നൗറിന്‍ കഥപറഞ്ഞു, അകക്കണ്ണിന്റെ വെളിച്ചത്തില്‍

Posted on: June 19, 2013 5:59 am | Last updated: June 18, 2013 at 11:36 pm
SHARE

mlp-  andha vidyarthikal pusthakam vayikkunnu 3മലപ്പുറം:നൗറിന്‍ എന്ന ഏഴാംക്ലാസുകാരി ഇന്നലെ ഒരു കൊച്ചുകഥ പറഞ്ഞു. മുട്ടത്തു വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും. ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരുന്ന അനാഥരായ ലില്ലിയുടെയും ബേബിയുടെയും കഥ. ഈ കഥ നൗറിന് ആരും പറഞ്ഞുകൊടുത്തതല്ല, അവള്‍ വായിച്ചെടുത്തതായിരുന്നു. അതിലെന്താണിത്ര ആശ്ചര്യമെന്നല്ലേ… അവള്‍ക്ക് കണ്ണ് കാണില്ല.

നൗറിന് മാത്രമല്ല, ഫാത്വിമ സുഹ്‌റക്കും ശഹനക്കും മുഹമ്മദ് സ്വാദിഖലിക്കുമൊന്നും കാഴ്ചശക്തിയില്ല. എന്നിട്ടും അവര്‍ വായിച്ചെടുക്കുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കഥയും കവിതയും നാട്ടുവര്‍ത്തമാനങ്ങളുമെല്ലാം. കഥ പറയുന്നതിനിടെ സ്വാദിഖ് ഇടപെട്ടു. പാവപ്പെട്ട ലില്ലിയെയും ബേബിയെയും ഉപദ്രവിച്ച ഗ്രേസിയെന്ന പണക്കാരിയെ അവന് തീരെ ഇഷ്ടമായില്ല. ഇടക്ക് ഇരുവരും വഴിപിരിയുന്നതും കഥാന്ത്യത്തില്‍ വീണ്ടും കണ്ടുമുട്ടുന്നതുമെല്ലാം പിന്നീട് പറഞ്ഞത് സ്വാദിഖലിയാണ്. ജന്‍മനാ അന്ധരായ ഇവര്‍ മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്.
പാഠപുസ്തകം മാത്രമല്ല ഇവരുടെ ലോകം. ബ്രെയില്‍ ലിബിയില്‍ ഇവര്‍ക്കായി തയ്യാറാക്കിയ കഥകളും നോവലുകളുമെല്ലാം ഇവരുടെ കൂട്ടുകാരാണ്. അഞ്ചാം ക്ലാസുകാരിയായ ഫാത്വിമ സുഹ്‌റക്ക് ഏറെ ഇഷ്ടമായത് ഖലീല്‍ ജിബ്രാന്റെ 101 കഥകളാണ്. അവളും കൂട്ടുകാര്‍ക്കായി അതിലൊരു കഥ പറഞ്ഞു. അറിവിന്റെ വഴികാട്ടി, അറബിക്കഥകള്‍, ഇടത്താവളം എന്നിവയും ഇതിനകം ഇവര്‍ വായിച്ച് തീര്‍ത്തിട്ടുണ്ട്. വായിക്കാനാണ് കൂടുതല്‍ ഇഷ്ടമെങ്കിലും സമയം കൂടുതല്‍ വേണ്ടി വരുന്നതിനാല്‍ സി ഡികളിലാക്കിയ കഥകളാണ് ഏറെയും കേള്‍ക്കുന്നത്.
32 വിദ്യാര്‍ഥികളാണ് മഅ്ദിന്‍ എജ്യുപാര്‍ക്കിലെ വിദ്യാലയത്തില്‍ അന്ധതയെ തോല്‍പ്പിച്ച് അറിവിന്റെ ലോകത്തെ താരകങ്ങളാകുന്നത്. കാഴ്ചയില്ലെങ്കിലും ബി എഡും ടി ടി സിയും കഴിഞ്ഞ എം സുധീര്‍, പി ശരീഫ്, സി സുബൈര്‍, കെ പി സ്വഫിയ, ഇ വി സ്വഫിയ, കെ പി ജമീല, പി ഖദീജ എന്നീ അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത്.