Connect with us

Kerala

'പ്രത്യാശ' നിര്‍ത്തലാക്കുന്നു; എച്ച് ഐ വി ബാധിതരുടെ ഭാവി ഇരുളില്‍

Published

|

Last Updated

കോഴിക്കോട്: എച്ച് ഐ വി ബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു. അടുത്ത മാസം പത്തിന് മുമ്പായി പ്രത്യാശാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പൂര്‍ത്തീകരിച്ച് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യാശ പ്രൊജക്ട് ഡയറക്ടര്‍ വിവിധ ജില്ലകളിലെ പ്രത്യാശാ കോ ഓഡിനേറ്റര്‍മാര്‍ക്ക് സര്‍ക്കുലറയച്ചു. പ്രത്യാശാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനായി നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഇതോടെ പ്രത്യാശാ കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരകണക്കിന് എച്ച് ഐ വി ബാധിതരുടെ ഭാവി ആശങ്കയിലായി.

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കാണ് പ്രത്യാശാ കേന്ദ്രങ്ങളുടെ ചുമതല. നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. 2013-2014 വര്‍ഷത്തെ ബജറ്റില്‍ ആദ്യപാദമായ 2013 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ കാലയളവിലേക്കുള്ള സാമ്പത്തിക സഹായം മാത്രമാണ് അനുവദിച്ചിരുന്നത്. ഇതനുസരിച്ചാണ് വിവിധ ജില്ലകളിലെ പ്രത്യാശാ കേന്ദ്രങ്ങളുമായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കരാര്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 30ന് ശേഷം പദ്ധതി തുടരുന്നത് സംബന്ധിച്ച് നാകോയില്‍ നിന്ന് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് കെ എസ് എ സി എസ് വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം 30ഓടു കൂടി പ്രത്യാശാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ജൂലൈ 10ന് മുമ്പായി എല്ലാ ഇടപാടുകളും ക്ലോസ് ചെയ്യുകയും വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രത്യാശാ കോ ഓഡിനേറ്റര്‍മാര്‍ക്കാണ് ഇതിനകം സര്‍ക്കുലര്‍ ലഭിച്ചിരിക്കുന്നത്.

prathyashaഎച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയിലൂടെ സമൂഹം അകറ്റിനിര്‍ത്തുന്നവരെ പുനരധിവസിപ്പിച്ച് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യാശാ കേന്ദ്രങ്ങള്‍ തുടങ്ങിയത്. പൂര്‍ണമായും എച്ച് ഐ വി ബാധിതരാല്‍ നടത്തപ്പെടുന്ന ഈ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച് ഐ വി ബാധിതര്‍ക്കുള്ള ആന്റി റിട്രോ-വൈറല്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളായ (Anti Retroviral Treatment -ART)  ഉഷസ് കേന്ദ്രങ്ങളുള്ള ജില്ലകളില്‍ അതിനോട് ചേര്‍ന്നും അതില്ലാത്ത സ്ഥലങ്ങളില്‍ ജില്ലാ ആശുപത്രിയോട് ചേര്‍ന്നുമാണ് പ്രത്യാശാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യാശാ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഓരോ ജില്ലകളിലേയും കേന്ദ്രങ്ങളുടെ ചുമതല. എച്ച് ഐ വിയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക, എച്ച് ഐ വി ബാധിതരായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചത്. എച്ച് ഐ വി ബാധിതരായവര്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായവും ഇതിന് കീഴില്‍ നല്‍കിയിരുന്നു.

എന്നാല്‍ സാമ്പത്തിക സഹായം നിലച്ച് ഇവ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ പതിനായിരക്കണക്കിന് എച്ച് ഐ വി ബാധിതരുടെ ഭാവിയാണ് ഇരുളടയുന്നത്. 2007ലെ കണക്കനുസരിച്ച് 55,167 എച്ച് ഐ വി ബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും പ്രത്യാശാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ ചികിത്സക്കെത്തുന്ന എച്ച് ഐ വി ബാധിതരെ തുടര്‍ ചികിത്സക്കായി പ്രവേശിപ്പിക്കുന്നതും പ്രത്യാശാ കേന്ദ്രങ്ങളിലാണ്.

അതേസമയം, ആരോഗ്യ വകുപ്പിന് കീഴില്‍ തന്നെ നടക്കുന്ന സുരക്ഷാ കേന്ദ്രങ്ങളെ സഹായിക്കാനാണ് പ്രത്യാശാ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നടക്കുന്ന സുരക്ഷാ കേന്ദ്രങ്ങള്‍ എച്ച് ഐ വി ബാധിതര്‍ക്ക് ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന്റെ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ ഫണ്ട് തട്ടിയെടുക്കുക എന്ന അജന്‍ഡമാത്രമാണുള്ളതെന്ന ആരോപണവും ഉണ്ട്.

hiv-circlular

 

Latest