Connect with us

Gulf

രാജ്യം കടുത്ത ചൂടിലേക്ക്; താപനില @ 48

Published

|

Last Updated

ദുബൈ: ഈ വര്‍ഷം അസഹ്യമായ ചൂടായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം രാജ്യത്തെ കൂടിയ താപനില 48 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പതിവിന് വിപരീതമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ചൂടില്‍ സംഭവിക്കുന്ന പെട്ടെന്നുള്ള ഉയര്‍ച്ച വെന്തുരുകുന്ന വേനല്‍ ദിനങ്ങള്‍ക്കാവും വഴിവെക്കുകയെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനിക്കാറായപ്പോഴായിരുന്നു രാജ്യം 50 ഡിഗ്രി സെല്‍ഷ്യസ് ചൂടിലേക്ക് നീങ്ങിയിരുന്നതെങ്കില്‍ ഈ വര്‍ഷം ചൂട് കുത്തനെ കൂടുമെന്നും വരും ദിവസങ്ങളില്‍ തന്നെ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ കണക്ക് കൂട്ടുന്നു.
രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലകളിലാണ് ജൂണ്‍ 16ന്, 48 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിനവും ഇതായിരിക്കുകയാണ്. നഗരപ്രദേശങ്ങളില്‍ പോലും ആളുകള്‍ ഉച്ച സമയത്ത് പുറത്തിറങ്ങുന്നത് ഇന്നലെ മുതല്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പലരും രാവിലെയും വൈകുന്നേരവുമായി പുറത്ത് പോകുന്നതിന്റെ സമയം പുനക്രമീകരിച്ചുകൊണ്ടിരിക്കയാണ്.
നഗരങ്ങള്‍ക്കൊപ്പം രാജ്യത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളും കനത്ത ചൂടില്‍ വെന്തുരുകുന്ന സ്ഥിതിയാണ്. അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നത് കാരണം പുറത്തിറങ്ങുവര്‍ അതികഠിനമായി വിയര്‍പ്പില്‍ മുങ്ങുന്നു. ചിലര്‍ക്കെങ്കിലും ഇപ്പോഴേ ശ്വാസ തടസവും അനുഭവപ്പെട്ടു തുടങ്ങിയതായി റിപോര്‍ട്ടുണ്ട്.
രാജ്യം മുഴുവന്‍ ഏതാനും ദിവസത്തിനകം അതികഠിനമായ ഉഷ്ണക്കാറ്റ് വീശിയേക്കാമെന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അല്‍ ഐന്‍, സ്വവൈഹാന്‍, ലിവ തുടങ്ങിയ പ്രദേശങ്ങളിലാണ് ചൂട് കഠിനമായി അനുഭവപ്പെട്ടത്. മരുഭൂമിയുമായി തൊട്ടുരുമ്മിക്കിടക്കുന്നതാണ് ഈ മേഖലകളില്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. എന്നാല്‍ തീരപ്രദേശങ്ങളില്‍ താപനില പരമാവധി 41 ഡിഗ്രി വരെ മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിച്ചേക്കും. പകല്‍ താപനില 44 ഡിഗ്രി മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയാവും. എന്നാല്‍ രാത്രികാലങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാവും 28 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഇത്.
മരുപ്രദേശങ്ങളില്‍ ചുടുകാറ്റിന് തുടക്കമായതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ഇത് ചൂട് ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇപ്പോള്‍ തന്നെ അല്‍ ഐന്‍, ലിവ തുടങ്ങിയ മേഖലയില്‍ ഉച്ച സമയത്ത് പുറത്തിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും റോഡുകള്‍ തികച്ചും വിജനമാണ്.
വരും നാളുകളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സ്ഥിതിയാവും അനുഭവപ്പെടുക.
കഴിഞ്ഞ വര്‍ഷം ജൂലൈ അവസാന വാരത്തില്‍ ദുബൈ നഗരത്തില്‍ 46 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില. ചൂട് ഇതുപോലെ വര്‍ധിക്കുന്ന പക്ഷം ദുബൈ, അബുദാബി, അല്‍ ഐന്‍ തുടങ്ങിയ നഗരപ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ 50 ഡിഗ്രിക്ക് മുകളില്‍ താപനില എത്തും. ഷാര്‍ജയിലും ചൂട് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. 2012ല്‍ യു എ ഇ ഉള്‍പ്പെടുന്ന അറേബ്യന്‍ പീഢഭൂമി സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉഷ്ണകാലത്തിനായിരുന്നു.
എന്നാല്‍ ഈ റെക്കാര്‍ഡും മറികടക്കുന്ന ചൂടിനാവും ഈ വര്‍ഷം സാക്ഷിയാവുകയെന്നാണ് കലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന മേഘവൃതമായ കാലാവസ്ഥയും പൊടിക്കാറ്റിനുള്ള സാധ്യതയും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവുമെല്ലാം ചൂട് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അടുത്ത 24 മണിക്കൂറിലും താപനില ഉയര്‍ന്നുതന്നെയാവും നില്‍ക്കുകയെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഴിഞ്ഞ 15 മുതല്‍ ഉച്ച വിശ്രമം അനുവദിച്ച് അധികൃതര്‍ ഉത്തരവിട്ടിരുന്നു. തൊഴിലാളികള്‍ക്ക് പുറമേ അത്യാവശ്യങ്ങള്‍ക്കും മറ്റുമായി ഉച്ച നേരങ്ങളില്‍ പുറത്ത് പോകുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കുടപോലുള്ള സാമഗ്രികള്‍ കരുതണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

Latest