Connect with us

Gulf

വോളിഖ് കപ്പ് വോളി: ആദ്യജയം അലി ഇന്റര്‍നാഷണലിന്

Published

|

Last Updated

ദോഹ: അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച നാലാമത് വോളിഖ് കപ്പ് വോളിബാള്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ സംസ്‌കൃതിക്കെതിരെ അലി ഇന്റര്‍നാഷണലിന് വിജയം.
സ്‌കോര്‍: 25-14; 27-25; 25-22.
അലി ഇന്റര്‍നാഷണല്‍ ടീമിന് വേണ്ടി പ്രഭാകരനും,നവീന്‍ രാജയും മികച്ച പ്രകടനം നടത്തി.ഫസ്റ്റ് പാസുകളില്‍ വന്ന പിഴവാണ് ആദ്യ സെറ്റില്‍ സംസ്‌കൃതി ടീമിന് വിനയായത്. മനു ജോസഫിനു പകരം ജോണ്‍ ക്രിസ്റ്റഫറിനെ പരീക്ഷിച്ചെങ്കിലും സംസ്‌കൃതി ടീമിന് വലിയൊരു സ്‌കോര്‍ വ്യത്യാസത്തില്‍ ആദ്യ സെറ്റ് നഷ്ടമായി.പ്രഭാകരന്റെ ഷോട്ടുകള്‍ക്ക് സംസ്‌കൃതി പങ്കജ് ശര്‍മയിലൂടെ മറുപടി നല്കിയെങ്കിലും മൂന്നാം സെറ്റും അലി ഇന്റര്‍നാഷണല്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ വോളിഖ് ജനറല്‍ സെക്രട്ടറി ആഷിക് അഹമദ് സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. തൃപ്രയാര്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്നും ഏറ്റവും പ്രതിഭാധനരായ കളിക്കാരെ കൊണ്ടുവന്ന് വോളിഖ് തുടര്‍ച്ചയായി നാലാം തവണയും സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് രാജ്യത്തിനാകമാനം മാതൃകയാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോച്ച് ജി ഇ ശ്രീധരന്‍, ഐ സി സി പ്രസിഡന്റ് തരുണ്‍ ബസു, ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ കെ എം വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ആഷിക് മാഹി നന്ദി പറഞ്ഞു.

 

 

Latest