കാലവര്‍ഷം കനത്തു: മാനന്തവാടി താലൂക്കില്‍ വ്യാപക നാശം

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 11:50 pm
SHARE

മാനന്തവാടി: കാറ്റിലും മഴയിലും മാനന്തവാടി താലൂക്കില്‍ വ്യാപകനാശനഷ്ടം. നിരവില്‍പുഴ പാലം വെള്ളത്തില്‍ മുങ്ങിയതിനാല്‍ മാനന്തവാടി – കുറ്റിയാടി റോഡില്‍ ഗതാഗതം മുടങ്ങി. നിരവില്‍പുഴയിലെ പഴയ പാലം പുനര്‍നിര്‍മിക്കുന്നതിനാല്‍ മറ്റൊരു പാലത്തിലൂടെ റൂട്ട് തിരിച്ചുവിട്ടിരുന്നു. ഈ പാലവും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് കോറോത്തുനിന്ന് കരിമ്പില്‍, കുഞ്ഞോം വഴി പത്തുകിലോമീറ്റര്‍ അധികം യാത്ര ചെയ്താണ് കുറ്റിയാടി ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ സഞ്ചരിച്ചത്. 
ശക്തമായ കാറ്റിലും മഴയിലും ദ്വാരക എയുപി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു. സ്‌കൂള്‍ കെട്ടിടം അപകടഭീഷണിയിലാണ്. ദ്വാരക കുണ്ടോണി കോളനിയിലെ രാജുവിന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് പൂര്‍ണമായും തകര്‍ന്നു. പീച്ചംകോട് ഖാന്‍സ് മന്‍സില്‍ നജീബിന്റെ വീടിന് പിന്നിലെ കിണര്‍ താഴുകയും മതില്‍ ഇടിയുകയും ചെയ്തു. റിംഗുകള്‍ മണ്ണ് മൂടിപ്പോയ നിലയിലാണ്. മതിലില്‍ നിന്നും മണ്ണിടിഞ്ഞ് വീണിട്ടും കീണറിടയുന്നത് വീടിന് ഭീഷണിയായി മാറി.
മാനന്തവാടി വയനാട് ഗവ. എന്‍ജിനിയറിംഗ് കോളജിന്റെ പുതിയ ബ്ലോക്കിന്റെ സുരക്ഷാമതില്‍ പൂര്‍ണമായി തകര്‍ന്നു. വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് മതില്‍ ഇടിയുകയായിരുന്നു. കെട്ടിടത്തിന് നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മാനന്തവാടി ചെറുപുഴ, ചൂട്ടക്കടവ് പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴിക്കോട് റോഡില്‍ റോഡ് ഇടിഞ്ഞു.
സ്വകാര്യവ്യക്തി മണ്ണെടുത്തതിനെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞത്. സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ താഴ്ന്നു. കോഴിക്കോട് റോഡില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിന് സമീപമാണ് റോഡ് ഇടിഞ്ഞത്.