Connect with us

Malappuram

വേങ്ങര സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ്; ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

Published

|

Last Updated

വേങ്ങര:  സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരത്തിന്. ആകെയുള്ള 13 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലെക്കും മുസ്‌ലിംലീഗും കോണ്‍ഗ്രസും വെവ്വേറെ പത്രികകള്‍ സമര്‍പ്പിച്ചു.

കണ്ണമംഗലം, വേങ്ങര ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് വേങ്ങര സര്‍വീസ് സഹകരണ ബേങ്ക് പരിധി. ഇരു പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന വൈര്യത്തിന്റെ ഭാഗമായാണ് ബേങ്ക് തിരഞ്ഞെടുപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടം. കഴിഞ്ഞ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ധാരണ പ്രകാരം തിരഞ്ഞെടുപ്പിനെ നേരിട്ട് യു ഡി എഫ് ഭരണം നേടിയിരുന്നുവെങ്കിലും ഇടക്കാലത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളുടെ ധാരണ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞത്.
ഇത് മുതലെടുത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച ലീഗ് അനൗദ്യോഗിക കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിശാല ഐ ഗ്രൂപ്പുമായി ധാരണയിലെത്തി വൈസ് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയിരുന്നു. ലീഗും കോണ്‍ഗ്രസും അനൗദ്യോഗിക വിഭാഗമായ എ ഗ്രൂപ്പും തമ്മില്‍ ഇടഞ്ഞതോടെ വിശാല ഐ ഗ്രൂപ്പ് ലീഗുമായി ധാരണയിലെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കാണാത്തത് കാരണം വിശാല ഐ ഗ്രൂപ്പും 13 മണ്ഡലങ്ങളിലും പത്രിക നല്‍കിയിട്ടുണ്ട്. പതിനായിരം വോട്ടര്‍മാരാണ് ഇത്തവണ കന്നി വോട്ടര്‍മാരായി ഉള്ളത്. കന്നി വോട്ടര്‍മാരില്‍ ഭൂരിപക്ഷം തങ്ങളുടെതാണെന്നതിനാല്‍ വിജയാവകാശവുമായാണ് കോണ്‍ഗ്രസ് അനൗദ്യോഗിക പക്ഷം രംഗത്തുള്ളത്. മത്സരം കൊഴുപ്പിക്കാന്‍ ലീഗും കോണ്‍ഗ്രസും പ്രമുഖരെ തന്നെ മത്സരത്തിനിറക്കിയിട്ടുണ്ട്. അടുത്തമാസം മൂന്നിനാണ് തിരഞ്ഞെടുപ്പ്.

Latest