Connect with us

Editorial

അഴിച്ചുപണി കൊണ്ട് മാത്രമായില്ല

Published

|

Last Updated

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തിയിരിക്കയാണ്. പാര്‍ട്ടിയുടെ ഭാവിപ്രതീക്ഷയായ രാഹുല്‍ ഗാന്ധിയുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. 12 ജനറല്‍ സെക്രട്ടറിമാരിലും 38 സെക്രട്ടറിമാരിലും പകുതിയോളം പുതുമുഖങ്ങളാണ്. നേതൃത്വത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി മധുദസൂദന മിസ്ത്രിക്ക് ഇനി യു പിയുടെ ചുമതലയാണ്. യു പി തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് തന്റെ വിശ്വസ്തനായ മിസ്ത്രിയെ രാഹുല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ ആയുധങ്ങളും പുറത്തെടുത്തിട്ടും യു പി കൈവിട്ടുപോയതില്‍ രാഹുലിന് കടുത്ത ദുഃഖമുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ചിത്രം മാറ്റിവരക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മുകുള്‍ വാസ്‌നിക്കിനാണ് ഇനി കേരളത്തിന്റെ ചുമതല.
എ ഐ സി സി സെക്രട്ടറിയായിരുന്ന ഷാനിമോള്‍ ഉസ്മാനെ ഒഴിവാക്കിയപ്പോള്‍ വി ഡി സതീശന്‍ എം എല്‍ എക്ക് സെക്രട്ടറി സ്ഥാനം നല്‍കിയെന്നതില്‍ കവിഞ്ഞ് കേരളത്തിന് പുനഃസംഘടനയില്‍ കൂടുതല്‍ പരിഗണനയൊന്നുമില്ല. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും യുവനേതാക്കളില്‍ ശ്രദ്ധേയനായിത്തീരുകയും ചെയ്ത സതീഷന് ലഭിച്ച അംഗീകാരമായാണ് പുതിയ സ്ഥാന ലബ്ധി വിലയിരുത്തപ്പെടുന്നത്.
ബാഹ്യ താത്പര്യങ്ങള്‍ക്കുപരി പ്രവര്‍ത്തന മിടുക്കിനും പ്രാഗത്ഭ്യത്തിനും രാഹുല്‍ഗാന്ധി പരിഗണ നല്‍കിയെന്നതിന് ഉദാഹരണങ്ങളാണ് അംബികാ സോണിയുടെയും അജയ്മാക്കന്റെയും സി പി ജോഷിയുടെയും നിയമനങ്ങള്‍. ഒക്‌ടോബറിലെ പുനഃസംഘടനയില്‍ തഴയപ്പെട്ട അംബികാസോണിക്ക് കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിക്ക് പുറമെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഓഫീസ് ചുമതലയും നല്‍കിയിട്ടുണ്ട്. മന്ത്രി, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ നേരത്തെ കഴിവ് തെളിയിച്ച അംബികാസോണിയുടെ സ്ഥാനം ഇപ്പോള്‍ രാഷ്ട്രീയ സെക്രട്ടറിയായി തുടരുന്ന അഹ്മദ് പട്ടേലിന് തൊട്ടു താഴെയാണ്. മന്ത്രി പദവിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡല്‍ഹിക്കാരനായ അജയ്മാക്കനും രാജസ്ഥാനില്‍ നിന്നുള്ള ജോഷിക്കും ജനറല്‍ സെക്രട്ടറി സ്ഥാനവും അതുവഴി പ്രവര്‍ത്തക സമിതി അംഗത്വവും ലഭിച്ചിട്ടുണ്ട്. മാധ്യമ വിഭാഗത്തിന്റെ ചുമതലയും അജയ്മാക്കനാണ്.
നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് ഒറ്റക്ക് കേന്ദ്ര ഭരണം കൈയാളിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ഭരണം നിലനിര്‍ത്തുന്നത്. ഇത് പാര്‍ട്ടിയെ പലപ്പോഴും കടുത്ത സമ്മര്‍ദത്തിലാക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്. ഈ ദുരവസ്ഥയില്‍ നിന്ന് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് രാഹുലിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ട്. ഈ ശ്രമത്തില്‍ അദ്ദേഹം നടത്തുന്ന പല പ്രവര്‍ത്തനങ്ങളും പക്ഷേ കേവലം ഉപരിപ്ലവങ്ങളായി തീരുന്നു. റോഡ് ഷോ, കലാവതിയുടെ വീട്ടില്‍ അന്തിയുറങ്ങല്‍, തട്ടുകടയില്‍ കയറി ചായയും ദോശയും കഴിക്കല്‍ തുടങ്ങിയ പൊടിക്കൈകള്‍ കൊണ്ട് രാഹുലിന് ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാനാകില്ല. പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പ്രഥമമായി അദ്ദേഹവും പാര്‍ട്ടി നേതൃത്വവും ചെയ്യേണ്ടത്.
മതന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയാണ് പാര്‍ട്ടിയുടെ ശോഷിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബാബരി പ്രശ്‌നത്തില്‍ നരസിംഹ റാവു സര്‍ക്കാര്‍ സ്വീകരിച്ച നയം, തീവ്രവാദ കേസുകളില്‍ പെടുത്തി നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ അകാരണമായി വേട്ടയാടല്‍, ദേശീയ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയ നടപടികളാണ് ആദ്യകാലത്ത് കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ കൈവിട്ട് പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറാന്‍ കാരണം. യു പിയിലെ പ്രചാരണ വേദികളില്‍ രാഹുല്‍ തന്നെ ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയില്‍ പരിതപിക്കുകയും അവര്‍ക്കായി ഒട്ടേറെ വാഗ്ദാനങ്ങള്‍ ചൊരിയുകയുമുണ്ടായി. അപ്പോഴും ഇല്ലാത്ത തീവ്രവാദ ബന്ധത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന നൂറുകണക്കിന് നിരപരാധികളെയും കുടുംബത്തെയും പാര്‍ട്ടി നേതൃത്വം ഓര്‍ത്തില്ല. വ്യാപകമായ എതിര്‍പ്പുയര്‍ന്നിട്ടും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം പാര്‍ട്ടി ഇപ്പോഴും കൈവെടിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി പുനഃസംഘടനയോടൊപ്പം ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളിലേക്കും രാഹുലും നേതൃത്വവും കണ്ണ് തുറക്കേണ്ടതുണ്ട്.