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കി. ജിഎട്ട് ഉച്ചകോടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയന്‍ സര്‍ക്കാറുമായി ശക്തമായ സൗഹൃദം പുലര്‍ത്തുന്ന റഷ്യ, സിറിയക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. പ്രമേയം നിരവധി തവണ ചര്‍ച്ചക്കിട്ടെങ്കിലും റഷ്യയുടെ എതിര്‍പ്പ് മൂലം തള്ളുകയായിരുന്നു. ഏറ്റുമുട്ടല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ സിറിയന്‍ സര്‍ക്കാറിന് റഷ്യ ആയുധങ്ങള്‍ നല്‍കിയത് അമേരിക്കയെയും വിമതര്‍ക്ക് അമേരിക്ക സൈനിക സഹായങ്ങള്‍ നല്‍കിയത് റഷ്യയെയും ചൊടിപ്പിച്ചിരുന്നു. സിറിയന്‍ വിഷയത്തിലെ പ്രശ്‌നപരിഹാരം സാധ്യമാകാത്തത് റഷ്യയുടെയും അമേരിക്കയുടെയും അഭിപ്രായ ഭിന്നത മൂലമാണെന്ന ആരോപണവും ഉയര്‍ന്നതോടെയാണ് പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചത്.
സിറിയന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്നോണം സിറിയക്ക് മുപ്പത് കോടി ഡോളര്‍ സഹായം നല്‍കാനും കഷ്ടത അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വെള്ളം, വീട്, മരുന്ന് തുടങ്ങി സഹായങ്ങളെത്തിക്കാനും ഒബാമ ഭരണകൂടം തീരുമാനിച്ചതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

 

 

---- facebook comment plugin here -----

Latest