സംസ്ഥാനത്തെ മുഴുവന്‍ ഭൂവിഭവ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍

Posted on: June 17, 2013 7:20 am | Last updated: June 17, 2013 at 11:45 am
SHARE

keralaകണ്ണൂര്‍: സംസ്ഥാനത്തെ ഭൂപ്രകൃതി വിഭവങ്ങളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒറ്റ ‘ക്ലിക്കി’ലൂടെ അറിയാനുള്ള സാങ്കേതിക സംവിധാനം രാജ്യത്താദ്യമായി കേരളത്തില്‍ സമ്പൂര്‍ണമായി നടപ്പാക്കുന്നു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഐ ഐ ഐ ടി എം കെയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഭൂവിവര സംവിധാനമാണ് വിവര സാങ്കേതിക രംഗത്ത് സംസ്ഥാനത്തിന് മറ്റൊരു പുതിയ നേട്ടമാകുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം പ്രകൃതിവിഭവങ്ങളുടെ സ്ഥിതി അറിയുന്നതിനും വിശകലനം നടത്തുന്നതിനുമായുള്ള ഓരോ ജില്ലകളുടെയും പൂര്‍ണവിവരങ്ങളടങ്ങിയ മാപ്പാണ് ഓണ്‍ലൈനായി സജ്ജമാക്കിയിരിക്കുന്നത്.
എറണാകുളം, പാലക്കാട് ജില്ലകളുടെ ഭൂവിഭവ മാപ്പ് പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടുപിറകെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പൂര്‍ണ വിവരങ്ങളടങ്ങിയ മാപ്പ് ഏതാനും നാളുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങും. 2011ലാണ് ഭൂവിനിയോഗ ബോര്‍ഡ് പുതിയ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനത്തെ മണ്ണ്, ജലം, സസ്യം, മൃഗ വ്യവസ്ഥകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെയും അനുയോജ്യമായ ഉപയോഗത്തെ സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുകൂടിയാണ് ഇത്തരമൊരു വിവര ശേഖരണവും ഭൂവിഭവ മാപ്പും തയ്യാറാക്കിയത്. www.kslublris. com എന്ന വെബ്‌സൈറ്റിലൂടെയാണ് ഓരോ ജില്ലയുടെയും മുഴുവന്‍ ഭൂവിഭവങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാവുക.
ബ്ലോക്കുകളായി തരംതിരിച്ച് ഒരു ചെറിയ പ്രദേശത്തു പോലുമുള്ള വിഭവ വിവരങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നാം അറിയാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത, അതായത് ഭൂപ്രദേശം ചെരിഞ്ഞതാണോ പരന്നതാണോ തുടങ്ങി ഭൂഘടനയും ഓരോ പ്രദേശത്തും എന്തൊക്കെയാണുള്ളതെന്നും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഏതാവശ്യത്തിനുപയോഗിക്കാന്‍ പറ്റുന്ന ഭൂമിയാണതെന്നും അവിടെ ഭൂഗര്‍ഭജലത്തിന്റെ അളവ് എത്രത്തോളമാണെന്നതുമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മാപ്പിലൂടെ ദൃശ്യമാകും. ഓരോ പ്രദേശത്തും സംഭവിക്കുന്ന പുതിയ വിവരങ്ങളും അതായത് കുന്നിടിക്കല്‍, വയല്‍ നികത്തല്‍ പോലെയുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ മാപ്പില്‍ രേഖപ്പെടുത്താനും സംവിധാനമുണ്ട്. അതാത് ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാകുക.
നേരത്തെ പഞ്ചായത്തടിസ്ഥാനത്തില്‍ ഭൂവിനിയോഗ വകുപ്പ് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂവിഭവ വിവര മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 44 നദീതട പ്രദേശങ്ങളെക്കുറിച്ചുള്ള നീര്‍ത്തട ഭൂപടം നേരത്തെ തയ്യാറാക്കിയിരുന്നു. കൂടാതെ റിമോട്ട് സെന്‍സിംഗ് സാങ്കേതികത ഉപയോഗിച്ച് ഇടുക്കി ജില്ലയിലുള്‍പ്പെടെ ഭൂവിനിയോഗ സര്‍വേയും പൂര്‍ത്തീകരിച്ചിരുന്നു. ഏരിയല്‍ ഫോട്ടോഗ്രാഫുകളും കളര്‍ ഇന്‍ ഗ്രാനെഡ് ചിത്രങ്ങളും ഉപയോഗിച്ചാണ് ഇവിടുത്തെ വിവര ശേഖരണം പൂര്‍ത്തീകരിച്ചിരുന്നത്. കൂടാതെ, സംസ്ഥാനത്തെ ഭൂപ്രദേശത്തെക്കുറിച്ച് പൊതുവിലൊരു ധാരണ നല്‍കുന്നതിനുവേണ്ടിയുള്ള ഭൂഭ്രംശ അപകടസാധ്യതാ മേഖലകളെ സ്ഥലസംബന്ധിയായി തിരിച്ചും ഭൂവിനിയോഗ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതെല്ലാം സമഗ്രമായി തന്നെ മാപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. രാജ്യത്താദ്യമായി കേരളത്തിലാണ് ഇത്തരമൊരു സാങ്കേതിക വിദ്യ നടപ്പിലാകുന്നതെന്ന് സോയില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എ നിസാമുദ്ദീന്‍ സിറാജിനോട് പറഞ്ഞു.
കണ്ണൂര്‍ ജില്ലയുടെ മാപ്പിംഗ് പ്രവൃത്തി അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. വയനാട്, കോട്ടയം ജില്ലകളുടെ വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ദിവസം തന്നെ തൃശൂരിലും ഭൂവിഭവ മാപ്പിന്റെ സാങ്കേതിക പ്രവൃത്തികള്‍ തുടങ്ങുമെന്നും നിസാമുദ്ദീന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുഴുവന്‍ ജില്ലകളുടെ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനാകുന്ന നടപടികളാണ് അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
മുഴുവന്‍ ജില്ലകളുടെയും മാപ്പ് പ്രസിദ്ധീകൃതമായാല്‍ കേരളത്തില്‍ തണ്ണീര്‍ത്തടങ്ങളില്‍ സംഭവിക്കുന്ന ശോഷണത്തിന്റെ അളവും വ്യാപ്തിയുമുള്‍പ്പെടെ അറിയാന്‍ ഭൂവിഭവവിവര സംവിധാനംകൊണ്ട് സാധ്യമാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്.