കൊള്ളകള്‍ നടത്തിയ ‘രാത്രി എലികള്‍’ സംഘത്തിന് വേറെയും ലക്ഷ്യങ്ങളെന്ന്

Posted on: June 17, 2013 7:56 pm | Last updated: June 17, 2013 at 7:56 pm
SHARE

അബുദാബി: മുസഫ്ഫ, മഫ്‌റഖ് എന്നിവിടങ്ങളിലെ നിരവധി കമ്പനികളില്‍ കൊള്ള നടത്തിയ ‘രാത്രി എലികള്‍’ സംഘം ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. കൊള്ള സംഘത്തിലെ മറ്റു ചിലരും പിടിയിലായിട്ടുണ്ടെന്ന് സി ഐ ഡി മേധാവി കേണല്‍ റാശിദ് ബുര്‍ഷിദ് അറിയിച്ചു.

അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുതുതായി രണ്ടുപേര്‍ കൂടി പിടിയിലായി. 26 കാരനായ ട്രക്ക് ഡ്രൈവറും 22 കാരനായ മറ്റൊരു ഡ്രൈവറുമാണ് അറസ്റ്റിലായത്. എല്ലാവരും പാക്കിസ്ഥാനികളാണ്. രണ്ടു മാസത്തോളം ഇവര്‍ വിവിധ കമ്പനികളില്‍ രാത്രികാലങ്ങളില്‍ ചെന്ന് വിലപിടിപ്പുള്ള സാധനങ്ങളും പണവും കവര്‍ച്ച ചെയ്തു. ഏതാണ്ട് 20 ലക്ഷം ദിര്‍ഹം വിലവരുന്ന സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്. വിവിധ കമ്പനികള്‍ കൂടി കണ്ടുവെച്ചിരുന്നു. കമ്പനികള്‍ മുന്‍കൂട്ടി കണ്ടുവെച്ച് അവിടെയുള്ള ഇരുമ്പ് കമ്പികള്‍, ഡീസല്‍ എന്നിവ മോഷ്ടിക്കുന്ന രീതിയും അവലംബിച്ചിരുന്നു.
മുഖംമൂടി ധരിച്ചാണ് സംഘം എത്തിയിരുന്നത്. കൈക്കരുത്ത് കാട്ടി കാവല്‍ക്കാരെ കീഴ്‌പ്പെടുത്തിയ ശേഷം സാധനങ്ങള്‍ കൈക്കലാക്കി സ്ഥലംവിടും. ചില കാവല്‍ക്കാരെ മുറിയില്‍ അടച്ചിടും. നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ വിച്ഛേദിച്ചാണ് കവര്‍ച്ച. ഇവരില്‍ നിന്ന് സാധനങ്ങള്‍ വിലക്കെടുത്തവരെയും ചോദ്യംചെയ്തു. ചിലരെ താക്കീത് നല്‍കി വിട്ടയച്ചു. കമ്പനികളുടെയും മറ്റു സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഉടമകളോട് കേണല്‍ റാശിദ് ബുര്‍ഷിദ് ആവശ്യപ്പെട്ടു.