Connect with us

Eranakulam

കൊച്ചി മെട്രോ ലാഭകരമാകില്ല: ശ്രീധരന്‍

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോയുടെ പണി നിശ്ചിത സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഇ ശ്രീധരന്‍.

വേണ്ടത്ര യാത്രക്കാരെ കിട്ടില്ല എന്നതാണ് കൊച്ചി മെട്രോ നേരിടുന്ന പ്രശ്‌നം. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് മെട്രോ വരുന്നത്. കൊച്ചിയിലാണെങ്കില്‍ 10 ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യ. ഇന്ധനച്ചെലവ് പരമാവധി കുറക്കാവുന്ന സാങ്കേതിക വിദ്യ, വരുമാനം അല്‍പ്പം പോലും ചോര്‍ന്നു പോകാത്ത സോഫ്ട്‌വെയര്‍, ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കല്‍, റെയില്‍വേ സ്റ്റേഷനുകള്‍ വ്യാപാരവശ്യങ്ങള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്തല്‍, കെ എം ആര്‍ എല്ലിന്റെ കൈവശമുള്ള അധിക ഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് നീക്കിവെക്കുക എന്നിവയിലൂടെ നഷ്ടം നികത്താനാണ് ശ്രമിക്കുന്നത്.
ലോകത്ത് ഒരു മെട്രോയും ലാഭത്തിലല്ല . ഡല്‍ഹി മെട്രോക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി എം ആര്‍ സിക്ക് കൈമാറി അഞ്ച് മാസത്തിനകം കൊച്ചി മെട്രോയുടെ ജോലി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആവശ്യം. അത് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു.ഗ്രേറ്റര്‍ കൊച്ചി ബേങ്കേഴ്‌സ് ക്ലബ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍.
ഡല്‍ഹിയിലേതില്‍ നിന്ന് വ്യത്യസ്തമായി, കൊച്ചിയിലെ റോഡുകള്‍ വീതി തീരെ കുറഞ്ഞതാണെന്നത് നിര്‍മാണ രംഗത്ത് നേരിടുന്ന വെല്ലുവിളിയാണ്. റോഡിനടിയിലൂടെ ഒരു പാട് കേബിളുകളും പൈപ്പുകളും പോകുന്നു എന്നതാണ് മറ്റൊരു തലവേദന. ഇവയുടെ ഉറവിടത്തെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ല. ബാനര്‍ജി, എം ജി, എസ് എ റോഡുകളിലാണ് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷം. 2016 മാര്‍ച്ചിനകം തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.യെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest