Connect with us

International

തുര്‍ക്കിയില്‍ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി

Published

|

Last Updated

ഇസ്തംബൂള്‍: ഗെസി പാര്‍ക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഇസ്തംബൂളില്‍ ആരംഭിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പാര്‍ക്ക് നിലകൊള്ളുന്ന ഇസ്തംബൂളിലും തലസ്ഥാനമായ അങ്കാറയിലും പ്രക്ഷോഭകരും പോലീസും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നു. വിവാദമായ പാര്‍ക്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ കോടതി നടപടിയുണ്ടാകും വരെ നിര്‍ത്തിവെക്കാമെന്ന് പ്രധാനമന്ത്രി ഉര്‍ദുഗാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പാര്‍ക്ക് കൈയ്യേറുകയെന്ന ഉറച്ച നിലപാടുമായി പ്രക്ഷോഭകര്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാര്‍ക്കിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയിരക്കണക്കിന് പ്രക്ഷോഭകരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയുമുപയോഗിച്ച് നേരിട്ടു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
പുനരുദ്ധാരണ പ്രവൃത്തിക്ക് കോടതി അംഗീകാരം നല്‍കിയാലും ഹിത പരിശോധനക്ക് ശേഷമേ പ്രവൃത്തി നടത്തുകയുള്ളുവെന്ന ഉര്‍ദുഗാന്റെ തീരുമാനം അംഗീകരിക്കാന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന തഖ്‌സീം സോളിഡാരിറ്റിയെന്ന സംഘടന തയ്യാറായില്ല. ഇതോടെ പ്രക്ഷോഭകര്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇസ്തംബൂളിലെ പ്രക്ഷോഭത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും അങ്കാറയില്‍ നടന്ന പ്രകടനങ്ങള്‍ കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചു.

Latest