സോഷ്യലിസ്റ്റ് ജനത പിളര്‍ന്നു; സോഷ്യലിസ്റ്റ് ഫോറം സമാന്തര കമ്മിറ്റി

Posted on: June 19, 2013 6:00 am | Last updated: June 18, 2013 at 11:31 pm
SHARE

കോഴിക്കോട്: സോഷ്യലിസ്റ്റ് ജനത പിളര്‍ന്നു. പുറത്താക്കിയ സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി, മുന്‍ എം എല്‍ എ. എം കെ പ്രേംനാഥ്, ഇ പി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന ഒരു വിഭാഗം, സോഷ്യലിസ്റ്റ് ഫോറമെന്ന സമാന്തര കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പുതിയ സംസ്ഥാന കൗണ്‍സില്‍ ഉടന്‍ വിളിച്ച് ചേര്‍ക്കും. ഈ സംസ്ഥാന കൗണ്‍സിലില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും എം പി വീരേന്ദ്രകുമാറിനെ പുറത്താക്കുന്നത് ആലോചിക്കുന്നതായും കെ കൃഷ്ണന്‍കുട്ടി, എം കെ പ്രേംനാഥ്, ഇ പി ദാമോദരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായാണ് തങ്ങളെ പുറത്താക്കിയത്. പുറത്താക്കുകയാണെങ്കില്‍ ഭരണഘടനാ പ്രകാരം അച്ചടക്ക കമ്മറ്റി രൂപവത്കരിക്കണം. 15 ദിവസം മുമ്പ് വിശദീകരണം ചോദിക്കണം. ഇതിന് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് പുറത്താക്കേണ്ടത്. ഇപ്പോഴത്തെ നടപടി അംഗീകരിക്കാനാകില്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.
കേരളത്തില്‍ യു ഡി എഫുമായി സഹകരിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരെയുള്ള സോഷ്യലിസ്റ്റ് ചേരിയാണ് സോഷ്യലിസ്റ്റ് ജനതയുടെ നയം. ഈ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചാണ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് വീരേന്ദ്രകുമാര്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത്.
തങ്ങള്‍ രൂപവത്കരിക്കുന്ന സോഷ്യലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാറിനെതിരെ സമരം ചെയ്യും. കോഴിക്കോട് ജില്ലയില്‍ നിന്ന് സമരം ആരംഭിക്കും. സമരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കണമെന്നും ഇവര്‍ പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകളായ തങ്ങളുടെ കൂടെ വീരേന്ദ്രകുമാറിന് വരേണ്ടിവരും. ഇടതുപക്ഷത്തേക്ക് പോകുന്നതോ കോണ്‍ഗ്രസ് എസില്‍ ലയിക്കുന്ന കാര്യമോ ആലോചിച്ചിട്ടില്ല. സോഷ്യലിസ്റ്റ് ജനതയില്‍ തന്നെ തുടരും. എന്നാല്‍ തങ്ങളുടെ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് നിലപാടെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ഘടകങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു
മൂന്ന് മാസം മുമ്പ് കിസാന്‍ ജനതാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നതായി ഇ പി ദാമോദരന്‍ പറഞ്ഞു. രാജിക്കത്ത് നല്‍കിയിട്ടും അത് സ്വീകരിച്ചതായോ മറ്റുള്ള കാര്യങ്ങളോ തന്നോട് നേതൃത്വം ചോദിച്ചിട്ടില്ല. രാജി വെച്ചയാളെ മാസങ്ങള്‍ക്ക് ശേഷം പുറത്താക്കുന്നത് മരിച്ചവനെ വെടിവെച്ചുകൊല്ലുന്നതിന് സമമാണെന്ന് ദാമോദരന്‍ വിശേഷിപ്പിച്ചു.