അഴിമതിമുക്ത സര്‍ക്കാര്‍: ഉദ്യോഗസ്ഥര്‍ക്ക് സിദ്ധരാമയ്യ കര്‍ശന നിര്‍ദേശം നല്‍കി

Posted on: June 19, 2013 12:30 am | Last updated: June 19, 2013 at 12:30 am
SHARE

siddaramaiahബംഗളൂരു: സംശുദ്ധവും കാര്യക്ഷമവും അഴിമതിമുക്തവുമായ ഭരണം ഉറപ്പു വരുത്തിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന്് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്യക്ഷമമായ സേവനം പ്രദാനം ചെയ്യുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് ജില്ലാ കലക്ടര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ടെന്നും അതിനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതി പരമ്പരകളെ തുടര്‍ന്ന് കളങ്കിതമായ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അധികാരമേറ്റ് ഒരു മാസത്തിന് ശേഷം പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാരുമായും ബ്യൂറോ ചീഫുമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സിദ്ധരാമയ്യ പറഞ്ഞു. മാറ്റത്തിന് വേണ്ടിയാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. ശുദ്ധവും കാര്യക്ഷമവും അഴിമതിമുക്തവുമായ സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്. ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴിമതിയും നിഷ്‌ക്രിയത്വവും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല.
2006- 2010 കാലയളവില്‍ ബെല്ലാരിയില്‍ നിന്ന് ആഭ്യന്തര മാര്‍ക്കറ്റുകളിലേക്ക് ഇരുമ്പയിര് ചരക്ക് നീക്കിയതിന്റെ കണക്ക് ആവശ്യപ്പെട്ട് സിദ്ധരാമയ്യ റെയില്‍വേക്ക് കത്തെഴുതും. ഇരുമ്പയിര് അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.