Connect with us

Kannur

അപകടാവസ്ഥയിലുളള ബസ് ഷെല്‍ട്ടറുകള്‍ പൊളിക്കും; മരങ്ങള്‍ മുറിച്ചുനീക്കും

Published

|

Last Updated

കണ്ണൂര്‍: ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകളുടെ സുരക്ഷ പരിശോധിച്ച് അപകടാവസ്ഥയിലായവ നീക്കം ചെയ്യാനുളള നടപടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല യോഗത്തില്‍ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു.
അതത് തദ്ദേശ സ്ഥാപനങ്ങളാണ് അപകടാവസ്ഥയിലുളള ബസ് വെയിറ്റിംഗ് ഷെഡുകള്‍ പൊളിച്ചു നീക്കേണ്ടത്. റോഡരികിലെയും വൈദ്യുതി ലൈനുകളുടെ സമീപത്തെയും അപകട കാരണമായേക്കാവുന്ന മരങ്ങള്‍ മുറിച്ചു നീക്കാനും നടപടിയെടുക്കും. റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി ചെയ്യാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.
മലയോര മേഖലയില്‍ ഡങ്കിപ്പനി പോലുളള പകര്‍ച്ച രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവൃത്തികള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പാക്കും. റബര്‍ തോട്ടങ്ങളില്‍ കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ തോട്ടം ഉടമകള്‍ അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തണം. ഇതിനായി തഹസില്‍ദാര്‍മാര്‍ ക്രിമിനല്‍ നടപടിചട്ടം 133 പ്രകാരം മജിസ്റ്റീരിയല്‍ നോട്ടീസ് നല്‍കും. മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കുന്നുവെന്ന് പഞ്ചായത്തുകള്‍ ഉറപ്പാക്കണം. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുളള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറുന്നത് തടയാന്‍ വെളളക്കെട്ട് ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടത്തും. നദികളിലെയും തോടുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ വകുപ്പ് കൈക്കൊളളും. കാലവര്‍ഷക്കെടുതി ഉണ്ടായാല്‍ 15 ദിവസത്തിനകം ധനസഹായം കൈമാറാന്‍ കര്‍ശന നടപടി കൈക്കൊളളണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൃഷിനാശം, വീട് നാശം എന്നിവ കണക്കാക്കി ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടലാക്രമണ ഭീഷണിയുളള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കും. തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇതിനാവശ്യമായ നടപടികള്‍ കൈക്കൊളളും. ജില്ലയിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് കണ്ണൂര്‍ ടൗണിലെ എം ടി എം സ്‌കൂളില്‍ ആരംഭിച്ചു. ആറുകുടുംബങ്ങളെയാണ് ഇവിടെ മാറ്റിപാര്‍പ്പിച്ചിട്ടുളളത്. മുഴപ്പിലങ്ങാട് മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ ശുചിത്വ കാര്യങ്ങളില്‍ പ്രതേ്യക നിഷ്‌കര്‍ഷ ഉണ്ടാവണമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ ഡി എം മുഹമ്മദ് അസ്‌ലം, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest