Connect with us

Editors Pick

സരിതോര്‍ജത്തിനും സഭയില്‍ ഹൈ വോള്‍ട്ടേജ്

Published

|

Last Updated

പുറത്ത് കാര്‍മേഘം മൂടിയിരുന്നെങ്കിലും സഭക്കുള്ളില്‍ സൗരോര്‍ജത്തിന് ഹൈവോള്‍ട്ടേജ്. സൗരോര്‍ജം സരിതോര്‍ജമാക്കി മാറ്റാനുള്ള ഇന്ധനം രണ്ട് ദിവസത്തെ ഇടവേളയിലെ വെളിപ്പെടുത്തലുകളില്‍ നിന്ന് പ്രതിപക്ഷം സ്വായത്തമാക്കിയിരുന്നതിനാല്‍ സ്തംഭനത്തിനുള്ള വഴികള്‍ എളുപ്പമാക്കി. ചോദ്യോത്തരവേളയില്‍ തന്നെ സരിതോര്‍ജം പ്രവഹിച്ചതോടെ ഒരു ഘട്ടത്തിലും സഭ നേരെ പോയില്ല.
പ്ലകാര്‍ഡ്, ബാനര്‍, മുദ്രാവാക്യം തുടങ്ങി ക്രമസമാധാനം തകര്‍ക്കാന്‍ മതിയായ ആയുധങ്ങള്‍ പ്രതിപക്ഷം കൈവശം വെച്ചിരുന്നതിനാല്‍ സ്പീക്കറുടെ ഇടപെടലുകളൊന്നും വിജയം കണ്ടില്ല. ഉമ്മന്‍ ചാണ്ടി രാജി വെക്കണം, ജുഡീഷ്യല്‍ അന്വേഷണം നേരിടണം. വാക്കിലും വരയിലും പ്രതിപക്ഷം മിനിമം ഡിമാന്‍ഡ് മുന്നോട്ടുവെച്ചു. സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പതിവില്ലാത്ത ഉമ്മന്‍ ചാണ്ടി ഈ ഡിമാന്‍ഡ് ചൂടോടെ തന്നെ തള്ളിക്കളഞ്ഞു. പിന്നെയൊരു കൂട്ടപൊരിച്ചിലായിരുന്നു. ധനാഭ്യര്‍ഥന പാസാക്കുകയെന്ന ഭരണഘടനാ ദൗത്യം ബഹളത്തിനിടയിലും സ്പീക്കര്‍ നിറവേറ്റി. ധനാഭ്യര്‍ഥനയുമായി വന്ന റവന്യൂ വകുപ്പിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്ന് കേള്‍ക്കുമായിരുന്ന വിമര്‍ശങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആത്മ നിര്‍വൃതിയിലായിരുന്നു അടൂര്‍ പ്രകാശ്.
ബഹളത്തിലേക്കാണ് ഇന്നലെ സഭാതലം ഉണര്‍ന്നത്. ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ നാടാകെ പ്രവഹിക്കുന്ന സരിതോര്‍ജത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമം തുടങ്ങി. ശൂന്യവേളയില്‍ അവസരം നല്‍കാമെന്നായിരുന്നു സ്പീക്കറുടെ വിധി. പറ്റില്ലെന്ന് പ്രതിപക്ഷവും. തടസ്സങ്ങള്‍ ഭേദിച്ച് മുന്നോട്ടുപോകാന്‍ സ്പീക്കര്‍ ശ്രമം നടത്തിയെങ്കിലും നടുത്തളത്തിലെ മുദ്രാവാക്യങ്ങള്‍ക്ക് ശക്തികൂടിയതോടെ ചോദ്യോത്തരവേള തന്നെ റദ്ദാക്കി സ്പീക്കര്‍ കളംവിട്ടു. പിന്നെ 9.30 ആകാനുള്ള കാത്തിരിപ്പ്. ശൂന്യവേള തുടങ്ങിയതോടെ “അടിയന്തരം” പരിഗണിച്ചു.
എല്ലാം പുകമറയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. ഫോണ്‍വിളിച്ചത് കൊണ്ട് ആരും കുറ്റവാളിയാകില്ല. വിജ്ഞാന്‍ ഭവനില്‍ വെച്ച് സരിതയെ കണ്ടിട്ടില്ല, ബിജുവുമായി ചര്‍ച്ച ചെയ്തത് കുടുംബപ്രശ്‌നം മാത്രം, -ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
പിന്നാലെ കോടിയേരി -ഉമ്മന്‍ ചാണ്ടി ചോദ്യം ഉത്തരം പരിപാടി അരങ്ങേറി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ പിടികിട്ടാപ്പുള്ളിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ ഇന്റലിജന്‍സുകാര്‍ എവിടെ പോയിരുന്നുവെന്ന് കോടിയേരിയുടെ ആദ്യസംശയം. 14 കേസില്‍ പ്രതിചേര്‍ത്ത കാലത്ത് ആഭ്യന്തരം ഭരിച്ച കോടിയേരി എന്തുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്തില്ലെന്ന് ഉമ്മന്‍ ചാണ്ടി. തങ്ങള്‍ കുറ്റം ചെയ്‌തെങ്കില്‍ അതും ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം വേണമന്നായി കോടിയേരി. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ മന്ത്രി പുത്രന്‍മാരുടെ പേരും ഉയര്‍ന്ന കാര്യവും അന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താത്തതും ഉമ്മന്‍ ചാണ്ടി ഓര്‍ത്തെടുത്തു. അമ്മാതിരി കുടുക്ക് ഇങ്ങോട്ട് പയറ്റേണ്ടെന്ന് കോടിയേരി തിരിച്ചടിച്ചു.
പി സി ജോര്‍ജ് പ്രസ്താവന നടത്തിയതിന്റെ പേരിലെല്ലാം തന്റെ രാജി ആവശ്യം കേള്‍ക്കാറുള്ളതിനാല്‍ കസേര വിട്ടൊരു കളിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കുടുംബപ്രശ്‌നം പരിഹരിക്കുന്നതിന്റെ എക്‌സ്പര്‍ട്ടായി മാറിയ കാര്യം മാത്യു ടി തോമസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 85 ലക്ഷം കുടുംബങ്ങളില്‍ പലപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ചിലരുടെ കാര്യത്തില്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് ശ്രദ്ധയുള്ളതെന്നും മാത്യു ടി തോമസ്.
അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ട സത്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ സരിതയെ വിളിച്ചപ്പോഴൊന്നും ഉമ്മന്‍ ചാണ്ടി കൂടെ ഉണ്ടായിരുന്നില്ല. തിരുവഞ്ചൂര്‍ പറഞ്ഞ് തീര്‍ന്നില്ല, പ്രതിപക്ഷം നടുത്തളത്തിലെത്തി. ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്‌തെങ്കിലും ശ്രമം വിഫലം. ജോപ്പന്‍, ജിക്കു, ഉമ്മന്‍ ചാണ്ടി/സരിതോര്‍ജത്തില്‍ ചാര്‍ജായി/എയും ഐയും ഒന്നായി/”ടീം സോളാര്‍, ടീം ചാണ്ടി/തട്ടിപ്പിന്റെ കൂടാരം-മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കൂടിയതോടെ നടപടിക്രമങ്ങള്‍ക്ക് സ്പീക്കറും വേഗം കൂട്ടി.

 

---- facebook comment plugin here -----

Latest