ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: June 17, 2013 3:41 pm | Last updated: June 18, 2013 at 12:28 pm
SHARE

biju solar 2

കൊല്ലം:സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അറസ്റ്റ് കൊല്ലം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആദ്യ ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബിജുവിനെ ഇന്ന് കൊല്ലം സി ജെ എം കോടതിയില്‍ ഹാജരാക്കും. കൊയമ്പത്തൂരില്‍ അറസ്റ്റിലായ ബിജുവിനെ ഇന്നലെ രാത്രി വൈകിയാണ് കൊല്ലത്തെത്തിച്ചത്.

കോയമ്പത്തൂരില്‍ ലാപ്‌ടോപ്പ് വില്‍ക്കുന്നതിനിടെ നാടകീയമായാണ് ബിജു രാധാകൃഷ്ണന്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തമിഴ്‌നാട ക്യൂ ബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബിജു പിടിയിലായത്.

ബിജുവിനെ കണ്ടെത്താനായി നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ബിജുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്.

കൊയമ്പത്തൂരിലെ ക്രോസ് റോഡിലുള്ള മൊബൈല്‍ കടയില്‍ വെച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ടാക്‌സിയില്‍ യാത്രചെയ്തിരുന്ന ബിജുവിനെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത് ടാക്‌സി ്രൈഡവര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ്.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ ബിജുവാണ് കേസിലെ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുഖ്യമന്ത്രിയെ താന്‍ കണ്ടിരുന്നുവെന്നും തന്റെ ഭാര്യ സരിതക്ക് മന്ത്രി ഗണേഷ് കുമാറുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നുമുള്ള ബിജുവിന്റെ വെളിപ്പെടുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്.