ലാവ്‌ലിന്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവ്

Posted on: June 18, 2013 4:20 pm | Last updated: June 19, 2013 at 9:49 am
SHARE

pinarayi-vijayanകൊച്ചി: ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താമെന്ന് ഹൈക്കോടതി. കേസിലെ ഏഴാം പ്രതി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

തന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കുറ്റപത്രം വിഭജിക്കണമെന്ന് പിണറായി ഹര്‍ജി നല്‍കിയിരുന്നു. കേസ് തന്റെ രാഷ്ട്രീയ ഭാവിക്കുമേല്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുകയാണെന്നും വിചാരണ വൈകുന്നത് നീതി നിഷേധമാണെന്നും പിണറായി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടാന്‍ ഒരു പ്രതിക്ക് അവകാശമില്ലെന്ന് ഹര്‍ജി ആദ്യം പരിഗണിച്ച തിരുവനന്തപുരം സി ബി ഐ കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിലാക്കാന്‍ അവകാശപ്പെടാന്‍ പ്രതിക്ക് ന്യാമായ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി. ഇപ്പോഴുള്ള ഏഴു പ്രതികളുടെയും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

പിണറായിക്ക് ഏറെ ആശ്വാസമുള്ളതും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഇത്തരമൊരു കേസ് നീളുന്നത് തടസ്സമാണ്. മൂന്ന് തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ പിണറായിക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രതീക്ഷയാണ് വിധിയിലൂടെ വന്നിരിക്കുന്നത്.