ഫിഫ ലോകകപ്പ്: ഇറാന്‍,ദ.കൊറിയ,ആസ്‌ത്രേലിയ യോഗ്യത നേടി

Posted on: June 18, 2013 10:35 pm | Last updated: June 18, 2013 at 10:35 pm
SHARE

fifa

സിഡ്‌നി: 2014 ഫിഫ ലോകകപ്പിന് ഏഷ്യന്‍ മേഖലയില്‍ നിന്ന് ആസ്‌ത്രേലിയ യോഗ്യത നേടി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആസ്‌ത്രേലിയ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് കളിക്കാന്‍ യോഗ്യത സമ്പാദിച്ചത്. ഗ്രൂപ്പ് എയില്‍ നിന്ന് ഇറാനും ദക്ഷിണകൊറിയയും ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് ബിയിലെ ഒമാന്‍-ജോര്‍ദാന്‍ മത്സര വിജയികളാകും ഉസ്‌ബെക്കിസ്ഥാന്റെ പ്ലേ ഓഫ് എതിരാളി. ഏഷ്യന്‍ പ്ലേ ഓഫ് ജയിക്കുന്നവര്‍ക്ക് ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി ഇരുപാദ പ്ലേ ഓഫിലൂടെ ലോകകപ്പ് ബെര്‍ത്ത് തേടാം.
ഉള്‍സാനില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇറാന്‍ 1-0ന് ദക്ഷിണകൊറിയയെ തോല്‍പ്പിച്ചു. ഇതോടെ, എ ഗ്രൂപ്പില്‍ പതിനാറ് പോയിന്റോടെ ഇറാന്‍ ചാമ്പ്യന്‍മാരായി. പതിനാല് പോയിന്റോടെ കൊറിയ രണ്ടാം സ്ഥാനത്തായി. ഖത്തറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ക്ക ഉസ്‌ബെക്കിസ്ഥാന്‍ കൊറിയക്കൊപ്പം പോയിന്റ് നിലയില്‍ ഒപ്പമെത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ള.പ്പെട്ടു.