ടി കെ എ നായരുടെ മൊഴി രേഖപ്പെടുത്തും

Posted on: June 19, 2013 12:28 am | Last updated: June 19, 2013 at 12:28 am
SHARE

Nair_1068383fന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥരെയും കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്തയെയും സി ബി ഐ ചോദ്യം ചെയ്യും. പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി കെ എ നായരില്‍ നിന്നും സി ബി ഐ മൊഴിയെടുക്കും. കേസിലെ പ്രതിയാണ് കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത. ഗുപ്തക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ബി ഐ സമന്‍സ് അയച്ചത്.
2006 മുതല്‍ 2009 വരെ നടന്ന കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ടി കെ എ നായരില്‍ നിന്ന് മൊഴിയെടുക്കാന്‍ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ സി ബി ഐ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കും. സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ കല്‍ക്കരി പാടം അനുവദിക്കേണ്ടവരുടെ അപേക്ഷകള്‍ തീര്‍പ്പാക്കിയത് ഗുപ്ത കല്‍ക്കരി സെക്രട്ടറിയായിരുന്നപ്പോഴാണ്. പല തവണകളിലായാണ് അദ്ദേഹം ക്ലിയറന്‍സ് നല്‍കിയത്. ഇതിന്റെ വിശദാംശങ്ങളറിയാനാണ് ഗുപ്തയെ ചോദ്യം ചെയ്യുന്നതെന്ന് സി ബി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കല്‍ക്കരിപ്പാടം അനുവദിച്ചു നല്‍കാന്‍ ഗുപ്തക്ക് മേല്‍ ബാഹ്യ സമ്മര്‍ദമുണ്ടായോ എന്നും സി ബി ഐ ചോദിച്ചറിയും. കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ഗുപ്ത. അഴിമതി നടന്ന കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന വിനി മഹാജന്‍, ആശിഷ് ഗുപ്ത എന്നിവരില്‍ നിന്ന് സി ബി ഐ മൊഴിയെടുത്തിരുന്നു.
2006 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരിപ്പാടം അഴിമതി നടന്നത്. ഈ കാലയളവില്‍ കല്‍ക്കരി മന്ത്രാലത്തിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. 1987 ഐ എ എസ് ബാച്ചിലെ പഞ്ചാബ് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണ് വിനി മഹാജന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടറായിരുന്നു ഈ കാലയളവില്‍. പിന്നീട് പഞ്ചാബിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥയുമായി. 1989 ബാച്ച് ഉത്തര്‍ പ്രദേശ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ആശിഷ് ഗുപ്ത. പ്രധാനമന്ത്രിയുടെ ഓഫീസിലെ വിജിലന്‍സ് ഉദ്യോഗസ്ഥനായിരുന്നു ഈ കലയളവില്‍ ഗുപ്ത.