Connect with us

Kerala

അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്ന് ശാലു മേനോന്‍

Published

|

Last Updated

ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന ഏത് ആരോപണങ്ങൡലും അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നടി ശാലു മേനോന്‍. ചങ്ങനാശ്ശേരി പുഴവാതിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. താന്‍ ഒളിവില്‍ പോയതായിട്ടാണ് ചിലരുടെ പ്രചാരണം. തനിക്ക് ഒളിവില്‍ പോകേണ്ട ആവശ്യമില്ല. ആരെയും കബളിപ്പിക്കണ്ട കാര്യവുമില്ല. ഡോ. ബി ആര്‍ നായര്‍ എന്നു സ്വയം പരിചയപ്പെടുത്തി ടീം സോളാര്‍ കമ്പനിയുടെ കലണ്ടര്‍ ചിത്രീകരണത്തിന് വേണ്ടിയാണ് ബിജു ആദ്യമായി തന്റെ നൃത്ത പരിശീലന കേന്ദ്രമായ ജയകേരളയില്‍ എത്തിയത്. പിന്നീട് സോളാര്‍ പാനല്‍ വീട്ടില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും എത്തി. ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് തങ്ങളുടെ വിശ്വാസ്യത നേടിയെടുത്തതിനു ശേഷമാണ് ബിജു സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 20 ലക്ഷം രൂപ കൈപ്പറ്റിയത്. സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ തന്നെയും കുടുംബത്തെയും കുടുക്കാന്‍ ശ്രമിക്കുകയാണ്.
പൊന്‍കുന്നത്ത് സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജുവിനെ സ്‌കൂളിന്റെ ഉപദേഷ്ടാവായി അവതരിപ്പിച്ചത് സ്‌കൂളിന്റെ പുരോഗതിക്കായി ചില കാര്യങ്ങള്‍ നിര്‍ദേശിച്ചതുകൊണ്ടാണ്. അഡൈ്വസര്‍ എന്ന പദവി ഔദ്യോഗികമായി ഇയാള്‍ക്ക് നല്‍കിയില്ലെന്നും ശാലു മേനോന്‍ പറഞ്ഞു. ബിജുവുമായി തന്റെ രജിസ്റ്റര്‍ വിവാഹം നടന്നെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം നുണപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശാലുമേനോന്‍ പറഞ്ഞു.
താന്‍ 25 ലക്ഷം തട്ടിയെടുത്തതായി പരാതി ഉന്നയിക്കുന്ന റാസിഖ് അലിയെ തന്റെ വീടിന്റെ പാലുകാച്ചലിന് ബിജു രാധാകൃഷ്ണനോടൊപ്പം എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. ഇതിന് മുമ്പ് നൃത്ത സ്‌കൂളിലേക്ക് വസ്ത്രങ്ങളെടുക്കാന്‍ എറണാകുളത്തെ വസ്ത്രശാലയില്‍ എത്തിയപ്പോള്‍ ബിജുവിനൊപ്പം റാസിഖ് അലിയും ഉണ്ടായിരുന്നു. കടയില്‍ ഡിസ്‌കൗണ്ട് വാങ്ങിതരാന്‍ ഇദ്ദേഹമാണ് സഹായിച്ചതെന്ന് ബിജു പിന്നീട് പറഞ്ഞിരുന്നു.
ശാലുമേനോന്‍ ഒളിവില്‍ പോയെന്നു പറയുന്ന ഞായറാഴ്ച രാവിലെ ചങ്ങനാശ്ശേരിയിലെ നൃത്ത വിദ്യാലത്തില്‍ ക്ലാസ്സെടുത്ത ശേഷം മല്ലപ്പള്ളി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, മാവേലിക്കര, പൊന്‍കുന്നം, എന്നീ നൃത്ത സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി രാത്രി ഒമ്പതോടെ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ റെയ്ഡ് നടന്നെന്ന പ്രചാരണം യാഥാര്‍ഥ്യമല്ല. അമ്മയും ഞാനും കൂടി തൃശൂരിലേക്ക് പോയപ്പോള്‍ എറണാകുളത്ത് ബിജു കോയമ്പത്തൂരേക്ക് പോകുന്നുണ്ടെന്നും തൃശൂര്‍ വരെ ഒന്നിച്ച് വരാമെന്നും പറഞ്ഞ് കൂടെ വന്നു. ഈ സമയത്ത് ഫോണ്‍ ചെയ്യാനായി എന്റെ ഫോണ്‍ വാങ്ങി ആരെയോ വിളിച്ചിരുന്നു. ബിജുവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നതിനെത്തുടര്‍ന്നാണ് ഫോണ്‍ വാങ്ങിയത്. ഈ ഫോണ്‍ തിരികെ വാങ്ങാന്‍ മറന്നു. ഇതാണ് ബിജുവിന്റെ കൈയില്‍ തന്റെ ഫോണ്‍ എത്താനുള്ള സാഹചര്യം. ഇതിനു ബിജുവിനെ രക്ഷപ്പെടുത്താന്‍ താന്‍ സഹായിച്ചു എന്നുവരെ പ്രചാരണമുണ്ടായി.
സരിത നായര്‍ ജയകേരളയിലെത്തുന്നത് ലക്ഷ്മിയെന്ന പേരില്‍ നൃത്തം പഠിക്കാനായാണ്. എറണാകുളത്ത് ജോലി ചെയ്യുകയാണെന്നും ചെങ്ങന്നൂരാണ് സ്വദേശമെന്നുമാണ് പരിചയപ്പെടുത്തിയത്. രണ്ട് ദിവസം മാത്രമാണ് ഇവര്‍ പഠനത്തിനായി എത്തിയത്. ഇവരുടെ വരവിന് പിന്നില്‍ എന്തെങ്കിലും ഗൂഡലക്ഷ്യങ്ങളുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ചിലത് ചെങ്ങന്നൂര്‍ സ്‌കൂളിലെ നൃത്ത വിദ്യാര്‍ഥികളോടൊപ്പം മൂന്നാറിലേക്ക് ടൂര്‍ പോയപ്പോഴെടുത്ത ചിത്രമാണ്. ഇവിടെയും സുഹൃത്ത് എന്ന നിലയിലാണ് ബിജു ഒപ്പം വന്നത്. പുതിയ കാറ് വാങ്ങാന്‍ പോയ സമയത്തും ബിജു ഒപ്പം വന്നു. ഈ സമയത്ത് താക്കോല്‍ തരുന്നതിന്റെ ചിത്രം എടുത്തിരുന്നു. ഇത്തരം ചിത്രങ്ങളെല്ലാം ബിജു തന്ത്രപൂര്‍വം ടീം സോളാര്‍ കമ്പനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായതെന്നും ശാലു പറഞ്ഞു.

 

 

---- facebook comment plugin here -----

Latest