കാലവര്‍ഷത്തോടൊപ്പം ദുരിതങ്ങളും

Posted on: June 19, 2013 6:00 am | Last updated: June 19, 2013 at 8:11 am
SHARE

SIRAJ.......സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചിരിക്കയാണ്. ഇത്തവണ കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം തെറ്റിച്ചു കൊണ്ട് കേരളത്തിലാകമാനം അതിശക്തമായ മഴയാണ് വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം കാലവര്‍ഷക്കെടുതികളും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വെള്ളക്കെട്ടുകളില്‍ വീണും മണ്ണിടിഞ്ഞും വീടുകള്‍ തകര്‍ന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണുമുള്ള മരണങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍ പതിവാണ്. ഇത്തവണയുമുണ്ടായി അത്തരം ദുരന്തമരണങ്ങള്‍. മരങ്ങള്‍ വൈദ്യുതി ലൈനുകളിലും നിരത്തുകളിലും വീണ് വൈദ്യുതിമുടക്കവും ഗതാഗത തടസ്സവും അനുഭവപ്പെടുന്നു. വീടുകള്‍ തകര്‍ന്ന് അന്തിയുറങ്ങാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നവരും നിരവധിയാണ്. കഴിഞ്ഞ നാല് ദിവസത്തെ മഴയില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ കാലവര്‍ഷവും വിദ്യാഭ്യാസ വര്‍ഷവും ഒന്നിച്ചാണ് കടന്നുവരുന്നത്. വെള്ളം നിറഞ്ഞ വയലുകളും തോടുകളും പഴകി ദ്രവിച്ച പാലങ്ങളും താണ്ടി വേണം വിദ്യാര്‍ഥികളില്‍ പലര്‍ക്കും സ്‌കൂളുകളിലെത്താന്‍. ചങ്കിടിപ്പോടെയാണ് മാതാപിതാക്കള്‍ ഈ കുട്ടികളെ പഠനത്തിന് അയക്കുന്നത്. സ്‌കുളിലെത്തിയെന്നറിഞ്ഞാലും സമാധാനമില്ല. ജീര്‍ണിച്ചു വീഴാറായതാണ് പല സ്‌കൂള്‍ കെട്ടിടങ്ങളും. മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ രാമനാട്ടുകരക്കടുത്ത് കഴിഞ്ഞ ദിവസം ഒരു യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 44 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. പുതിയ അധ്യയന വര്‍ഷത്തിന് മുമ്പായി സ്‌കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് നിയമമുണ്ട്. ഉത്തവരവാദപ്പെട്ടവരെ കാണേണ്ടത് പോലെ കണ്ടാല്‍ ഏത് ജീര്‍ണിച്ച കെട്ടിടത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നതിനാല്‍ ഈ നിയമം കടലാസില്‍ ഒതുങ്ങുകയാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പേമാരിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ പൊട്ടി വീണുമാണ് വൈദ്യുതി തകരാറിലായത്. മഴക്കാലമടുത്താല്‍ വൈദ്യുതി ലൈനുകളോട് ചേര്‍ന്നുള്ള മരച്ചില്ലകളും മറ്റും വെട്ടി മാറ്റേണ്ടത് കെ എസ് ഇ ബിയുടെ ബാധ്യതയാണ്. പല ഭാഗങ്ങളിലും ആ ജോലി നടന്നിട്ടില്ല. ആവശ്യത്തിന് ജീവനക്കാരും യന്ത്ര സാമഗ്രികളും ഇല്ലാത്തതിന് പുറമെ നിലവിലുളള ജീവനക്കാരുടെ അനാസ്ഥയുമാണ് കാരണം. ഓടകള്‍ സ്ലാബിട്ട് മൂടുന്നതിലും കാണാം ഈ ദുരവസ്ഥ. ഓടകളുടെ നിര്‍മാണം കഴിഞ്ഞാലുടനെ സ്ലാബിട്ട് മുടണമെന്നാണ് ചട്ടമെങ്കിലും പണി കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷവും തുറന്നു കിടക്കുന്ന ഓടകള്‍ എങ്ങും ദൃശ്യമാണ്. മഴയില്‍ നിറഞ്ഞു കവിയുന്ന ഇത്തരം ഓടകള്‍ പലപ്പോഴും ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ട്. രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് ആഇശബി എന്ന സ്ത്രീ ഓടയിലെ ഒഴുക്കില്‍ പെട്ട് മരിക്കുകയുണ്ടായി.
ശക്തമായ കാറ്റില്‍ കടപുഴകി വീഴാറാകുന്ന വിധം റോഡുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങള്‍ പല ഭാഗങ്ങളിലുമുണ്ട്. ഇവ മുറിച്ചു മാറ്റാനൊരുങ്ങിയാല്‍ പരിസ്ഥിതിവാദികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായി. തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് നിയമപരമായി വിലക്കുമുണ്ട്. പരിസ്ഥിതി സ്‌നേഹം നല്ലത് തന്നെ. എന്നാല്‍ മനുഷ്യജീവനുകള്‍ക്ക് അപകടഭീഷണി വരുത്തുന്ന മരങ്ങളുടെ കാര്യത്തില്‍ പരിസ്ഥിതി വാദങ്ങളിലും സര്‍ക്കാര്‍ ചട്ടങ്ങളിലും അയവ് വേണ്ടതല്ലേ?
കാലവര്‍ഷത്തിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നവരാണ് തീരദേശ, മലയോര വാസികള്‍. തീരദേശത്ത് താമസിക്കുന്നവര്‍ കടലാക്രമണ ഭീഷണിയിലും മലയോര വാസികള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലുമാണ് മഴക്കാലത്ത് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. കടലാക്രമണം തടയാന്‍ സുരക്ഷാ ഭിത്തികളില്ലാത്ത പ്രദേശങ്ങളിലെ വീടുകള്‍ ആര്‍ത്തിരമ്പുന്ന തിരമാലകളില്‍ ഏത് സമയത്തും കടലെടുത്തു പോകാം. മത്സ്യബന്ധനവും അനുബന്ധ ജോലികളും നടത്തി ജീവിതം തള്ളി നീക്കുന്ന ഈ വിഭാഗം കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ മുഴുപ്പട്ടിണിയിലുമാണ്.
തീരദേശ മേഖലയിലും മറ്റു കാലവര്‍ഷ ദുരിത ബാധിത പ്രദേശങ്ങളിലും സൗജന്യ റേഷനുള്‍പ്പെടെ സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടതുണ്ട്. സര്‍ക്കാറിനൊപ്പം സന്നദ്ധ സംഘടനകള്‍ക്കും ഇതില്‍ പങ്ക് വഹിക്കാനാകും. സുന്നി യുവജന സംഘം ഈ രംഗത്ത് ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. ദുരിതമനുഭവിക്കുന്ന പതിനായിരം തീരദേശ കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതിക്ക് എസ് വൈ എസ് കഴിഞ്ഞ ദിവസം താനൂരില്‍ തുടക്കം കുറിക്കുകയുണ്ടായി. മറ്റു സാമൂഹിക, സന്നദ്ധ സംഘടനകളും ഈ മാതൃക പിന്തുടര്‍ന്നാല്‍ അവശ കുടുംബങ്ങള്‍ക്ക് വലിയൊരു ആശ്വാസമാകും.