യു എസിന് പിറകെ ബ്രിട്ടനും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍

Posted on: June 18, 2013 12:08 am | Last updated: June 18, 2013 at 12:08 am
SHARE

ലണ്ടന്‍: ജി 20 പ്രതിനിധികളുടെ ഫോണുകളും ഇന്റര്‍നെറ്റ് രേഖകളും ബ്രിട്ടന്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യു എസ് വ്യാപകമായി ഫോണ്‍ ചോര്‍ത്തലുകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടനും ഇതേ ആരോപണത്തിന്റെ നിഴലിലായത്. ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രമാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ദക്ഷിണാഫ്രിക്ക, തുര്‍ക്കി രാജ്യങ്ങളുടെ പ്രതിനിധികളുടെ ഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് വിവരങ്ങളുമാണ് ബ്രിട്ടന്‍ പ്രധാനമായും ചോര്‍ത്തിയതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
2009 ഏപ്രിലിലും സെപ്തംബറിലും നടന്ന ജി20 ഉന്നതതല യോഗങ്ങള്‍ക്കിടെയാണ് പ്രതിനിധികള്‍ ആശയവിനിമയം നടത്തിയത് ബ്രിട്ടന്‍ ചോര്‍ത്തിയത്. ഏപ്രിലില്‍ ലണ്ടനിലും സെപ്തംബറില്‍ യു എസിലുമാണ് യോഗം നടന്നത്. രണ്ട് ദിവസത്തെ ജി എട്ട് ഉച്ചകോടി വടക്കന്‍ അയര്‍ലാന്‍ഡില്‍ ഇന്നലെ ആരംഭിച്ച സാഹചര്യത്തിലാണ് ബ്രിട്ടനെതിരെ ഫോണ്‍ ചോര്‍ത്തലുള്‍പ്പെടെയുള്ള ആരോപണം ഉയരുന്നത്.
പ്രതിനിധികള്‍ക്കായി പ്രത്യേകം അനുവദിച്ച ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നുള്ള വിവരങ്ങളും ചോര്‍ത്തിയതായി ബ്രിട്ടന്റെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ജി സി എച്ച് ക്യു) രേഖകള്‍ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫോണ്‍ സംഭാഷണത്തിന് പുറമെ പ്രതിനിധികളുടെ ഇ മെയില്‍ സന്ദേശങ്ങള്‍, മറ്റ് ഇന്റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. പ്രതിനിധികള്‍ തമ്മിലും ഉദ്യോഗസ്ഥര്‍ തമ്മിലുമുള്ള സംഭാഷണങ്ങള്‍ക്ക് പുറമെ തുര്‍ക്കി ധനകാര്യ മന്ത്രിയുമായുള്ള പ്രതിനിധികളുടെ സംഭാഷണവും ജി സി എച്ച് ക്യു ചോര്‍ത്തിയിട്ടുണ്ട്. അന്നത്തെ റഷ്യന്‍ പ്രസിഡന്റായിരുന്ന ദിമിത്രി മെദ്‌വദേവിന്റെ മോസ്‌കോയില്‍ നിന്നുള്ള സാറ്റലൈറ്റ് കോള്‍ പിടിച്ചെടുക്കാന്‍ യു എസ് ദേശീയ സുരക്ഷാ ഏജന്‍സി ശ്രമിച്ചതായും ജി സി എച്ച് ക്യുവിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, യു സ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ എസ് എ) വ്യാപകമായി ഫോണ്‍ ചോര്‍ത്തലുകള്‍ നടത്തിയെന്ന വാര്‍ത്ത ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ സി ഐ എ മുന്‍ ഉദ്യോഗസ്ഥന്‍ സ്‌നോഡന്‍ ഹോങ്കോംഗില്‍ ഒളിവിലാണ്.