സൗരോര്‍ജ പ്ലാന്റ്: കണ്ണൂരിലെ തട്ടിപ്പിനെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി

Posted on: June 17, 2013 11:50 pm | Last updated: June 17, 2013 at 11:50 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സൗരോര്‍ജ പ്ലാന്റിന്റെ പേരില്‍ നടന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. എ ഡി ജി പി. എ ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് തളിപ്പറമ്പ് ഡി വൈ എസ് പി അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെയും കണ്ണൂരിലെയും കേസുകളുടെ ഫയലുകള്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളനുസരിച്ച് 10 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ണൂരിലും തലശ്ശേരിയിലുമായി നടന്നിട്ടുള്ളതെന്ന് പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ജില്ലയില്‍ മറ്റ് സ്ഥലങ്ങളില്‍ സോളാര്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും തളിപ്പറമ്പ് ഡി വൈ എസ് പി പറഞ്ഞു.
പന്ത്രണ്ടോളം പേരാണ് കണ്ണൂരില്‍ മാത്രം തട്ടിപ്പിനിരയായിട്ടുള്ളത്. നിലവിലുള്ള രണ്ട് കേസുകളിലും സരിത എസ് നായരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. ഇതിനായി സരിതയെ റിമാന്‍ഡ് ചെയ്തിട്ടുള്ള പെരുമ്പാവൂര്‍ കോടതിയില്‍ ഹരജി നല്‍കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സരിതയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി. തെളിവെടുപ്പിനായി കണ്ണൂരിലും കൊണ്ടുവരും. തലശ്ശേരിയില്‍ ഡോക്ടര്‍മാര്‍ക്ക് പുറമെ ചില വ്യാപാര പ്രമുഖരും തട്ടിപ്പിനിരയായിട്ടുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തലശ്ശേരിയില്‍ തട്ടിപ്പിനിരയായ രണ്ട് ഡോക്ടര്‍മാര്‍ക്ക് സരിതയും ബിജു രാധാകൃഷ്ണനും പണം പൂര്‍ണമായും മടക്കി നല്‍കിയിട്ടുണ്ട്. സരിതയുടെയും രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണെന്ന് 2012 ആഗസ്റ്റില്‍ തന്നെ തിരിച്ചറിഞ്ഞ് ഡോ. ശ്രീകുമാര്‍ വാസുദേവന്‍, ഡോ. മനോജ് എന്നിവര്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തന്നെ മുഴുവന്‍ പണവും തിരിച്ചുവാങ്ങുകയായിരുന്നു.
2012 ആഗസ്റ്റ് 12 നാണ് ശ്രീകുമാര്‍ വാസുദേവന്‍ ഒരു ലക്ഷം രൂപ നല്‍കി വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സരിതയുമായി കരാര്‍ ഒപ്പിട്ടത്. ആഗസ്റ്റ് 30നുള്ളില്‍ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് സരിത ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കാതിരുന്നപ്പോള്‍ സരിതയെ ഫോണില്‍ ബന്ധപ്പെട്ട ഡോ. ശ്രീകുമാറിന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ സരിത നല്‍കിയ ബ്രോഷറിലുള്ള ടോള്‍ ഫ്രീ നമ്പറിലും യു കെയിലെയും യു എസിലെയും ഫോണ്‍ നമ്പറുകളിലും വിലാസങ്ങളിലും വിദേശങ്ങളിലുള്ള ബന്ധുക്കള്‍ മുഖാന്തരം ഡോ. ശ്രീകുമാര്‍ ബന്ധപ്പെട്ടപ്പോള്‍ അവയെല്ലാം വ്യാജ നമ്പറുകളും വിലാസങ്ങളുമാണെന്ന് വ്യക്തമായി. ന്യൂ ജഴ്‌സിയിലുള്ള ബന്ധു മുഖാന്തരം നടത്തിയ അന്വേഷണത്തില്‍ അമേരിക്കയിലെതെന്ന് കാണിച്ചു നല്‍കിയിരുന്ന ഇന്റര്‍നാഷനല്‍ ഫോണ്‍ നമ്പര്‍ അവിടത്തെ റിയല്‍ എസ്റ്റേറ്റ് ലേബിയുടെതാണെന്ന് മനസ്സിലാകുകയും ചെയ്തു.
ഡോ. ശ്രീകുമാര്‍ തട്ടിപ്പിനെക്കുറിച്ച് ഐ എം എയുടെ മാസികയായ ന്യൂസ് ലെറ്ററില്‍ വാര്‍ത്ത കൊടുക്കാനും പത്രസമ്മേളനം വിളിക്കാനും ഒരുങ്ങുകയും ഈ വിവരം സരിതയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീകുമാറിന് ഒരു ലക്ഷം രൂപയുടെ ഡി ഡി സരിത അയച്ചുകൊടുത്തത്. ഇതിനിടയില്‍ ശ്രീകുമാര്‍ എറണാകുളം ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. തനിക്ക് ഒരു ലക്ഷം രൂപ ലഭിച്ച വിവരം കോടതിയെ അറിയിച്ച ഡോ. ശ്രീകുമാര്‍ ബാക്കി 25,000 രൂപ ലഭിക്കുന്നതിനായി കേസ് കൊടുത്തിട്ടുണ്ട്. ഏതാണ്ട് ഇതേ സമയത്ത് തന്നെ മനോജിനും സരിത പണം തരിച്ചു നല്‍കിയിരുന്നു.