ലോക സര്‍വകലാശാലാ മീറ്റിലേക്ക് മൂന്ന് താരങ്ങള്‍

Posted on: June 18, 2013 11:46 pm | Last updated: June 19, 2013 at 12:48 am
SHARE

കോഴിക്കോട്: ലോക സര്‍വകലാശാല കായിക മാമാങ്കത്തില്‍ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് വേണ്ടി 10000 മീറ്ററില്‍ സ്വര്‍ണം നേടിയ എം ഡി താര കാലിക്കറ്റിനെ പ്രതിനിധീകരിക്കുന്നു.
36 മിനിറ്റും 29 സെക്കന്‍ഡുമായിരുന്നു അന്നത്തെ സമയം. എന്നാല്‍ ഇപ്പോള്‍ ട്രയല്‍സില്‍ അതിലും മെച്ചപ്പെട്ട 34 മിനുറ്റ് 39 സെക്കന്‍ഡ് സമയത്ത് താര 10000 മീറ്റര്‍ ഓടിയെത്തുന്നുണ്ട്. പാലക്കാട് മേഴ്‌സി കോളജില്‍ രണ്ടാം വര്‍ഷ ബി എ എക്കണോമിക്‌സ് വിദ്യാര്‍ഥിയായ താര സ്‌കൂള്‍ തലം മുതല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. യൂത്ത് കോമണ്‍വെല്‍ത്തിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ കല്യാണി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ തൃശൂര്‍ വിമലാ കോളജിലെ ആര്‍ അനു 400 മീറ്റര്‍ ഹാര്‍ഡില്‍സിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അത്‌ലറ്റിക് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അനു. സ്‌പെയിനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളില്‍ ഒന്നാമനായ സി എം നീരജ് ആണ് മറ്റൊരു താരം. ഒരു മിനിറ്റ് 56.07 സെക്കന്‍ഡിലാണ് നീരജ് കഴിഞ്ഞ വര്‍ഷം സ്വര്‍ണമെഡല്‍ നേടിയത്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഫൈനല്‍ ബി കോമിനാണ് പഠിക്കുന്നത്. നേരത്തെ ദേശീയ ജൂനിയര്‍ ചാമ്പ്യനായിരുന്നു.