കാലവര്‍ഷം: ജില്ലയില്‍ 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; 40 വീടുകള്‍ തകര്‍ന്നു

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 11:37 pm
SHARE

***വിവിധ സ്ഥലങ്ങളില്‍ മതിലിടിഞ്ഞ് അപകടം

***താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കണ്ണൂര്‍/ഇരിട്ടി/തലശ്ശേരി:

കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ കനത്ത നാശനഷ്ടം. ഇന്നലെ രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത കാറ്റിലും മഴയിലും 40 വീടുകള്‍ തകര്‍ന്നു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കണ്ണൂര്‍ മഞ്ചപ്പാലത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 15 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് വീട്ടുകാരെ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 10ഓളം കുടുംബങ്ങളെ അവരുടെ ബന്ധു വീടുകളിലായും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ചെമ്പേരിയില്‍ പുഴയില്‍ വീണ് ഒരാളെ കാണാതായിട്ടുണ്ട്. കുടിയാന്മലയിലെ പയസി (18) നെയാണ് ശക്തമായ ഒഴുക്കില്‍ കാണാതായത്. തളിപ്പറമ്പില്‍ ഏഴാം മൈലിലും ധര്‍മ്മശാല പറശ്ശിനി റോഡിലും വെള്ളം കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഗതാഗത തടസവും നേരിട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ പല റോഡുകളും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ പുതിയങ്ങാടി, മൊട്ടാമ്പ്രം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. മാടായി പഞ്ചായത്ത് 13 വാര്‍ഡിലെ റോസിലി, ഖദീജ, നഫീസ, കുട്ടി ഹസന്‍, പീലിച്ചിരിയന്‍ നാണി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മാടായിയിലെ മഞ്ഞരവളപ്പ് റോഡില്‍ വെള്ളം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് സമീപത്തെ നിരവധി വീട്ടുകാര്‍ ദുരിതത്തിലായത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി.
പെരിങ്ങോമില്‍ ഷാഹിദയുടെ വീടിന്റെ കിണര്‍ ഇടിഞ്ഞുവീണു. നെക്ലിയില്‍ വീടുകള്‍ തകര്‍ന്നു. നെക്ലിയിലെ കുഞ്ഞിരാമന്‍, പുല്ലായിത്തോട് ഖദീജ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കീച്ചേരിയിലും നിരവധി വീടുകളില്‍ വെള്ളക്കെടുതി നേരിടുന്നുണ്ട്. തളിപ്പറമ്പ്, പട്ടുവം, കല്യാട്, ചുഴലി, എരമം, നെടിയേങ്ങ തുടങ്ങിയ വില്ലേജുകളില്‍ 12ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയിലും കാറ്റിലും 40 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ വില്ലേജ് പരിധിയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതിനായി എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ സേവനം ലഭ്യമാക്കും.
ഇരിട്ടി: പേമാരിയിലും കാറ്റിലും മലയോരത്ത് കനത്ത നാശനഷ്ടം. ഇരിട്ടി, ഉളിക്കല്‍, ആറളം, പേരാവൂര്‍ മേഖലകളില്‍ കാര്‍ഷികവിളകള്‍ മുഴുവന്‍ വെള്ളത്തിലായി. വൈദ്യുതിബന്ധം താറുമാറായി. പുന്നാട് പുറപ്പാറയില്‍ കൊടക്കനാട്ട് കരിയില്‍ എം റുഖിയയുടെ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കിണര്‍ പൂര്‍ണമായും ഇടിഞ്ഞു. 10 കോല്‍ താഴ്ചയുള്ള കിണറാണ് മണ്ണിടിഞ്ഞ് തകര്‍ന്നത്. മണ്ണിടിച്ചല്‍ തുടരുന്നത് വീടിന് ഭീഷണിയായി മാറിയിരിക്കുകയാണ്. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ആറളം പഞ്ചായത്തിലെ ഒടാക്കലില്‍ നെല്‍കൃഷി വെള്ളത്തിലായി. സമീപത്തെ തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് തുരുത്തിചള്ളി തങ്കച്ചന്‍ എന്നയാളുടെ രണ്ട് ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി വെള്ളത്തിലായത്. അയ്യംകുന്ന് പഞ്ചായത്തിലെ കലോത്തുംകണ്ടി-ഇന്ദുക്കരി പാലം വെള്ളത്തിലായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച നടപ്പാലമാണ് തകര്‍ച്ചാഭീഷണിയിലായത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിസരവും ഇരിട്ടി-പേരാവൂര്‍ റോഡിലും വെള്ളം കയറി. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ബ്ലോക്ക് പഞ്ചായത്തില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
തലശ്ശേരി: തുടര്‍ച്ചയായി പെയ്ത മഴ തലശ്ശേരിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. ദേശീയപാതയില്‍ കൊടുവള്ളി പോസ്റ്റ് ഓഫീസ് പരിസരത്തെ കെ പി കമലയുടെ ശ്രീവത്സം വീട് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. കമലയുടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
ഈ ഭാഗത്തെ മറ്റ് വീടുകളും വെള്ളം കയറുമെന്ന നിലയിലാണുള്ളത്. ഇതിനടുത്ത വടവതി ഹോട്ടലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനായില്ല. നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത നാരങ്ങാപ്പുറം ഭാഗത്ത് മഴവെള്ളം പൊങ്ങിയത് സമീപത്തെ കച്ചവടസ്ഥാപനങ്ങളെയും വഴിയാത്രക്കാരെയും വലച്ചു. ടെമ്പിള്‍ഗേറ്റ് നങ്ങാരത്ത്പീടിക, കുയ്യാലി ഭാഗങ്ങളും വെള്ളത്തിലാണുള്ളത്.